പ്രവാസി മലയാളികൾക്ക് ആശ്വാസം പകർന്ന് സൗദി എയർലൈൻസ്. ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടാൻ മത്സരിച്ചിരുന്ന എയർലൈൻ കമ്പനികൾ സൗദി എയർലൈൻസിന്റെ വരവോടെ നിരക്കുകൾ കുറച്ച് മത്സരിക്കാനുള്ള ഒരുക്കത്തിലാണ്. നിരവധി എയർലൈനുകൾ സൗദി എയർലൈൻസസിന്റെ വരവിന് പിന്നാലെ നിരക്കുകൾ കുറച്ച് സൗദി എയർലൈനിന് ഒപ്പം എത്തി. തലസ്ഥാനത്ത് നിന്ന് ഗൾഫിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികളിൽ നിന്ന് കൂടുതൽ ടിക്കറ്റ് നിരക്ക് ഈടാക്കിയിരുന്ന എയർലൈൻസുകളാണ് നിരക്കുകൾ കുറച്ച് തുടങ്ങിയത്.

സൗദി എയർലൈൻസിന്റെ ആദ്യ സർവ്വീസിൽ തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്കുള്ള ടിക്കറ്റ് നിരക്ക് 9000മാണ് ഈടാക്കിയത്. പിന്നീട് ഇത് 13,000 ആക്കി. ഇതോടെ സൗദി എയർലൈൻസിന്റെ പാത പിന്തുടർന്ന് ഗൾഫ് എയറും ഇത്തിഹാദുമാണ് കഴിഞ്ഞ ദിവസം നിരക്ക് കുറച്ച് സൗദി എയർലൈൻസിന്റെ നിരക്കിനൊപ്പം എത്തിയത്. ഇതോടെ 20,000ത്തിന് മുകളിൽ റയാദ് സെക്ടറിലേക്ക് ഈടാക്കിയിരുന്ന ഗൾഫ് എയർ 14,000ത്തിലേത്തും ഇത്തിഹാദ് 13,000വുമാക്കി.

ഇതിന് പുറമേ കണക്ഷൻ സർവീസ് നടത്തുന്ന എമിറേറ്റ്‌സ്, എയർ അറേബ്യ, ശ്രീലങ്കൻ എയർലൈൻസുകൾ 24,000വും കുവൈത്ത് എയർലൈൻസ് 22,000എയർ ഇന്ത്യ എക്സ്‌പ്രസ് 17,000വുമാണ് ഇപ്പോൾ ഈടാക്കുന്നത്. ഈ മാസം അഞ്ചു മുതൽ ആരംഭിക്കുന്ന സൗദി എയർലൈൻസിന്റെ ജിദ്ദ സെക്ടറിലെ നിരക്ക് 12,000മാണ്. നിലവിൽ ഈ സെക്ടറിൽ കുവൈത്ത് എയർലൈൻസ് 36,000, എമിറേറ്റ്‌സ് 29,500, ഗൾഫ് എയർ 17,500, ഇത്തിഹാദ് 16,000 എന്നിങ്ങനെയാണ് ഈടാക്കുന്നത്. സൗദിയിലെ ദമ്മാമിലേക്ക് സൗദി എയർലൈൻസിന് സർവ്വീസ് ഇല്ലാത്ത കാരണം തിരുവനന്തപുരത്ത് നിന്ന് ദമ്മാമിലേക്ക് നേരിട്ട് സർവീസ് ഉള്ള ജെറ്റ് എയർവേസ് നിരക്ക് കുറക്കാനുള്ള സാധ്യതയില്ല.

നിലവിൽ 23,600 രൂപയാണ് ജെറ്റ് ഈടാക്കുന്നത്. ഓണം സീസണിൽ ഇത് 30,000 പിന്നിട്ടിരുന്നു. സൗദി എയർലൈൻസുകളുടെ നിരക്ക് ഇനിയും കുറയാനാണ് സാധ്യതയെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു. ഗൾഫ് വിമാന നിരക്ക് ഉയർത്തരുതെന്ന മുഖ്യമന്ത്രിയുടെ ആവശ്യം പരിഗണിക്കാതെ കുറഞ്ഞ നിരക്കിൽ സർവ്വീസ് നടത്താമെന്ന് പ്രഖ്യാപിച്ചിരുന്ന ബജറ്റ് എയർലൈൻസുകൾ പോലും തിരുവനന്തപുരത്ത് നിന്നും ഗൾഫ്് സെക്ടറിലേക്കുള്ള വിമാന നിരക്കുകൾ കുത്തനെ കൂട്ടിയാണ് പോകുന്നത്. ഉത്സവ സീസണുകളിൽ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്ക് കുത്തനെ വർദ്ധിപ്പിക്കുന്ന വിമാനക്കമ്പനികളുടെ പ്രവണത തിരുത്തണമെന്നും തിരക്കുള്ള സീസണുകളിൽ ഗൾഫ് സെക്ടറിൽ സർവീസ് നടത്തുന്ന വിമാനങ്ങളിൽ കൂടുതൽ സീറ്റ് അനുവദിക്കണമെന്നും രണ്ട് മാസം മുമ്പ് മുഖ്യമന്ത്രി വിളിച്ച് ചേർത്ത വിമാനക്കമ്പനികളുടെ യോഗത്തിൽ ആവശ്യം ഉന്നയിച്ചിരുന്നു.

യോഗത്തിൽ പങ്കെടുത്ത സിവിൽ ഏവിയേഷൻ സെക്രട്ടറി ആർ എൻ ചൗബേ അമിത നിരക്ക് വർദ്ധന ഒഴിവാക്കുന്നതിന് ഓണം പോലെ തിരക്കുള്ള സീസണിൽ വിദേശ വിമാനക്കമ്പനികൾക്ക് നിശ്ചിത ദിവസത്തേക്ക് കൂടുതൽ സീറ്റ് അനുവദിക്കാൻ മന്ത്രാലയം തയ്യാറാണെന്ന് അറിയിച്ചിരുന്നു. ഉഭയകക്ഷി കരാർ പ്രകാരമാണ് വിദേശ വിമാനക്കമ്പനികൾക്ക് മന്ത്രാലയം സീറ്റ് അനുവദിക്കുന്നത്.മുൻകൂട്ടി സീറ്റ് വർദ്ധന തീരുമാനിക്കാൻ കഴിഞ്ഞാൽ നിരക്ക് കുത്തനെ ഉയർത്തുന്നത് ഒഴിവാക്കാൻ കഴിയുമെന്ന് എയർലൈൻ കമ്പനികളും അറിയിച്ചിരുന്നു. പിന്നീട് ഇതൊന്നും മുഖവിലക്കെടുക്കാതെയാണ് വിമാനക്കമ്പനികൾ നിരക്ക് കുത്തനെ ഉയർത്തിയത്.