ഴിമതിയോടും നികുതിവെട്ടിപ്പിനോടും സന്ധി ചെയ്യില്ലെന്ന പ്രഖ്യാപനവുമായി മുന്നേറുകയാണ് സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എന്ന എംബിഎസ്. രാജകുടുംബാംഗങ്ങളും വിദേശികളുമടക്കം ഒട്ടേറെപ്പേരെ തടവിലിട്ട എംബിഎസ്, നികുതി വെട്ടിപ്പുകാരോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ഓരോ പ്രവർത്തിയിലൂടെയും തെളിയിക്കുന്നു. കോടിക്കണക്കിന് ഡോളർ നികുതിയിനത്തിൽ രാജ്യത്തിന് നൽകാനുള്ള കുവൈറ്റി ബിസിനസുകാരന്റെ വീടുകളും കാറുകളും ലേലം ചെയ്ത് ഖജനാവിലേക്ക് ചേർക്കാനാണ് എംബിഎസ് കൈക്കൊണ്ട ഏറ്റവുമൊടുവിലത്തെ തീരുമാനം.

മാൻ അൽ സനീയ എന്ന കുവൈറ്റി ബിസിനസുകാരന്റെ വസ്തുവകകളാണ് സൗദി കണ്ടുകെട്ടുന്നത്. നവംബറിൽ രാജകുടുംബാംഗങ്ങളടക്കം ഒട്ടേറെപ്പേരെ തടവിലാക്കിയ സൗദി ഭരണകൂടത്തിന്റെ നടപടികളുടെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവവും. കോടിക്കണക്കിന് ഡോളർ നികുതിയടച്ചും സ്വത്തുക്കൾ സർക്കാരിന് കൈമാറിയും അന്ന് തടവിലായവരിൽ ഭൂരിപക്ഷവും പുറത്തുവന്നിട്ടുണ്ട്. ശേഷിക്കുന്നവർ റിയാദിലെ പഞ്ചനക്ഷത്ര ഹോ്ട്ടലിൽ തടവിൽ കഴിയുകയാണ് ഇപ്പോഴും.

കേവലം നികുതി വെട്ടിപ്പ് കേസ് മാത്രമല്ല മാൻ അൽ സനീയയുടേത്. ഒരിക്കൽ ലോകത്തെ 100 അതിസമ്പന്നരിലൊരാളായിരുന്നു സനീയ. 2007-ൽ ഫോബ്‌സ് മാസിക പ്രസിദ്ധികരിച്ച പട്ടികയിൽ അദ്ദേഹവുമുണ്ടായിരുന്നു. എന്നാൽ, പിന്നീട് ബിസിനസിൽ നേരിട്ട തകർച്ച സനീയയെ കടക്കാരനാക്കി. തന്റെ കമ്പനിയായ സാദ് ഗ്രൂപ്പിനുണ്ടായ കടം പെരുകിയതോടെ അദ്ദേഹത്തിന് നിൽക്കക്കള്ളിയില്ലാതായി. കഴിഞ്ഞവർഷം ഒടുവിൽ സനീയയെ പൊലീസ് അറസ്റ്റ് ചെയ്തു.

സൗദി അറേബ്യയുടെ കിഴക്കൻ തീരത്തുള്ള വീട്ടിൽനിന്നാണ് സനീയ അറസ്റ്റിലായത്. കുടുംബത്തിന്റെ പേരിലുണ്ടായിരുന്ന ബാങ്കുകളിലൊന്ന് 2009-ൽ തകർന്നതോടെയാണ് സനീയ ഗ്രൂപ്പിന്റെ കഷ്ടകാലം തുടങ്ങിയത്. ഭാര്യയുടെ മാതാപിതാക്കളുമായുണ്ടായ അകൽച്ചയും കുടുംബാംഗങ്ങൾ കൈയൊഴിഞ്ഞതും അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യത്തെ തകർത്തു. കുടുംബത്തെയും ബാങ്കിലെ കസ്റ്റമർമാരെയും സനീയ വഞ്ചിക്കുകയായിരുന്നുവെന്ന് കാട്ടി, കുടുംബാംഗങ്ങളിലൊരാൾ പരാതിയുമായി രംഗത്തെത്തുകയും ചെയ്തു.

ലോകത്തിന്റെ പലഭാഗങ്ങളിലായി സനീയയും ഭാര്യാകുടുംബവുമായുള്ള കേസുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ, സൗദിയിലെ കടം പെരുകിയതോടെ സനീയക്കെതിരായ നിയമനടപടികൾ സർക്കാരും ആരംഭിച്ചു. ഒമ്പത് വർഷത്തോളമായി നീണ്ടുനിൽക്കുന്ന നിയമനടപടികളുടെ ഭാഗമായാണ് സനീയയെ അറസ്റ്റ് ചെയ്തത്. 10 ബില്യൺ ഡോളറിലേറെ കടം സനീയക്കുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത് അദ്ദേഹത്തിന്റെ പേരിലുള്ള വസ്തുവകകൾ ലേലം ചെയ്ത് കണ്ടെത്താനുള്ള ശ്രമത്തിലാണ് സർക്കാർ.

കണ്ടുകെട്ടിയ വസ്തുവകകൾ ലേലം ചെയ്ത് വിൽക്കാൻ എത്ഖ്വാൻ അലയൻസ് എന്ന സ്ഥാപനത്തെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. അൽ സനീയ ഗ്രൂപ്പിന്റെ സൗദിയിലുള്ള വസ്തുവകകളാണ് ഇപ്പോൾ വിൽക്കുക. ഇതിൽ വീടുകളും സ്ഥലങ്ങളും ആഡംബര കാറുകളും പെടും. ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ ലേലനടപടികൾ നടക്കുമെന്നാണ് സൂചന. സാദ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ സൗദിയിൽ 20-ലേറെ സ്ഥലങ്ങളുണ്ട്. ഖോബാർ മേഖലയിലാണ് ഇവയിലേറെയും. ഭൂമി മാത്രമായി ഒരുബില്യൺ ഡോളറിലേറെ വരുന്ന സ്വത്ത് സനീയയ്ക്കുണ്ടെന്നാണ് കണക്കാക്കുന്നത്.