വാട്സാപ്പിലൂടെ അന്യോന്യം അപമാനിച്ചുവെന്ന കുറ്റം ചുമത്തി സൗദിയയിൽ രണ്ട് സ്ത്രീകൾക്ക് പത്ത് വീതം ചാട്ടവാറടി വിധിച്ചു. സൗദിയിൽ സോഷ്യൽമീഡിയയിലെ നിസ്സാര കുറ്റങ്ങൾ പോലും ഗൗരവമായി എടുക്കുന്നുണ്ടെന്നാണ് ഈ സംഭവം നമ്മെ ഓർമിപ്പിക്കുന്നത്. വാട്സാപ്പ് ഗ്രൂപ്പിൽ അങ്ങോട്ടും ഇങ്ങോട്ടും പോര് കൂട്ടിയ രണ്ട് സ്ത്രീകൾക്കാണ് ഏറ്റവും പുതിയ സംഭവത്തിൽ പത്ത് ചാട്ടവാറടി വീതം കോടതി വിധിച്ചിരിക്കുന്നത്. അതിനാൽ സൗദിയിൽ ജോലി ചെയ്യുന്നവർ എത്ര പ്രകോപനം ഉണ്ടായാലും ഫേസ്‌ബുക്കിലും വാട്സാപ്പ് ഗ്രൂപ്പിലും സൂക്ഷിച്ച് ഇടപെട്ടില്ലെങ്കിൽ പെട്ട് പോകുമെന്ന് പ്രത്യേകം ഓർക്കുക.

ഈ വിധം ശിക്ഷക്കിരയായ സ്ത്രീകളുടെ പേര് വിവരങ്ങൾ വെളിപ്പെട്ടിട്ടില്ല. കഴിഞ്ഞ ആറ് മാസങ്ങൾക്കിടെ ഇത്തരം 220 സോഷ്യൽ മീഡിയ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ഓകാസ് ന്യൂസ് പേപ്പർ വെളിപ്പെടുത്തുന്നത്. സ്മാർട്ട് ഫോണ്, സോഷ്യൽ മീഡിയ എന്നിവയിൽ ചെയ്യുന്ന നിസ്സാര കുറ്റങ്ങളെ പോലും സൗദി ഗൗരവമായി കണക്കാക്കുന്നതാണ് ഇത്തരം കുറ്റങ്ങൾ പെരുകാൻ കാരണമായിരിക്കുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. മറ്റൊരു സംഭവത്തിൽ ഒരു സ്ത്രീയോട് അവരുടെ ഗ്ലാമർ നിറഞ്ഞ ഫോട്ടോകൾ പുറത്ത് വിടുമെന്ന് സോഷ്യൽ മീഡിയാ സന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തിയ പുരുഷനെയും സൗദിയിൽ ശിക്ഷാവിധേയനാക്കിയിരുന്നു.

ഇത്തരത്തിൽ ശക്തമായ നിയമങ്ങളും ശിക്ഷാവിധിയും നിരന്തരം നടക്കുമ്പോഴും ഇവിടുത്തെ നിയമങ്ങൾ ലംഘിച്ച് സോഷ്യൽ മീഡിയയെയും മറ്റും ദുരുപയോഗിക്കുന്നവർ പെരുകി വരുകയുമാണ്.33 കാരനായ ബ്ലോഗറായ റെയ്ഫ് ബദാവിക്ക് പത്ത് വർഷത്തെ ജയിൽ ശിക്ഷയും 1000 ചാട്ടവാറടിയും വിധിച്ച കേസ് അതിൽ ശ്രദ്ധേയമാണ്. ഫ്രീ സൗദി ലിബറൽസ് എന്ന വെബ്സൈറ്റ് സ്ഥാപിച്ച് പുരോഗമനപരമായ ആശയങ്ങൾ പ്രചരിപ്പിച്ചതാണ് ബദാവിയെ ശിക്ഷിക്കാൻ കാരണമായത്. സൗദിയിൽ സ്വതന്ത്ര സംസാരവും അഭിപ്രായം പ്രകടിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യവും അനുവദിക്കണമെന്നായിരുന്നു തന്റെ വെബ്സൈറ്റിലൂടെ അദ്ദേഹം നിരന്തരം ആവശ്യപ്പെട്ടിരുന്നത്. 2008ൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുകയായിരുന്നു.

തുടർന്ന് 2012ൽ ബദാവിയെ വീണ്ടും അറസ്റ്റ് ചെയ്തു. ഇലക്ട്രോണിക് ചാനലിലൂടെ ഇസ്ലാമിനെ അപമാനിച്ചുവെന്നായിരുന്നു ആരോപണം. 2014ൽ ഇയാൾക്ക് മേൽ കുറ്റം ചുമത്തുകയും ചെയ്തു. 1000 ചാട്ടവാറടി ശിക്ഷയുടെ ഭാഗമായുള്ള ആദ്യത്തെ 50 അടി 2015ൽ നൽകിയെങ്കിലും അയാളുടെ അനാരോഗ്യം കാരണം ആ ശിക്ഷ നീട്ടി വയ്ക്കേണ്ടി വന്നു. തുടർന്ന് അയാളുടെ ഭാര്യ എൻസാഫ് ഹൈദർ മൂന്ന് കുട്ടികളെയും കൊണ്ട് 2013ൽ കാനഡയ്ക്ക് രക്ഷപ്പെട്ടിരുന്നു. 50 അടി ലഭിച്ചതോടെ തന്റെ ഭർത്താവ് മരണത്തിന് അടുത്തെത്തിയിരുന്നുവെന്നാണ് ഈ യുവതി വെളിപ്പെടുത്തുന്നത്.

ട്വിറ്ററിൽ പ്രകോപനപരമായ സന്ദേശങ്ങൾ ഇട്ടുവെന്ന കുറ്റം ചുമത്തി കഴിഞ്ഞ വർഷം ജേർണലിസ്റ്റായ അല്ലാ ബ്രിൻജിയെ അഞ്ച് വർഷത്തേക്ക് തടവിലിട്ടിരുന്നു. കൂടാതെ എട്ട് വർഷത്തേക്ക് ഇയാൾക്ക് മേൽ സഞ്ചാരവിലക്കും ഏർപ്പെടുത്തിയിരുന്നു. സൗദി ഭരണാധികാരികളെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചുവെന്നായിരുന്നു അല്ലായ്ക്ക് മേലുള്ള കുറ്റം.