ജിദ്ദ:സൗദി അറേബ്യയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചതായുള്ള വാർത്തകൾ ശരിയല്ലെന്ന് അധികൃതർ വ്യക്തമാക്കി. സൗദിയിൽ അനധികൃതമായി താമസിക്കുന്ന വിദേശികൾക്ക് ശിക്ഷ കൂടാതെ രാജ്യം വിട്ടുപോകാനുള്ള അവസരം ഒരുക്കിയതായി വാർത്തകൾ മാദ്ധ്യമങ്ങളിലും സോഷ്യൽമീഡിയയിലും ്പ്രചരിച്ചതോടെയാണ് അധികൃതർ രംഗത്തെത്തിയത്.

ഇതുസംബന്ധിച്ച് എന്തെങ്കിലും തീരുമാനമെടുക്കുകയാണെങ്കിൽ ബന്ധപ്പെട്ട വകുപ്പുകൾ ഔദ്യോഗികമായി വെളിപ്പെടുത്തും. ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള വിവരങ്ങളെയാണ് ഇക്കാര്യത്തിൽ ആശ്രയിക്കേണ്ടതെന്നും പാസ്‌പോർട്ട് വകുപ്പ് വ്യക്തമാക്കി.

ജനുവരി 15 മുതൽ ഏപ്രിൽ 12 വരെയാണ് പൊതുമാപ്പ് കാലാവധിയെന്നും അൽ വത്വൻ പത്രം റിപോർട്ടിനെ തുടർന്ന് പല മാദ്ധ്യമങ്ങളും ഇത് തുടർന്ന് റിപ്പോർട്ട് ചെയ്തിരുന്നു.ജനുവരി 15 ഞായറാഴ്ച മുതൽ വിരലടയാളമെടുക്കാതെ തന്നെ അനധികൃത താമസക്കാരായ
വിദേശികൾക്ക് രാജ്യം വിട്ട് പോകാൻ 3 മാസത്തെ പൊതുമാപ്പ് അനുവദിച്ചുവെന്നായിരുന്നു ' അൽ വത്വൻ' ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നത്.

ഇന്ത്യാക്കാരടക്കം ഒട്ടേറെ പേർക്ക് ആശ്വാസമാകുമായിരുന്നതിനാൽ മണിക്കൂറുകൾക്കകം വൻ പ്രചാരമാണ് പൊതുമാപ്പ് വാർത്തക്ക് ലഭിച്ചത്.