ബ്രിട്ടനിലെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കാന്റർബറി ആർച്ച് ബിഷപ്പിനെ അരമനയിലെത്തി നേരിൽക്കണ്ടു. സൗദി അറേബ്യയിൽ ക്രൈസ്തവർക്കെതിരേ നടക്കുന്ന പീഡനങ്ങളിലും യെമനിലെ മനുഷ്യാവകാശ ധ്വംസനങ്ങളിലുമുള്ള പ്രതിഷേധം സൗദി രാദകുമാരനെ ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി നേരിട്ടറിയിച്ചു. സൗദി കിരീടാവകാശിയായി ചുമതലയേറ്റശേഷം ആദ്യമായി ബ്രിട്ടൻ സന്ദർശിക്കുകയാണ് മുഹമ്മദ് ബിൻ സൽമാൻ.

സൗദി അറേബ്യയയിൽ ക്രൈസ്തവർ നേരിടുന്ന ആരാധനാ സ്വാതന്ത്ര്യമില്ലായ്മയിലെ ആശങ്കകൾ ആർച്ച് ബിഷപ്പ് സൗദി രാജകുമാരനുമായി പങ്കുവെച്ചുവെന്ന് ആർച്ച്ബിഷപ്പിന്റെ ആസ്ഥാനമായ ലാംബെത്തുകൊട്ടാരത്തിലെ വക്താവ് പറഞ്ഞു. ആരാധനാ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബ്രിട്ടനെ ഉദാഹരണമാക്കി അദ്ദേഹ സൗദി രാജകുമാരനെ ബോധ്യപ്പെടുത്തി. യെമനിലെ ആഭ്യന്തര കലാപത്തിന്റെ ദുരിതം പേറുന്ന സാധാരണക്കാരെ രക്ഷിക്കാനുള്ള സാധ്യതകളും അദ്ദേഹം ആരാഞ്ഞുവെന്നും വക്താവ് പറഞ്ഞു.

വ്യത്യസ്ത വിഭാഗത്തിൽപ്പെട്ട വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കുന്നതിനായി യത്‌നിക്കുമെന്ന ഉറപ്പ് മുഹമ്മദ് ബിൻ സൽമാൻ നൽകിയതായി വക്താവ് പറഞ്ഞു. യെമനിലെ സൗദി ഇടപെടലിനെയും സൗദിയിലെ മനുഷ്യാവകാശ ധ്വംസനങ്ങളെയും എതിർക്കുന്നവർ നടത്തുന്ന കടുത്ത പ്രതിഷേധങ്ങൾക്ക് നടുവിലാണ് മുഹമ്മദ് ബിൻ സൽമാന്റെ ബ്രിട്ടൻ സന്ദർശനം. ഈ സാഹചര്യത്തിൽ, അദ്ദേഹവും ആർച്ച് ബിഷപ്പുമായുള്ള കൂടിക്കാഴ്ച സവിശേഷ ശ്രദ്ധയാകർഷിക്കുന്നതാണ്.

വിമർശനമുയരുന്നുണ്ടെങ്കിലും ബ്രിട്ടനിലാദ്യമായി എത്തിയ സൗദി കിരീടാവകാശിക്ക് ചുവപ്പ് പരവതാനി വിരിച്ചുള്ള സ്വീകരണമാണ് സർക്കാർ ഒരുക്കിയത്. ബ്രിട്ടീഷ് രാജ്ഞിയുമൊത്ത് ബക്കിങ്ങാം കൊട്ടാരത്തിൽ ഉച്ചഭക്ഷണം കഴിക്കാനുള്ള അപൂർവാവസരവും അദ്ദേഹത്തിന് ലഭിച്ചു. സാധാരണ ലോകനേതാക്കളുടെ സന്ദർശനത്തിൽ ഇത്തരമൊരു സ്വീകരണം പതിവില്ല. രാത്രി ചാൾസ് രാജകുമാരനുമൊത്ത് അത്താഴ വിരുന്നിലും മുഹമ്മദ് ബിൻ സൽമാൻ പങ്കെടുത്തു.

പ്രധാനമന്ത്രി തെരേസ മേയുമായുള്ള കൂടിക്കാഴ്‌ച്ചയും ഊഷ്മളമായിരുന്നു. ലേബർപാർട്ടിയുടെ ഷാഡോ കാബിനറ്റിലെ മന്ത്രിമാരുൾപ്പെടെ ഡൗണിങ് സ്ട്രീറ്റിൽ കടുത്ത പ്രതിഷേധം നടത്തുന്നതിനിടെയായിരുന്നു ഇരുനേതാക്കളുടെയും കൂടിക്കാഴ്ച. ബ്രിട്ടനുമായി 65 ബില്യൺ പൗണ്ടിന്റെ വ്യാപാര-നിക്ഷേപ പാക്കേജ് സൗദി രാജകുമാരൻ വാഗ്ദാനം ചെയ്തു. ഇരുരാജ്യങ്ങളുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്താനും തെരേസ-എംബിഎസ് കൂടിക്കാഴ്ചയിൽ ധാരണയായി.

യെമനിലെ യുദ്ധത്തിൽ സൗദി ഇടപെടുന്നതിലും അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിലുമുള്ള ആശങ്ക തെരേസ മേയും കൂടിക്കാഴ്ചയ്ക്കിടെ ഉന്നയിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ യെമനിൽ ലംഘിക്കപ്പെടുന്നതായും തെരേസ ചർച്ചയിൽ ഉന്നയിച്ചു. മൂന്നുദിവസത്തെ സന്ദർശനത്തിനായി ബ്രിട്ടനിലെത്തിയ മുഹമ്മദ് ബിൻ സൽമാനെ കടുത്ത പ്രതിഷേധങ്ങളാണ് എവിടെയും വരവേറ്റത്. എന്നാൽ, അത്തരം പ്രതിഷേധങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല എന്നത് ശ്രദ്ധേയമാണ്.