സൗദിയിൽ സ്ത്രീകൾക്കുള്ള ഡ്രൈവിങ് നിരോധനം പിൻവലിച്ച് അവിടുത്തെ കിരീടാവകാശിയായ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ സെപ്റ്റംബറിൽ വിപ്ലവത്തിന് തുടക്കമിട്ടത് ലോകം വർധിച്ച പ്രതീക്ഷയോടെയാണ് ഉറ്റ് നോക്കിക്കൊണ്ടിരിക്കുന്നത്. പുതിയ മാറ്റം അനുസരിച്ച് സൗദിയിൽ ജൂൺ മുതൽ സ്ത്രീകൾക്ക് കാർ മാത്രമല്ല ബൈക്കും ലോറിയും ഓടിക്കാമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. പുതിയ മാറ്റമനുസരിച്ച് സ്ത്രീകൾക്കായി പ്രത്യേക നമ്പർ പ്ലേറ്റ് ഏർപ്പെടുത്തില്ലെന്നും വ്യക്തമായിട്ടുണ്ട്. അപകടത്തിൽ പെട്ടാലോ കുറ്റകൃത്യം ചെയ്താലോ ഇടപെടാൻ പ്രത്യേക വനിതാ പൊലീസ് സംഘത്തെയും ഏർപ്പെടുത്തും. ജൂൺ മുതൽ സൗദി നിരത്തുകൾ മാറുന്നത് ഇങ്ങനെയൊക്കെയാണെന്നാണ് അധികാരികൾ വെളിപ്പെടുത്തുന്നത്.

പുതിയ നിയമമാറ്റങ്ങളെ വിശദീകരിച്ച് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് ദി സൗതി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കാണ്. ഇത് പ്രകാരം സ്ത്രീകൾക്ക് മോട്ടോർ സൈക്കിളുകളും ട്രക്കുകളും വരെ ഓടിക്കാമെന്നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന വ്യക്തമാക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഡ്രൈവിംഗിന്റെ കാര്യത്തിൽ സ്ത്രീപുരുഷന്മാരെ സമാനരായി പരിഗണിക്കാനാണ് സൗദി തീരുമാനിച്ചിരിക്കുന്നത്. സ്ത്രീകൾക്ക് പ്രത്യേക ലൈസൻസ് പ്ലേറ്റ് നമ്പറുകൾ നൽകാൻ ഉദ്ദേശിക്കുന്നില്ലെങ്കിലും അവർ ഉണ്ടാക്കുന്ന അപകടങ്ങളോ ട്രാഫിക്ക് നിയമലംഘനങ്ങളോ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക സെന്ററുകൾ തുടങ്ങുമെന്നും ഇത് നടത്തുന്നത് സ്ത്രീകളായിരിക്കുമെന്നും അധികൃതർ വിശദീകരിക്കുന്നു.

സ്ത്രീകളുടെ ഡ്രൈവിംഗിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന ലോകത്തിലെ ഏക രാജ്യമാണ് സൗദിഅറേബ്യ. ഈ നിരോധനം എടുത്ത് മാറ്റാനുള്ള നിർണായകമായ തീരുമാനത്തെ സൗദിക്കാരും ലോകമെങ്ങുമുള്ളവരും വർധിച്ച ആവേശത്തോടെയാണ് സ്വാഗതം ചെയ്തിരുന്നത്. എന്നാൽ രാജ്യത്തെ ചില യാഥാസ്ഥിതികന്മാരായ മതപണ്ഡിതന്മാർ ഇതിനെതിരെ രംഗത്തെത്തിയിരുന്നുവെങ്കിലും ബിൻ സൽമാൻ ഇതിനെ തള്ളിക്കളയുകയായിരുന്നു. സൗദിയിലെ പരമ്പരാഗത നിയമം അനുസരിച്ച് സ്ത്രീകൾ പുറത്ത് യാത്ര ചെയ്യുമ്പോഴോ പഠിക്കാൻ പോകുമ്പോഴോ മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴോ ബന്ധുവായ പുരുഷൻ കൂടെ പോകണണമെന്നത് നിർബന്ധമാണ്.