പത്തനംതിട്ട: പ്രമാദമായ ഷാർജ സെക്സ് റാക്കറ്റ് കേസിലെ ഒന്നാം പ്രതി കുലശേഖരപതി കൊപ്ലിവീട്ടിൽ സൗദ ബീവി (53)മരണത്തിന് കീഴടങ്ങി. കുലശേഖരപതിയിലെ സ്വന്തം വീട്ടിൽ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. ഇന്നലെ വൈകിട്ട് തന്നെ സൗദയുടെ മൃതദേഹം കബറടക്കി. പൊലീസോ രഹസ്യാന്വേഷണ വിഭാഗമോ മരണം നടന്നത് അറിഞ്ഞിട്ടില്ല.

അവരെ അറിയിക്കാതെയാണ് കബറടക്കവും നടത്തിയത്. ഷാർജയിലേക്ക് മുന്നൂറിൽപ്പരം പെൺകുട്ടികളെ കൊണ്ടു പോയി സെക്സ് റാക്കറ്റിന് കൈമാറിയെന്നായിരുന്നു ഇവർക്കെതിരായി ഉണ്ടായിരുന്ന കേസ്. സൂപ്പർ മാർക്കറ്റിൽ ജോലിക്കെന്ന് പറഞ്ഞ് കൊണ്ടുപോവുകയും അവിടെ എത്തുമ്പോൾ സെക്സ് റാക്കറ്റിന് നൽകുകയുമാണ് ചെയ്തിരുന്നത്. കാസർകോഡ് നീലേശ്വരം ആലമ്പാടി ചാലക്കര(50), സൗദയുടെ മകൾ ഷെമിയ (റാണി) (35) എന്നിവരായിരുന്നു ഈ കേസിലെ രണ്ടും മൂന്നും പ്രതികൾ.

ഇവരുടെ കൈയിൽ നിന്ന് രക്ഷപ്പെട്ട കുലശേഖരപതി സ്വദേശിയായ യുവതി 2007 ൽ പത്തനംതിട്ട പൊലീസിൽ ഇതു സംബന്ധിച്ച് പരാതി നൽകി. സൗദയുടെ സഹോദരന്റെ അടുപ്പക്കാരായിരുന്ന അന്നത്തെ ചില ഉദ്യോഗസ്ഥർ കേസ് എടുത്തില്ല. ഷാർജയിൽ നടന്ന കുറ്റത്തിന് കേസ് എടുക്കാൻ തങ്ങൾക്ക് വകുപ്പില്ലെന്നായിരുന്നു ഇവരുടെ വാദം. പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചതോടെ കഥ മാറി. പൊലീസിനെ നിശിതമായി വിമർശിച്ച കോടതി ഐജിയായിരുന്ന പത്മകുമാറിനോട് അന്വേഷണ മേൽനോട്ടം വഹിക്കാൻ ആവശ്യപ്പെട്ടു. എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റ് ചെയ്യാനും ആവശ്യപ്പെട്ടു.