- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രസവ ശേഷം ഭാര്യ മരിച്ചു; പ്രവാസി ഹൗസ് ഡ്രൈവറുടെ കുഞ്ഞിനെ സ്വന്തം മകളെപ്പോലെ സംരക്ഷിച്ച് സ്പോൺസറായ സൗദി പൗരൻ; കുഞ്ഞു റഹ്മ കളിചിരിയുമായി വീട്ടിൽ വളരുന്നു

റിയാദ്: പ്രസവത്തോടെ അമ്മ മരിച്ച കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്തു സൗദി പൗരൻ. ഹൗസ് ഡ്രൈവറുടെ കുഞ്ഞിനെയാണ് സ്വന്തം മകളെ പോലെ സൗദി പൗരൻ സംരക്ഷിക്കുന്നത്. അമ്മ മരിക്കുമ്പോൾ റഹ്മയ്ക്ക് പ്രായം ഒരാഴ്‌ച്ച മാത്രമാണ്. ഭാര്യയെ നഷ്ടപ്പെട്ട വേദനയോടൊപ്പം ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ എങ്ങനെ വളർത്തുമെന്നറിയാതെ വിഷമിച്ച ഹസൻ ആബിദീൻ എന്ന ബംഗ്ലാദേശ് സ്വദേശിക്കാണ് സ്‌പോൺസർ സഹായ ഹസ്തം നീട്ടിയത്.
സൗദി അറേബ്യയിലെ അൽ ജൗഫിൽ ആയിദ് അൽ ശമ്മാരിയുടെ വീട്ടിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയാണ് ഹസൻ ആബിദീൻ. മൂന്നു വർഷം മുമ്പാണ് ഹസൻ വിവാഹം കഴിച്ചത്. വിവാഹശേഷം ഭാര്യയെയും ആയിദ് അൽ ശമ്മാരിയുടെ വീട്ടിലേക്ക് കൊണ്ടുവന്നു. രണ്ടുപേരും ആ വീട്ടിൽ തന്നെ ജോലി ചെയ്ത് കഴിയുന്നതിനിടെ ഹസന്റെ ഭാര്യ ഗർഭിണിയാകുകയും അൽ ജൗഫ് ആശുപത്രിയിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ജീവിതത്തിലേക്ക് കടന്നു വന്ന ആദ്യത്തെ കുഞ്ഞിനെ അവർ റഹ്മ എന്ന് വിളിച്ചു. എന്നാൽ ആ സന്തോഷത്തിന് ദിവസങ്ങൾ മാത്രമാണ് ആയുസ്സുണ്ടായിരുന്നത്. റഹ്മയെ പ്രസവിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ ഹസന്റെ ഭാര്യ മരിച്ചു.
പ്രസവ സമയത്തെ സങ്കീർണതകളെ തുടർന്നായിരുന്നു മരണം. ഭാര്യയുടെ മൃതദേഹം അൽജൗഫിൽ തന്നെ ഖബറടക്കി. എന്നും ഖബറിനരികെ നിറകണ്ണുകളോടെ അയാൾ പ്രാർത്ഥിച്ചു. ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഭാവിയെ ഓർത്ത് ആശങ്കപ്പെടുമ്പോഴാണ് സ്പോൺസർ ആയിദ് അൽ ശമ്മാരി കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചത്.
അപ്പോഴേക്കും സ്പോൺസറുടെ ഭാര്യ ഉമ്മുസൈഫ് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. തുടർന്ന് രണ്ടു കുഞ്ഞുങ്ങളെയും സ്പോൺസറുടെ ഭാര്യ മുലയൂട്ടി വളർത്തി. കഴിഞ്ഞ ഒന്നര വർഷമായി റഹ്മയെ സ്വന്തം മകളായി കണ്ടുകൊണ്ട് അവർ വളർത്തുകയാണ്. മകളുടെ കളിയും ചിരിയും ആസ്വദിച്ച് ഹസനും ആ വീട്ടിൽ തുടരുന്നു.


