റിയാദ്: സൗദി ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി അവസാനിക്കാൻ മൂന്നാഴ്ച മാത്രം ശേഷിക്കെ നിയമ ലംഘകർക്ക് അവസാന താക്കീതുമായി അധികൃതർ രംഗത്ത്. ഇഖാമ, വീസ നിയമലംഘകർക്ക് ശിക്ഷാ നടപടികൾക്ക് വിധേയരാകാതെ നാടണയാനുള്ള അവസാന അവസരമെന്നാണ് മുന്നറിയിപ്പ്.

മൂന്നരലക്ഷം നിയമലംഘകർ ഇതിനകം സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി പാസ്പോർട്ട് ഡെപ്യൂട്ടി ഡയറക്ടർ മേജർ ജനറൽ ദൈഫുല്ല അൽ ഹുവൈഫി അറിയിച്ചു. പൊതുമാപ്പ് ഈ മാസം 26-ന് അവസാനിക്കും മുമ്പ് നിയമലംഘകരായ മുഴുവൻ വിദേശികളും രാജ്യം വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാത്രമല്ല കാലാവധി കഴിഞ്ഞ പാസ്‌പോർട്ടുള്ള നിയമ ലംഘകരായ വിദേശികളെ രാജ്യം വിടാൻ അനുവദിക്കുമെന്നും സൗദി പാസ്‌പോർട്ട് വകുപ്പ് അറിയിച്ചു. സൗദിയിൽ പ്രാബല്യത്തിലുള്ള പൊതുമാപ്പ് കാലയളവിലാണ് ഇളവ് അനുവദിക്കുന്നതെന്നും പാസ്‌പോർട്ട് വകുപ്പ് വ്യക്തമാക്കി.

ഇത് പ്രകാരം കാലാവധി തീർന്ന പാസ്‌പോർട്ടുള്ളവർക്ക് യാത്ര നിഷേധിക്കരുതെന്നും സൗദിയിൽ സർവീസ് നടത്തുന്ന വിമാന കമ്പനികൾക്ക് അയച്ച സർക്കുലറിൽ ജനറൽ അഥോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. പാസ്‌പോർട്ട് ഡയറക്ടറേറ്റിനെ സമീപിക്കുന്ന പല നിയമ ലംഘകരും ഹാജരാക്കുന്നത് കാലാവധി തീർന്ന പാസ്‌പോർട്ടുകളാണ്.

എയർപോർട്ടുകളിലെ പാസ്‌പോർട്ട് കൗണ്ടറുകളിൽ ഇത്തരക്കാർക്ക് ഫൈനൽ എക്‌സിറ്റ് നൽകിയാലും വിമാന കമ്പനികൾ യാത്ര നിഷേധിക്കും.പാസ്‌പോർട്ട് പുതുക്കുന്നതിന് നിയമ ലംഘകർക്ക് സമയവും പണവും ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് പൊതുമാപ്പ് വേളയിൽ ഇത്തരക്കാർക്ക് ഇളവു നൽകി പ്രശ്‌നം പരിഹരിക്കാൻ പാസ്‌പോർട്ട് വകുപ്പം ഏവിയേഷൻ
അഥോറിറ്റിയും തീരുമാനിച്ചത്.

ഇതുവരെ 3.45 ലക്ഷം നിയമലംഘകർ പുറത്തുപോവാനുള്ള അനുമതി നേടിയതായി അദ്ദേഹം പറഞ്ഞു. മാർച്ച് 29-നാണ് സൗദിയിൽ 90 ദിവസത്തെ പൊതുമാപ്പ് ആരംഭിച്ചത്. ഇനിയുള്ള 22 ദിവസം ഇത് നിയമ ലംഘകർ പ്രയോജനപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചു. പൊതുമാപ്പിൽ രാജ്യം വിടുന്നവർക്ക് വീണ്ടും പുതിയ വിസയിൽ മടങ്ങിവരാൻ അവസരമുണ്ട്. എന്നാൽ പൊതുമാപ്പിൽ രാജ്യംവിടാതെ കഴിയുന്ന നിയമ ലംഘകരെ മടങ്ങി വരാൻ അനുവദിക്കില്ല. ഇവരുടെ വിരലടയാളം രേഖപ്പെടുത്തി കരിമ്പട്ടികയിൽ ഉൾപ്പെടുമെന്നും പാസ്പോർട്ട് വകുപ്പ് മുന്നറിയിപ്പ് നൽകി.

പൊതുമാപ്പ് കഴിയുന്നതോടെ രാജ്യത്ത് ശക്തമായ റെയ്ഡുകൾ ആരംഭിക്കും. സൗദി അറേബ്യയിൽ അനധികൃതമായി താമസിക്കുന്നവർക്ക് അഭയം നൽകുന്ന വിദേശികളെ നാടുകടത്തും. ഇവർ പിഴയും തടവും ശിക്ഷ ലഭിക്കുമെന്നും പാസ്പോർട്ട് വകുപ്പ് അറിയിച്ചു.