സൗദിയിൽ തണുപ്പ് കഠിനമായതോടെ സ്‌കൂൾ സമയങ്ങളിൽ മാറ്റം വരുത്തി. താപനില കുത്തനെ കുറഞ്ഞ പ്രവിശ്യകളിൽ സ്‌കൂൾ രാവിലെ എട്ടരക്ക് തുടങ്ങും. റിയാദിലുൾപ്പെടെ അസംബ്ലിക്കും നിയന്ത്രണം വരുത്തി.

തബൂക്ക് ഉൾപ്പെടെയുള്ള വടക്ക് പടിഞ്ഞാറൻ പ്രവിശ്യകളിലാണ് സ്‌കൂൾ സമയ ക്രമത്തിൽ മാറ്റം. ഇവിടെ നിലവിൽ 7 മണിക്കാരംഭിക്കുന്ന സ്‌കൂളുകൾ എട്ടരക്കേ തുടങ്ങാവൂ. ബുധനാഴ്ച മുതൽ ഇത് പ്രാബല്യത്തിലാകും. ഗവർണർ ഫഹദ് ബിൻ സുൽത്താൻ രാജകുമാരന്റേതാണ് നിർദ്ദേശം.

മേഖലയിൽ തണുപ്പ് അഞ്ച് ഡിഗ്രിക്ക് താഴെയാണ്. ശീതക്കാറ്റും ശക്തമായുണ്ട്. ഇവിടെ രാവിലെ നടത്തുന്ന സ്‌കൂൾ അസംബ്ലികൾ താൽക്കാലികമായി നിർത്തലാക്കി.അൽ വജ്ഹ്, ഉംലൂജ് പ്രവിശ്യകൾക്കും നിർദ്ദേശം ബാധകമാണ്. രണ്ടാഴ്ചക്കകം ഇവിടെ താപനിലെ മൈനസ് ഡിജ്രിയിലെത്തും. റിയാദിലും താപനില പത്ത് ഡിഗ്രിക്ക് താഴെയാണ്. ഇവിടെയുള്ള സ്‌കൂളുകൾക്കും രാവിലെ നടത്തുന്ന അസംബ്ലികൾക്ക് വിലക്കുണ്ട്. റിയാദ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റേതാണ് നിർദ്ദേശം. അൽജൗഫ്, ഹാഇൽ പ്രവിശ്യകൾക്കും ഈ നിർദ്ദേശം ബാധകമാണ്.