ദോഹ: ഖത്തറിനെ തകർക്കാൻ അമേരിക്കയെ കൂട്ടുപിടിച്ച് സൗദി അറേബ്യ. ഖത്തറിനെതിരെ അമേരിക്കൻ വിദ്വേഷം ഉണ്ടാക്കിയെടുക്കാനാണ് സൗദിയുടെ നീക്കം. ഇതിനായി ടെലിവിഷനിൽ പരസ്യപ്രചരണം നടത്താൻ അമേരിക്കയിലെ സൗദിസംഘം മുടക്കിയത് 1,38,000 ഡോളർ. മുപ്പത് സെക്കൻഡ് വീതമുള്ള ഏഴ് പരസ്യസ്പോട്ടുകൾക്കാണ് 1,38,000 ഡോളർ നൽകിയത്.

തീവ്രവാദത്തെ ഖത്തർ പിന്തുണയ്ക്കുന്നുവെന്നും മേഖലയിലെ അമേരിക്കൻ സഖ്യകക്ഷികളെ തകർക്കാൻ ശ്രമിക്കുന്നുവെന്നുമാണ് പരസ്യത്തിലുള്ളത്. വാഷിങ്ടൺ ഡിസിയിലെ എൻ.ബി.സി.-ഫോർ ചാനലിൽ ജൂലായ് 23 മുതലാണ് പരസ്യം പ്രക്ഷേപണം തുടങ്ങിയത്. സൗദി അമേരിക്കൻ പബ്ലിക് റിലേഷൻ അഫയേഴ്സ് കമ്മിറ്റി (എസ്.എ.പി.ആർ.എ.സി.) യാണ് പരസ്യ സ്പോട്ടുകൾ വാങ്ങിയിരിക്കുന്നത്.

ജൂലായ് 23-ന് ഉന്നത രാഷ്ട്രീയനേതാക്കളുടെ അഭിമുഖപരിപാടിയായ ചുക്ക് ടോഡിനിടെയാണ് നാല് പരസ്യം വന്നത്. സെക്കൻഡിന് ആയിരം ഡോളർ നിരക്കിലാണ് പരസ്യത്തിന് തുക ഈടാക്കിയത്. ചാനലിലെ വാരാന്ത്യ വാർത്താ അധിഷ്ഠിത പരിപാടിയാണിത്.

ബ്രിട്ടീഷ് ഓപ്പൺ ഗോൾഫ് ടൂർണമെന്റിനിടയിലാണ് മറ്റ് മൂന്ന് പരസ്യങ്ങൾ വന്നത്. ആറായിരം ഡോളറാണ് ഇതിലെ ഒരു സെക്കൻഡിന് ഈടാക്കിയത്. കഴിഞ്ഞ ജൂൺ അഞ്ച് മുതലാണ് ഖത്തർ തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്നാരോപിച്ച് ഖത്തറിനെതിരേ സൗദിസഖ്യം ഉപരോധം ഏർപ്പെടുത്തിയത്.