ലണ്ടൻ: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ കളിക്കാൻ അഡലെയ്ഡിൽ എത്തിയ സൗദി ഫുട്ബോൾ ടീം ലണ്ടൻ ആക്രമണത്തിൽ ഇരയായവർക്ക് വേണ്ടി ഒരു മിനുറ്റ് മൗനം പാലിക്കാൻ വിസമ്മതിച്ചുവെന്ന സംഭവം കൂടുതൽ വിവാദമാകുന്നു. പാശ്ചാത്യ മാധ്യമങ്ങൾ വിഷയം സൗദിയുടെ മര്യാദ ഇല്ലായ്മയെയും ശരിയ നിയമവുമായി കൂട്ടിക്കെട്ടിയാണ് വിമർശനം ഉന്നയിക്കുന്നത്. ഇതിനിടെ വഹാബി ആശയമാണ് സൗദി കളിക്കാരെയും വഴിതെറ്റിച്ചെന്ന് പറഞ്ഞ് ഒരു ഇസ്ലാം പുരോഹിതനും രംഗത്തെത്തി.

അവിശ്വാസിയെ മുസ്ലീങ്ങൾ കൊല്ലുന്നതിനെ എതിർക്കാൻ വയ്യെന്ന അഭിപ്രായപ്പെടുന്നവരാണ് സൗദിയിൽ ഉള്ളവർ. അവരുടെ വിശ്വാസം അതാണ്. അതുകൊണ്ടാണ് രക്തസാക്ഷികളായവരെ ആദരിക്കാത്തതെന്നാണ് ഷെയ്ഖ് മുഹമ്മദ് താഹിദി വിമർശനം ഉന്നയിച്ചു. സൗദി ടീം മൗനമാചരിക്കാത്തതിന്റെ പേരിൽ അവരെ കുറ്റപ്പെടുത്തേണ്ടതില്ലെന്നാണ് താഹിദി പറഞ്ഞിരിക്കുന്നത്. കാരണം അവരുടെ വിശ്വാസമാണ് ഇതിലെ വില്ലനായതെന്നാണ് ഷേഖ് പറയുന്നത്. കാരണം ഷരിയ നിയമം അനുസരിച്ച് മുസ്ലീങ്ങൾ അവിശ്വാസികളെ കൊല്ലുന്നത് പാപമല്ലെന്നുമാണ് സൗദി ഷെയ്ഖും ഇമാമുമായ മുഹമ്മദ് താഹിദി പ്രതികരിച്ചിരിക്കുന്നത്.- ഇക്കാര്യം ഡെയ്‌ലി ഓസ്‌ട്രേലിയയോടാണ് അദ്ദേഹം പ്രതികരിച്ചത്.

സൗദിയുടെ പ്രകോപനപരമായ ഈ നിലപാടിൽ കടുത്ത പ്രതിഷേധമാണ് അലയടിക്കുന്നത്. ഇന്നലെ രാത്രി നടന്ന മത്സരത്തിന് മുമ്പാണ് വിവാദമായ സംഭവം നടന്നത്. ലണ്ടൻ ആക്രമണത്തിന് ഇരയായവർക്ക് വേണ്ടി ഒരു മിനുറ്റ് മൗനം പാലിക്കാൻ നിർദ്ദേശിച്ചുവെങ്കിലും ഇത് മുസ്ലീങ്ങളുടെ സംസ്‌കാരമല്ലെന്ന് പറഞ്ഞ് സൗദി ടീം ഇതിന് വിസമ്മതിക്കുകയായിരുന്നുവെന്ന് സ്ഥിതീകരിച്ച് ഫുട്ബോൾ ഫെഡറേഷൻ ഓസ്ട്രേലിയ വക്താവ് രംഗത്തെത്തിയിട്ടുണ്ട്.

നിർദ്ദേശത്തെ തുടർന്ന് ഓസ്ട്രേലിയൻ ഫുട്ബോൾ ടീം ഹാഫ് വേ മാർക്കിനടുത്ത് വന്ന് നിരനിരയായി നിന്ന് മൗനമാചരിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. എന്നാൽ ആ സമയം സൗദി ടീം അതിനെ അവഗണിച്ച് കൊണ്ട് ഇരിക്കുന്നതാണ് കാണാൻ സാധിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ലണ്ടനിൽ ജിഹാദികൾ നടത്തിയ ഭീകരാക്രമണത്തിൽ മരിച്ച എട്ട് പേരുടെ പ്രത്യേകിച്ച് രണ്ട് ഓസ്ട്രേലിയൻ സ്ത്രീകളുടെ ഓർമക്കായി ഒരു മിനുറ്റ് മൗനം ആചരിക്കാനുള്ള സമ്മതം ഏഷ്യൻ ഫുട്ബോൾ കോൺഫറേഷൻ(എഎഫ്സി),സൗദി നാഷണൽ ടീം എന്നിവയിൽ നിന്നും ഫുട്ബോൾ ഫെഡറേഷൻ ഓസ്ട്രേലിയ തേടിയിരുന്നുവെന്നും വക്താവ് വെളിപ്പെടുത്തുന്നു.

ഇതിനെ തുടർന്ന് എഎഫ്സിയും സൗദി ടീമും ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ കാര്യത്തോടടുത്തപ്പോൾ ഇത് തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് പറഞ്ഞ് സൗദി ടീം ഒഴിഞ്ഞ് മാറുകയായിരുന്നു. സൗദിയുടെ ഈ ധിക്കാരപരമായ നടപടിയിൽ കനത്ത പ്രതിഷേധം പ്രകടിപ്പിച്ച് ഓസ്ട്രേലിയൻ, ബ്രിട്ടീഷ് ഫുട്ബോൾ ആരാധകർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. എന്നാൽ മരിച്ചവരെ ഓർമിച്ച് ഒരു മിനുറ്റ് മൗനമാചരിക്കുകയെന്നത് ഇസ്ലാമിക് സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് പറഞ്ഞ് സൗദി ടീമിനെ ന്യായീകരിച്ച് സൗദി ആരാധകർ രംഗത്തെത്തുകയും ചെയ്തിരുന്നു.

ശനിയാഴ്ച നടന്ന ലണ്ടൻ ഭീകരാക്രമണത്തിൽ ഓസ്ട്രേലിയക്കാരായ നാനി സാറ സെലെനെക്, നഴ്സ് ക്രിസ്റ്റി ബോഡെൻ എന്നിവരുൾപ്പെടെ എട്ട് പേരാണ് മരിച്ചത്. സൗദി ടീമിലെ കളിക്കാർ മനസ് കൊണ്ട് ജിഹാദികൾക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും ഓസ്‌ട്രേലിയക്കാരനായ ഷെയ്ഖ് മാധ്യമങ്ങളോട് പറഞ്ഞു.

ഓസ്ട്രേലിയയ്ക്കെതിരേ നടന്ന ഏഷ്യൻ മേഖലാ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ട് ബി ഗ്രൂപ്പ് മത്സരത്തിലാണു സംഭവം. കിക്കോഫിനു മുമ്പാണ് ഒരു മിനിട്ട് മൗനമാചരിക്കാൻ നിർദ്ദേശം വന്നത്. ഓസ്ട്രേലിയൻ ടീം കൈകോർത്ത് അർധ വൃത്താകൃതിയിൽ നിന്നു മൗനമാചരിച്ചപ്പോൾ സൗദി ടീം കളിക്കാനായി തയ്യാറെടുക്കുകയായിരുന്നു.

ചില താരങ്ങൾ കൈകെട്ടി നിന്നപ്പോൾ മറ്റു ചിലർ വ്യായാമത്തിലേർപ്പെട്ടു. സൗദിയുടെ റിസർവ് താരങ്ങളും മൗനമാചരിക്കാൻ വിസമ്മതിച്ചു. ലണ്ടൻ ബ്രിഡ്ജിലും സമീപത്തെ ബോറോ മാർക്കറ്റിലും നടന്ന ഭീകരാക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു.
സൗദിയുടെ പ്രതിഷേധം വകവയ്ക്കാതെയാണ് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ മൗനാചരണത്തിന് അനുമതി നൽകിയയെന്നാണു സൂചന. മൗനാചരണത്തിന് വിസമ്മതിച്ച സൗദി ടീമിനെതിരേ ഫിഫ നടപടിയെടുക്കണമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ആവശ്യമുയർന്നിട്ടുണ്ട്. അഡ്ലെയ്ഡ് ഓവലിലെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഓസ്ട്രേലിയ സൗദിയെ 3-2 നു തോൽപ്പിച്ചു.