കിരീടാവകാശിയായി മുഹമ്മദ് ബിൽ സൽമാൻ എത്തിയതുമുതൽ സൗദി അറേബ്യ പരിഷ്‌കരണത്തിന്റെ പാതയിലാണ്. സ്ത്രീകൾക്ക് ഡ്രൈവ് ചെയ്യാനും ഫുട്‌ബോൾ സ്‌റ്റേഡിയങ്ങളിൽപ്പോയി കളി കാണാനും അനുവാദം കൊടുത്തതും സിനിമാ തീയറ്ററുകൾ തിരിച്ചുകൊണ്ടുവരാൻ തീരുമാനിച്ചതും പരിഷ്‌കരണത്തിന്റെ തുടക്കമായിരുന്നു. അഴിമതിയും കെടുകാര്യസ്ഥതയും കൊടുമ്പിരിക്കൊണ്ടിരുന്ന സൗദി ഭരണകൂടത്തിലെ രാജകുമാരന്മാരടക്കമുള്ളവരെ അഴിമതി തുടച്ചുനീക്കുന്നതിന്റെ ഭാഗമായി അറസ്റ്റ് ചെയ്തതും എംബിഎസ് എന്ന് വിളിക്കുന്ന മുഹമ്മദ് ബിൻ സൽമാന്റെ വരവറിയിക്കുന്നതായി. എന്നാൽ, കടുത്ത യാഥാസ്ഥിതികരായ സൗദിയിൽ ഈ പരിഷ്‌കാരങ്ങൾ തിരിഞ്ഞുകുത്തുമോ എന്ന ആശങ്ക ചിലർക്കെങ്കിലും ഇല്ലാതില്ല.

കഴിഞ്ഞ ജൂണിലാണ് മുഹമ്മദ് ബിൻ സൽമാൻ കിരീടാവകാശിയായി ചുമതലയേറ്റത്. സൽമാൻ രാജാവിന്റെ മൂന്നാമത്തെ ഭാര്യയിലെ മൂത്തമകനാണ് അദ്ദേഹം. അധികാരത്തിലേറി വൈകാതെ തന്നെ തന്റെ പദ്ധതികൾ മുഹമ്മദ് ബിൻ സൽമാൻ പ്രകടമാക്കിത്തുടങ്ങി. ഒരിക്കൽ രാജാവാകുമെന്ന് പ്രതീക്ഷിച്ചിരുന്ന അൽവലീദ് ബിൻ തലാൽ ഉൾപ്പെടെയുള്ളവർ തടങ്കലിലായി. റിയാദിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ തടവിലാക്കിയവരിൽ വിദേശി വ്യവസായികളും പെടും. ശതകോടിക്കണക്കിന് രൂപ പിഴയൊടുക്കി അൽവലീദ് അടുത്തിടെ മോചനം നേടിയിരുന്നെങ്കിലും അദ്ദേഹത്തിന് തന്റെ ബിസിനസിൽ പൂർണമായി ഇടപെടാൻ ഇപ്പോഴും അവസരം കൊടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്.

81-കാരനായ സൽമാൻ രാജാവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരം സൗദി രഹസ്യമാക്കിവെച്ചിരിക്കുകയാണ്. 2015-ൽ മൂത്തസഹോദരൻ 90-ാം വയസ്സിൽ മരിച്ചതോടെയാണ് സൽമാൻ രാജാവാകുന്നത്. ഏതായാലും സമീപകാലത്ത് സൗദിയുടെ ഭരണത്തിലേറുന്ന ഏറ്റവും ചെറുപ്പക്കാരനായ രാജാവായിരിക്കും മുഹമ്മദ് ബിൻ സൽമാനെന്ന് ഉറപ്പാണ്. 32 വയസ്സ് മാത്രം പ്രായമുള്ള മുഹമ്മദിന്റെ പെട്ടെന്നുള്ള വരവിനെ രാജകുടുംബത്തിൽത്തന്നെ ഒട്ടേറെപ്പേർ രഹസ്യമായെങ്കിലും എതിർക്കുന്നുണ്ട്.

എന്നാൽ, സൗദിയുടെ തലപ്പത്തേയ്ക്ക് യുവത്വമൂറുന്ന മുഹമ്മദിന്റെ വരവിനെ സൗദി പൗരന്മാരിലധികവും സ്വാഗതം ചെയ്യുന്നവരാണ്. ആധുനികതയോടുള്ള സൗദിയുടെ കാഴ്ചപ്പാടിൽ മുഹമ്മദിന്റെ വരവ് വ്യത്യാസമുണ്ടാക്കുമെന്ന് അവർ കരുതുന്നു. ലോകത്തെ ഏറ്റവും ധനാഢ്യരായ രാജ്യങ്ങളിലൊന്നായിട്ടും ആധുനികതയുടെ പല സൗകര്യങ്ങളും വിനോദങ്ങളും സൗദി ജനതയ്ക്ക് ഇപ്പോഴും അന്യമാണ്. അതൊക്കെ തിരിച്ചുവരാൻ മുഹമ്മദിന്റെ വരവ് വഴിയൊരുക്കുമെന്നാണ് അവർ കരുതുന്നത്.

വിഷൻ 2030 എന്ന പേരിൽ മുഹമ്മദ് അവതരിപ്പിച്ച പരിഷ്‌കരണ നടപടികളെയും ജനങ്ങൾ പ്രതീക്ഷയോടെയാണ് കാണുന്നത്. സ്വതന്ത്ര ചിന്താഗതിയുള്ള ഒട്ടേറെ നയങ്ങൾ ഈ പദ്ധതിയിലുണ്ട്. രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനത്തോളം 30 വയസ്സിൽത്താഴെ പ്രായമുള്ള സൗദിയിൽ, മുഹമ്മദിന്റെ വിഷൻ 2030 ഏറെ ജനപ്രീതി നേടിക്കഴിഞ്ഞു. ഇന്റർനെറ്റിന്റെയും സ്മാർട്ട്‌ഫോണിന്റെയും കാലത്ത് സ്വാതന്ത്ര്യത്തിനുവേണ്ടി ദാഹിക്കുന്ന യുവതലമുറയെ ആഹ്ലാഗിപ്പിക്കുന്നതാണ് ഈ നീക്കങ്ങൾ.

എന്നാൽ, നിഷ്‌കാസിതരായ രാജകുമാരന്മാരും മുഹമ്മദിന്റെ അഴിമതി വിരുദ്ധ നടപടികൾക്ക് വിധേയരായവരും മുഹമ്മദിനെതിരെ പാളയത്തിൽ പടയൊരുക്കാതിരിക്കില്ല. യാഥാസ്ഥിതികമായ കാഴ്ചപ്പാടുകൾ വെച്ചുപുലർത്തുന്ന മതനേതാക്കളുടെയും പുരോഹിതന്മാരുടെയും പിന്തുണയും അവർക്ക് ലഭിച്ചേക്കും. വർധിച്ചുവരുന്ന പ്രതിരോധച്ചെലവും അമേരിക്കയുമായി ചേർന്ന് ഇറാനെതിരെ നടത്തുന്ന സൈനിക നീക്കങ്ങളും സൗദിയുടെ സാമ്പത്തിക ഭദ്രതയെയും ബാധിക്കുമെന്ന് കരുതുന്നവരും ഏറെയാണ്.