കിരീടാവകാശിയിയി മുഹമ്മദ് ബിൻ സൽമാൻ വന്നതുമുതൽ സൗദിയിലെ സ്ത്രീകൾക്ക് നല്ലകാലമാണ്. ആദ്യം വാഹനമോടിക്കാനുള്ള സ്വാതന്ത്ര്യവും പിന്നീട് ഫുട്‌ബോൾ മത്സരങ്ങൾ സ്‌റ്റേഡിയങ്ങളിൽപ്പോയി കാണാനുള്ള സ്വാതന്ത്ര്യവും കിട്ടി. പുരുഷബന്ധുവിന്റെ അനുമതിയില്ലാതെ വ്യവസായം തുടങ്ങാനുള്ള സ്വാതന്ത്ര്യവും പിന്നാലെ കിട്ടി. ഇങ്ങനെ, ഓരോ സ്വാതന്ത്ര്യങ്ങളായി കിട്ടിയതോടെ അത് സമൂഹത്തിൽ പ്രകടിപ്പിക്കാനും തുടങ്ങിയിരിക്കുകയാണ് സൗദിയിലെ യുവതികൾ.

ജിദ്ദയിലെ ഫോർ സ്റ്റാർ ഹോട്ടലിൽ നടന്ന ഈ സംഭവം ആ സ്വാതന്ത്ര്യ പ്രകടനത്തിന് തെളിവാണ്. ഭക്ഷണം ഇഷ്ടപ്പെടാതിരുന്നതിന് ഷെഫിനെ വിളിച്ചിറക്കി ഒരു യുവതി ശരിക്ക് പെരുമാറുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഷെഫിനുനേർക്ക് ആദ്യം ഷൂ വലിച്ചെറിയുകയും പിന്നീട് കരാട്ടെ കിക്കുകളിലൂടെ അയാളെ നിലംപരിശാക്കുകയും ചെയ്തു. ജിദ്ദയിലെ അബു സെയ്ദ് ഹോട്ടലിലെ ഷെഫിനുനേർക്കാണ് ഈ ആക്രമണം ഉണ്ടായത്.

അടുക്കളയിൽനിന്നും വിളിച്ചിറക്കിയായിരുന്നു പ്രകോപനമേതുമില്ലാതെയുണ്ടായ ആക്രമണം. വന്നയുടൻ യുവതി തന്റെ ചെരിപ്പ് ഷെഫിന് നേർക്ക് വലിച്ചെറിഞ്ഞു. ചെരിപ്പുകൊണ്ടുള്ള പ്രയോഗം ഗൾഫിലും പശ്ചിമേഷ്യയിലും കടുത്ത അധിക്ഷേപമായാണ് പരിഗണിക്കുന്നത്. ചെരിപ്പ് ദേഹത്തുകൊള്ളുന്നതിൽനിന്ന് ഒഴിഞ്ഞുമാറാനായെങ്കിലും പിന്നീടുണ്ടായ തൊഴികളിൽനിന്ന് രക്ഷപ്പെടാൻ പാവം ഷെഫിനായില്ല. യുവതി തന്റെ കരാട്ടെ വൈഭവം അയാളുടെ ദേഹത്ത് തീർത്തു.

സഹപ്രവർത്തകരും ഹോട്ടലിലുണ്ടായിരുന്ന മറ്റുള്ളവരും നോക്കിനിൽക്കെയാണ് പർദയണിഞ്ഞ യുവതി ഷെഫിനെ കൈകാര്യം ചെയ്തത്. എന്താണ് സംഭവിക്കുന്നതെന്ന് കുറേനേരത്തക്ക് ആർക്കും മനസ്സിലായതുപോലുമില്ല. ഷെഫിനെ രക്ഷിക്കാനെത്തിയയാൾക്കുനേരെയും യുവതി കൈവീശിയെങ്കിലും അയാൾ ഒഴിഞ്ഞുമാറി. ലൈവ്‌ലീക്കിൽ വന്ന വീഡിയോയിൽ എന്താണ് യുവതിയെ ഇത്രയേറെ  പ്രകോപിപ്പിച്ചതെന്ന് വ്യക്തമാകുന്നില്ല.

അബു സെയ്ദ് ഹോട്ടലിലെ ഭക്ഷണത്തെച്ചൊല്ലിയാകില്ല ഈ മർദനമെന്ന് വിലയിരുത്തപ്പെടുന്നു. കാരണം, ട്രിപ്പ് അഡൈ്വസറിൽ 4.5 റേറ്റിങ്ങുള്ള ഭക്ഷണമാണ് ഇവിടുത്തേത്. സൗദിയിൽ പല ഹോട്ടലുകളിലും സ്ത്രീകൾ തനിച്ചുവരുന്നതിന് വിലക്കുണ്ട്. തനിച്ചുവരുന്ന സ്ത്രീകളുടെ പെരുമാറ്റം ശരിയല്ലെന്നാരോപിച്ചാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.