റിയാദ്: സൗദി അറേബ്യയിൽ പ്രാഥമിക വിദ്യാലയങ്ങളിലും നേരിട്ട് ക്ലാസ് തുടങ്ങൂന്നു. ഈ മാസം 23 മുതൽ ഇതടക്കം എല്ലാ ക്ലാസിലെയും വിദ്യാർത്ഥികൾക്കും ഓഫ് ലൈൻ ക്ലാസുകൾ മാത്രമേ ഉണ്ടാവൂ എന്ന് വിദ്യാഭ്യാസ, ആരോഗ്യവകുപ്പുകൾ അറിയിച്ചു.കോവിഡ് വ്യാപന ഭീഷണിയെ തുടർന്ന് ഇതുവരെ ആറാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്കായിരുന്നു നേരിട്ട് സ്‌കൂളുകളിലെത്തിയുള്ള ക്ലാസ്.

12 വയസ്സിന് താഴെയുള്ളവർക്ക് ഓൺലൈൻ പഠനം തുടരുകയായിരുന്നു. അവർക്ക് സ്‌കൂളുകളിൽ നേരിട്ടുള്ള ക്ലാസിന് അനുമതി നല്കിയിരുന്നില്ല. അതിനാണ് മാറ്റം വരാൻ പോകുന്നത്. ഈ മാസം 23 മുതൽ എല്ലാ വിദ്യാർത്ഥികളും സ്‌കൂളിൽ ഹാജരാകണമെന്നും ആരോഗ്യ കാരണങ്ങളാൽ എത്താൻ കഴിയാത്തവർക്ക് മാത്രം ഓൺലൈൻ ക്ലാസ് നടത്താമെന്നും മന്ത്രാലയങ്ങൾ വ്യക്തമാക്കി. സർക്കാർ, സ്വകാര്യ, ഇന്റര്നാഷണൽ, വിദേശ സ്‌കുളുകൾക്കെല്ലാം പുതിയ തീരുമാനം ബാധകമാണ്.