റിയാദ്: സൗദി അറേബ്യയിൽ നിയമലംഘകർക്ക് രാജ്യം വിടാൻ അവസരമൊരുക്കി നടപ്പിലാക്കി വന്ന പൊതുമാപ്പിന്റെ കാലവധി നാളെ അവസാനിക്കും. കഴിഞ്ഞമാസം അവസാനിക്കേണ്ടിയിരുന്ന പൊതുമാപ്പ് കാലാവധി പ്രത്യേക നിർദേശപ്രകാരം ഒരു മാസത്തേക്ക് നീട്ടുകയായിരുന്നു. അനധികൃതമായി കഴിയുന്നവർക്കായി മാർച്ച് 29ന് ആരംഭിച്ച പൊതുമാപ്പിൽ ഇതുവരെ 5.7 ലക്ഷം വിദേശികൾ സ്വദേശത്തെത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.

യാതൊരു നിയമ നടപടികളുമില്ലാതെയും വിസ നിരോധനമില്ലാതെയും കുടിയേറ്റ, തൊഴിൽ നിയമം ലംഘിച്ച മുഴുവനാളുകൾക്കും രാജ്യം വിടാനുള്ള സൗകര്യമായിരുന്നു സഊദി അറേബ്യൻ അധികൃതർ ഒരുക്കിയിരുന്നത്. ഇനിയും നിയമലംഘകരായി രാജ്യത്ത് കഴിയുന്നവരെ പിടികൂടാൻ തിങ്കളാഴ്ച മുതൽ കർശന പരിശോധന നടത്താനും പദ്ധതിയിട്ടുണ്ട്.

തിങ്കളാഴ്ച മുതൽ പിടിക്കപ്പെടുന്ന നിയമലംഘകർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇത്തരക്കാർക്കെതിരെ ക്രിമിനൽ നടപടിയുണ്ടാകുമെന്നാണ് ജവാസാത്ത് വിഭാഗം വ്യക്തമാക്കിയത്. നിയമലംഘകരെ പരിപാലിക്കുന്ന കമ്പനികൾക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ഇവർ കൂട്ടിച്ചേർത്തിട്ടുണ്ട്.നിയമലംഘകരില്ലെന്ന് ഉറപ്പുവരുത്തേണ്ടത് കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ചുമതലയാണെന്ന് അധികൃതർ വ്യക്തമാക്കി.