സൗദി അറേബ്യ സ്ത്രീകൾക്ക് ഏർപ്പെടുത്തിയിരുന്ന ഡ്രൈവിങ് നിരോധനത്തിനെതിരെ 1990കളിൽ കടുത്ത സമരം നടത്തുകയും അന്ന് ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്ത 47 സ്ത്രീകൾക്ക് ഇന്ന് ഹീറോ പരിവേഷമാണ് ലഭിച്ചിരിക്കുന്നത്. സ്ത്രീകൾ ഡ്രൈവ് ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന നിരോധനം കഴിഞ്ഞ മാസം സൗദിയിലെ സൽമാൻ രാജാവ് റദ്ദാക്കിയതിനെ തുടർന്ന് തങ്ങളുടെ അന്നത്തെ പ്രവൃത്തിയിൽ ഈ സ്ത്രീകൾ ഇന്ന് അഭിമാനം കൊള്ളുന്നുവെന്നാണ് റിപ്പോർട്ട്. തങ്ങൾ അന്ന് നടത്തിയ സമരം ഈ തീരുമാനത്തെ സ്വാധീനിച്ചുവെന്നാണ് ഇവർ അഭിമാനിക്കുന്നത്.

നിരോധനം നീങ്ങിയതിനെ തുടർന്ന് സൗദിയിലെങ്ങും ഡ്രൈവിങ് സ്‌കൂളുകളും കാർ കമ്പനി പരസ്യങ്ങളും കൂണ് പോലെ ഉയരാൻ തുടങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ വളയിട്ട കൈകളെ വളയം പിടിക്കാൻ അനുവദിച്ച നടപടിയിലൂടെ സൗദി അറേബ്യ 21ാം നൂറ്റാണ്ടിലേക്ക് കാലെടുത്ത് വയ്ക്കുകയാണ്. സൗദിയിലെ ഡ്രൈവിങ് നിരോധനം 1990കളിൽ ലംഘിക്കാൻ ഈ 47 സ്ത്രീകൾ മറ്റാരും കാണിക്കാത്ത ധൈര്യമായിരുന്നു പ്രകടിപ്പിച്ചിരുന്നത്. ഇവരുടെ സമരത്തെ അന്ന് സൗദിയിലെ യാഥാസ്ഥിതിക ഭരണകൂടം ക്രൂരമായി അടിച്ചമർത്തുകയായിരുന്നു.

ഇവരെ സാമൂഹികമായും കുടുംബപരമായും മതപരമായും ഇവിടുത്തെ ഇസ്ലാമിക പണ്ഡിതർ ഒറ്റപ്പെടുത്തുകയും തുടർന്ന് ജയിലിൽ അടയ്ക്കുകയുമായിരുന്നു. സ്ത്രീകൾക്ക് ഡ്രൈവ് ചെയ്യുന്നതിനുള്ള നിരോധനം നീക്കുന്നതിന് മുമ്പ് താൻ മരിക്കുമെന്നായിരുന്നു ഭയപ്പെട്ടിരുന്നതെന്നാണ് ഈ സമരത്തിനായുള്ള പദ്ധതി അന്ന് തയ്യാറാക്കിയിരുന്ന നൗറത്ത് അൽഗാനെം വെളിപ്പെടുത്തുന്നത്. നിലവിൽ 61 വയസുള്ള നൗറത്തിന് അഞ്ച് പേരക്കുട്ടികളുമുണ്ട്. ഈ നിരോധനം നീക്കിയതിലൂടെ സൗദി അവസാനം 21ാം നൂറ്റാണ്ടിലേക്ക് കാലെടുത്ത് വച്ചിരിക്കുന്നുവെന്നും നൗറത്ത് എടുത്ത് കാട്ടുന്നു.

അന്ന് ഈ സ്ത്രീകൾക്കെതിരെ കടുത്ത നടപടികൾ എടുുത്തെങ്കിലും കാലത്തിനനുസരിച്ച് മാറാൻ അധികം വൈകാതെ സൗദി നിർബന്ധിതമായിത്തീരുകയായിരുന്നു. ആഗോളവൽക്കരണം, സോഷ്യൽ മീഡിയകളുടെ നിർണായകമായ സ്വാധീനം, സാമ്പത്തിക സമ്മർദം, രാജ്യത്തിന്റെ നേതൃത്വത്തിൽ വന്ന മാറ്റം തുടങ്ങിയവ ഇതിനെ കാര്യമായി സ്വാധീനിച്ചിരുന്നു. മാറിയ സന്ദർഭം പരമാവധി പ്രയോജനപ്പെടുത്താനായി രാജ്യത്തെ കാർനിർമ്മാതാക്കൾ മത്‌സരിക്കുന്നതായി കാണാം. സ്ത്രീകളെ ലക്ഷ്യം വച്ച് വിവിധ കാർ പരസ്യങ്ങൾ അവർ രാജ്യവ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

കാർ വാങ്ങുന്നതിനുള്ള ആകർഷകമായ സ്‌കീമുകളും വനിതകൾക്കായി അവർ ലഭ്യമാക്കാൻ തുടങ്ങിയിട്ടുമുണ്ട്. സ്ത്രീകളുടെ യൂണിവേഴ്‌സിറ്റി പോലും ഡ്രൈവിങ് സ്‌കൂൾ തുടങ്ങുന്ന കാര്യം പരിഗണിച്ച് വരുന്നുമുണ്ട്. നിരോധനം നീങ്ങിയതിനെ തുടർന്ന് നിരവധി വനിതാ ഡ്രൈവർമാർ രാജ്യത്തെ റോഡുകളിലിറങ്ങിയെന്ന് മാത്രമല്ല കഴിഞ്ഞ മാസം രാജ്യവ്യാപകമായി ഇതിന്റെ ആഘോഷം വിപുലമായി നടക്കുകയും ചെയ്തിരുന്നു. സ്ത്രീകളും പുരുഷന്മാരും ഡിജെ സംഘടിപ്പിച്ച് ഡാൻസ് ചെയ്തിരുന്നു.