റിയാദ്: സൗദിയിൽ മലയാളികൾ അടക്കമുള്ള വിദേശികൾക്ക് വീണ്ടും ഇരുട്ടടി. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന 45 വയസിന് മുകളിലുള്ള വിദേശ തൊഴിലാളികൾക്കു താമസരേഖയും, തൊഴിൽ വിസയും പുതുക്കി നൽകരുതെന്ന് തൊഴിൽ മന്ത്രാലയം രഹസ്യ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് സൂചനകൾ.

ഇത്തരം ഒരു നിയമം നടപ്പിലാക്കിയാൽ മലയാളികൾക്ക് കൂട്ടത്തോടെ സൗദിയിൽ നിന്ന് തിരിച്ചു പോരേണ്ടി വരും. ഇവിടെ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗം മലയാളികളും 45 വയസ്സ് പിന്നിട്ടവരാണെന്നത് തന്നെ കാരണം. ഇത്തരം ഒരു നിയമം നടപ്പിലായാൽ സൗദിയിൽ ജോലി ചെയ്യുന്ന 12 ലക്ഷം ഇന്ത്യക്കാരെ ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ഏഴു ലക്ഷം പേർ മലയാളികളാണെന്നും ആശങ്കകൾ ഉയരുന്നുണ്ട്.

പുതിയ തൊഴിൽ നിയമത്തിലൂടെ കൂടുതൽ സ്വദേശികളെ ഉൾപ്പെടുത്തി യുവത്വവത്കരിക്കാനാണ് സൗദിയുടെ നീക്കം. വിദേശികളിൽ 30-45 വയസിനു ഇടയിലുള്ളവരെ മാത്രമേ നിയമിക്കാവൂ. പ്രവാസികളുടെ സേവന കാലാവധി 15 വർഷമായി നിജപ്പെടുത്തണം എന്നീ നിർദേശങ്ങളും പ്രവാസികൾക്ക് തിരിച്ചടിയാകും. അതേസമയം വിദേശികളുടെ ശമ്പളം 5000 റിയാൽ (ഏകദേശം 80,000 രൂപയോളം) ആയി ചുരുക്കണമെന്ന നിർദേശശം കൂടി നടപ്പിലായാൽ ശമ്പളം വെട്ടിക്കുറയ്ക്കൽ വ്യാപകമാകുമെന്ന ആശങ്കയുമുണ്ട്.