സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന വിദേശികൾ ജൂണിൽ അയച്ച പണത്തിൽ വൻകുറവ് രേഖപ്പെടുത്തിയതായി സൗദി അറേബ്യൻ മോണിട്ടറി അഥോറിറ്റി (സാമ) അറിയിച്ചു. അഞ്ഞൂറ് കോടി റിയാലിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ആദ്യമായാണ് വിദേശികൾ അയക്കുന്ന പണത്തിൽ ഇത്രയും വലിയ തുക കുറവുണ്ടാകുന്നതെന്നും സാമ അറിയിച്ചു.

ഈ വർഷം ജൂണിൽ സൗദിയിലെ വിദേശ തൊഴിലാളികൾ 10.43 ബില്യൺ റിയാലാണ് മാതൃരാജ്യങ്ങളിലേക്ക് അയച്ചത്. ഇത് കഴിഞ്ഞ വർഷം ജൂണിനെ അപേക്ഷിച്ച് 5.41 ബില്യൺ റിയാൽ കുറവാണിത്. വിദേശികൾ അയക്കുന്ന പണത്തിൽ ആദ്യമായാണ് 34.16 ശതമാനം കുറവ് രേഖപ്പെടുത്തുന്നതെന്നും സാമ അറിയിച്ചു.

ഈ വർഷം മേയുമായി താരതമ്യം ചെയ്യുമ്പോൾ ജൂണിൽ അയച്ച പണത്തിൽ 20 ശതമാനം കുറവുണ്ട്. മേയിൽ 13.03 ബില്യൺ റിയാലാണ് വിദേശികൾ അയച്ചത്. അതേസമയം, 2016 ജൂണിൽ വിദേശികൾ അയച്ച പണം സർവകാല റെക്കോർഡ് ആണ്. 2016-ൽ ആകെ 151.89 ബില്യൺ റിയാലും 2015-ൽ 156.9 ബില്യൺ റിയാലുമാണ് വിദേശികൾ അയച്ചത്.

സൗദിയുടെ ചരിത്രത്തിൽ വിദേശികൾ ഏറ്റവും കൂടുതൽ പണമയച്ചത് 2015-ൽ ആണ്. 2005 മുതൽ 2015 വരെ പതിനൊന്ന് വർഷവും വിദേശികൾ അയച്ച പണത്തിൽ തുടർച്ചയായ വർധന രേഖപ്പെടുത്തി. എന്നാൽ കഴിഞ്ഞവർഷം മൂന്ന് ശതമാനം കുറവാണെന്നും സാമ പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.