യുഎന്നിന്റെ രൂപീകരണമെന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും മഹത്തായ സംഭവമെന്ന നിലയിലാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ലോകനേതാക്കൾ ഒത്ത് കൂടിയ ആ വേദിയിൽ സ്റ്റാർവാർ കഥാപാത്രം ജേഡി മാസ്റ്റർ യോദയുമെത്തിയിരുന്നോ....???സൗദിയിലെ ഫൈസൽ രാജാവ് യുഎൻ ചാർട്ടറിൽ ഒപ്പിടാൻ നേരം തൊട്ടടുത്ത് യോദ ഇരിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നതിനെ തുടർന്നാണ് ഈ ചോദ്യം ഉയർന്ന് വന്നിരിക്കുന്നത്. സൗദിയെ അപമാനിക്കാൻ വേണ്ടി ശത്രുക്കൾ അച്ചടിച്ചിറക്കിയ ചിത്രമല്ലിത്. മറിച്ച് സൗദി തന്നെ അച്ചടിച്ച് ഇറക്കിയ ചരിത്രപുസ്തകത്തിലാണീ ചിത്രമുള്ളത്. എന്നാൽ തങ്ങൾക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞതോടെ ഈ പാഠപുസ്തകങ്ങൾ മുഴുവൻ തിരക്കിട്ട് പിൻവലിച്ച് മുഖം രക്ഷിക്കാൻ ശ്രമിച്ചിരിക്കുകയാണ് സൗദിയെന്നും റിപ്പോർട്ടുണ്ട്.

സൗദിയിലെ രാജഭരണത്തിന്റെ ഒരു ഭാഗം ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് ഈ ചിത്രം പുസ്തകത്തിൽ അച്ചടിച്ചിരുന്നത്. ഇത്തരത്തിൽ ഗുരുതരമായ തെറ്റ് പാഠപുസ്തകത്തിൽ വന്നതിൽ മിനിസ്ട്രി ഓഫ് എഡ്യുക്കേഷൻ ഖേദിക്കുന്നുവെന്നാണ് സൗദി വിദ്യാഭ്യാസ മന്ത്രിയായ അഹമ്മദ് അൽഇസ്സ പ്രതികരിച്ചിരിക്കുന്നത്. അച്ചടിപ്പിശക് വന്ന പുസ്തകങ്ങളെല്ലാം പിൻവലിച്ചുവെന്നും തെറ്റ് തിരുത്തിയ പുതിയ പതിപ്പുകൾ അച്ചടിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഈ തെറ്റിന്റെ ഉറവിടത്തെപ്പറ്റിയും അതിന്റെ ഉത്തരവാദിത്വമാർക്കാണെന്നറിയാനും ഉചിതമായ നടപടികൾ സ്വീകരിക്കാനുമായി ഒരു ലീഗൽ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ടെന്നും ഇസ്സ വിശദമാക്കുന്നു.

അബ്ദുള്ളാ അൽഷെറി എന്ന 26കാരനായ ആർട്ടിസ്റ്റാണ് ഈ ചിത്രം ഡിസൈൻ ചെയ്തിരുന്നത്. താനാണിത് ഡിസൈൻ ചെയ്തിരിക്കുന്നതെന്നും എന്നാൽ പുസ്തകത്തിൽ ഇത് ഉൾപ്പെടുത്തിയത് താനല്ലെന്നുമാണ് ഷെറി ന്യൂയോർക്ക് ടൈംസിനോട് പ്രതികരിച്ചിരിക്കുന്നത്. ഷാവീഷ് എന്ന തൂലികാനാമത്തിൽ ചിത്രം വരയ്ക്കുന്ന ഷെറി അറബ് ചരിത്രത്തിലെ പ്രധാന മുഹുർത്തങ്ങളെ സിനിമകളിലെ കഥാപാത്രങ്ങളുമായി വകതിരിവോടെ കൂട്ടിച്ചേർത്ത് പുറത്തിറക്കിയ പരമ്പരയിലെ ഒരു ചിത്രമായിട്ടായിരുന്നു ഇതും ഡിസൈൻ ചെയ്തിരുന്നത്. ഈ സീരിസിൽ പെട്ട മറ്റൊരു ചിത്രത്തിൽ 1919ലെ പാരീസ് സമാധാന കോൺഫറൻസിൽ ഡാർത്ത് വാദർ ലോറൻസ് ഓഫ് അറേബ്യയ്ക്കൂം ഇറാഖ് രാജാവിനും പിന്നിൽ നിൽക്കുന്നത് കാണാം.

മറ്റൊരു ചിത്രത്തിൽ ക്യാപ്റ്റൻ അമേരിക്കയിൽ ഒരു അറബ് ബാലൻ ഒരു ട്രക്കിന്റെ പുറക് വശത്ത് താഴോട്ട് നോക്കി നിൽക്കുന്നതും ഷെറി ചിത്രീകരിച്ചിട്ടുണ്ട്. യോദയെയും രാജാവിനെയും താൻ ഒരു ചിത്രത്തിൽ ഉൾപ്പെടുത്തിയത് രണ്ട് പേരും അപാര ബുദ്ധിയുള്ളവരായതിനാലാണെന്നാണ് ഷെറി വിശദീകരിക്കുന്നത്. യോദയുടെ പച്ച തൊലി സൗദിയുടെ പച്ച പതാകയുമായി ഒത്ത് പോകുന്നതും ഇതിനുള്ള കാരണമായി ഷെറി ഉയർത്തിക്കാട്ടുന്നു. പുസ്‌കത്തിൽ തന്റെ ഈ ചിത്രം ഉൾപ്പെടുത്തിയത് ഷെറി അറിഞ്ഞത് അദ്ധ്യാപികയായ മാതാവ് ഇത് കണ്ട് സന്ദേശമയച്ചതിന് ശേഷമായിരുന്നു.