സൗദി കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ അഥവാ എംബിഎസ് അഴിമതിയെ തുരത്താനായി മുന്നിട്ടിറങ്ങിയപ്പോൾ ഈ മാസം ആദ്യം അഴിമതിക്കുറ്റത്തിന് നിരവധി സൗദി രാജകുമാരന്മാരും ശതകോടീശ്വരന്മാരായ ബിസിനസുകാരും മുന്മന്ത്രിമാരടക്കമുള്ള പ്രമുഖരും അറസ്റ്റിലായിരുന്നുവല്ലോ. ഇവരെ ചുമ്മാ അറസ്റ്റ് ചെയ്തതല്ലെന്നും അവരെക്കൊണ്ട് കട്ട മുതൽ തിരിച്ച് വാങ്ങിക്കാനും തനിക്കറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോൾ എംബിഎസ്. അമേരിക്കയിലെ സ്വകാര്യ ഏജൻസിയെ കൊണ്ട് വന്ന് ഇവർക്ക് മേൽ മൂന്നാം മുറ പയറ്റിയാണ് എംബിഎസ് ഇവരെക്കൊണ്ട് തന്നെ സത്യം പറയിച്ചിരിക്കുന്നത്.

കിരീടാവകാശിയുടെ അടിയുടെ ചൂടറിഞ്ഞതോടെ പിടിയിലായവരെല്ലാം ഒടുവിൽ തങ്ങൾ സൗദിയിൽ നിന്നും അടിച്ചെടുത്ത സ്വത്തുക്കളെല്ലാം മടക്കി നൽകാമെന്ന് വാഗ്ദാനം ചെയ്തുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതോടെ എണ്ണിത്തിട്ടപ്പെുത്താൻ പറ്റാത്ത വിധത്തിലുള്ള രാജ സ്വത്തുക്കളാണ് സൗദിയുടെ ഖജനാവിലേക്ക് എത്താൻ പോകുന്നത്. 11 രാജകുമാരന്മാർ, നൂറ് കണക്കിന് ബിസിനസുകാർ, ഗവൺമെന്റ് ഒഫീഷ്യലുകൾ, തുടങ്ങിയവരെയായിരുന്നു അഴിമതിക്കുറ്റം ആരോപിച്ച് എംബിഎസ് ഈ മാസം ആദ്യം പിടികൂടിയിരുന്നത്.

ഇവരെയെല്ലാം നിലവിൽ സൗദിയുടെ തലസ്ഥാമായ റിയാദിലെ റിറ്റ്‌സ് കാൾട്ടണിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇവിടേക്ക് ഈ ആഴ്ച ബിബിസിയുടെ ഒരു റിപ്പോർട്ടർക്ക് കടന്ന് പോകാൻ അനുവാദം ലഭിച്ചിരുന്നു. ഈ കേസിൽ അകത്തായിരിക്കുന്നവരെല്ലാം തങ്ങൾ അടിച്ച് മാറ്റിയിരിക്കുന്ന തുക തിരിച്ച് നൽകാമെന്ന കരാറിലെത്തിയിരിക്കുന്നുവെന്നാണ് ബിബിസി റിപ്പോർട്ടർ വെളിപ്പെടുത്തുന്നത്. സൗദിയിലെ യാഥാസ്ഥിതിക നിയമങ്ങളും കടുത്തആചാരങ്ങളും മാറ്റി മറിച്ച് രാജ്യത്തെ മിതവാദ പ രമായ ഇസ്ലാമികതയിലേക്ക് നയിക്കുമെന്ന് പ്രഖ്യാപിച്ചാണ് എംബിഎസ് നിർണായകമായ പരിഷ്‌കാരങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

അതിന്റെ ഭാഗമായിട്ടാണ് ഇവിടുത്തെ അഴിമതി തുടച്ച് നീക്കുന്നതിനും അദ്ദേഹം ശക്തമായ നടപടികൾ കൈക്കൊണ്ടിരിക്കുന്നത്. ഇതിന്റെ തുടക്കമെന്ന നിലയിലാണ് സ്ത്രീകൾക്ക് സൗദിയിലുണ്ടായിരുന്ന ഡ്രൈവിങ് നിരോധനം അദ്ദേഹം എടുത്ത് മാറ്റിയിരിക്കുന്നത്. അധികം വൈകാതെ സിനിമക്കും മ്യൂസിക്ക് കൺസേട്ടുകൾക്കുമുള്ള നിരോധനവും എടുത്ത് മാറ്റുമെന്നും രാജ്യത്തെ പുതിയ കാലത്തിനനുസരിച്ച് മാറ്റുമെന്നും എംബിഎസ് വാഗ്ദാനം ചെയ്യുന്നു. അഴിമതിക്കുറ്റത്തിന് അറസ്റ്റിലായവരെ കൈകാര്യം ചെയ്യുന്നതിനായി എംബിഎസ് യുഎസിൽ നിന്നും അമേരിക്കൻ മെർസനറീസ് എന്ന സ്വകാര്യ ഏജൻസിയെയായിരുന്നു ഇവിടേക്ക് കൊണ്ടു വന്നിരുന്നത്. അവർക്ക് മുന്നിൽ കുറ്റം സമ്മതിക്കാൻ അഴിമതിക്കാർ നിർബന്ധിതരാവുകയും ചെയ്തു. ഇവർ കുറ്റവാളികളെ നന്നായി ദേഹോപദ്രവം ചെയ്തതിനെ തുടർന്നാണ് കട്ടെടുത്ത വസ്തുവകകൾ തിരിച്ച് നൽകാമെന്ന് രാജകുമാരന്മാരും ബിസിനസുകാരും മുന്മന്ത്രിമാരും സമ്മതിച്ചതെന്നും റിപ്പോർട്ടുണ്ട്.