കോട്ടയം: കുടുംബം രക്ഷപ്പെടുത്താൻ ജോലിതേടി സൗദിയിലേക്കു വിമാനം കയറിയതാണു അംബി ജയൻ അടക്കമുള്ള യുവതികൾ. പക്ഷേ അവിടെ അവരെ കാത്തിരുന്നത് നരകയാതനയായിരുന്നു. ശമ്പളം നിഷേധിച്ചതിനു പുറമേ ഭക്ഷണവും വെള്ളവും നല്കാതെ മുറിയിൽ പൂട്ടിയിടുകയും അനാശാസ്യത്തിനു നിർബന്ധിക്കപ്പെടുകയും ചെയ്തു ഇവർ. ഒടുക്കം രക്ഷപ്പെട്ടു നാട്ടിലെത്തിയ അംബി ജയനാണ് നടുക്കുന്ന കഥകൾ മാദ്ധ്യമങ്ങളുമായി പങ്കുവച്ചത്.

ജോലിക്കായി കൊണ്ടുവന്ന പലരെയും കാണാനല്ലെന്നാണ് അംബി ജയൻ പറയുന്നത്. അധികജോലി ചെയ്യാത്തതിന്റെ പേരിൽ സ്ത്രീകളെ ക്രൂരമായി ഉപദ്രവിക്കാറുണ്ടായിരുന്നു. വാഗ്ദാനം ചെയ്ത ശമ്പളം ആർക്കും കിട്ടിയില്ല. ആറുമാസമായി ശമ്പളമില്ല. അനാശാസ്യത്തിന് സമ്മതിക്കാത്തതിന് ക്രൂരമായ പീഡനമാണ് ഏൽക്കേണ്ടി വന്നത്. ഭക്ഷണവും വെള്ളവും നല്കാതെ മുറിയിൽ പൂട്ടിയിട്ടുവെന്നും ഇവർ കൂട്ടിച്ചേർത്തു.

കോട്ടയം, ഇടുക്കി ജില്ലക്കാരായ 17 സ്ത്രീകളാണ് സൗദിയിൽ ഭക്ഷണം പോലും ലഭിക്കാതെ നരകിക്കുന്നത്. ബ്യൂട്ടീഷൻ ജോലിക്കായി രണ്ടുവർഷം മുമ്പാണ് ഇവർ സൗദിയിലെത്തിയത്. ഒരുലക്ഷം രൂപയിലധികമാണ് ശമ്പളമായി വാഗ്ദാനം ചെയ്തിരുന്നത്.

തിരുവനന്തപുരം സ്വദേശികളായ ഷാജഹാൻ മുഹമ്മദ്, സുമയ്യ ഷാജഹാൻ എന്നിവർ മുഖേനയാണ് ഇവർ വിദേശത്തേയ്ക്ക് പോയത്. എന്നാൽ ശമ്പളമായി ലഭിക്കേണ്ട തുകയിൽ ഭൂരിഭാഗവും കമ്മീഷൻ ഇനത്തിൽ ഓരോ മാസവും ഇവർ തട്ടിയെടുത്തതായും ആരോപിക്കപ്പെടുന്നു. ഇരുപതിനായിരം രൂപ പോലും ഇവർക്ക് ലഭിച്ചിരുന്നില്ല. ശമ്പളം നൽകാത്തതിനൊപ്പം കഠിന ജോലികൾ ചെയ്യാൻ നിർബന്ധിക്കുക കൂടി ചെയ്തതോടെ സ്ത്രീകൾ പ്രതിഷേധിച്ചു തുടങ്ങി.

അധിക ജോലി ചെയ്തില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുക വരെയുണ്ടായി. ഈ ദുരിതങ്ങൾ പങ്കുവച്ച് സാമൂഹിക മാദ്ധ്യമം വഴി ഇവർ ബന്ധുക്കൾക്ക് ദൃശ്യങ്ങൾ അയച്ചുകൊടുത്തതോടെയാണ് സംഭവം പുറത്തായത്. നാട്ടിലെ ബന്ധുക്കൾ നൽകിയ പരാതിയിൽ മുണ്ടക്കയം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.