ദുബായ്: സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകി സൗദി അറേബ്യയിലെ ഭരണാധികാരി സൽമാൻ രാജാവ്. കുടുംബത്തിലെ പുരുഷന്മാരുടെ സമ്മതമില്ലാതെ സ്ത്രീകൾക്ക് സർക്കാർ സേവനങ്ങൾ ലഭ്യമാക്കണമെന്ന നിർദ്ദേശം എല്ലാ സർക്കാർ ഓഫീസുകൾക്കും സൽമാൻ രാജാവ് നൽകി.

സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൗദി മന്ത്രിസഭയുടെ തീരുമാനം. സർക്കാർ നീക്കത്തെ സൗദിയിലെ സ്ത്രീ ശാക്തീകരണ മുന്നേറ്റത്തിന്റെ വക്താക്കൾ സ്വാഗതം ചെയ്തു.

സർക്കാർ സേവനങ്ങൾ ലഭിക്കാൻ പുരുഷ രക്ഷിതാവ് എന്നത് എക്കാലത്തും സ്ത്രീയ്ക്കു മുമ്പിലുള്ള തടസമായിരുന്നെന്നും ഇവർ അഭിപ്രായപ്പെട്ടു. സ്ത്രീകൾക്ക് ഏറെ അവസരങ്ങൾ തുറന്നുകൊടുക്കുന്നതാണ് തീരുമാനമെന്ന് സൗദി മനുഷ്യവകാശ കമ്മിഷൻ പ്രസിഡന്റ് ഡോ. ബൻദർ അൽ എബാൻ പറഞ്ഞു.

നേരത്തെ, സ്ത്രീകളുടെ സർക്കാർ ജോലി, ഉന്നത വിദ്യാഭ്യാസം, ആരോഗ്യമേഖല തുടങ്ങിയവയ്ക്ക് പുരുഷന്മാരുടെ സമ്മതം സർക്കാർ ഓഫീസുകളിൽ ആവശ്യപ്പെടുമായിരുന്നു.