സൗദി അറേബ്യ: പ്രതിഷേധ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ സൗദി അറേബ്യയിൽ ബധിരനും അന്ധനുമായ യുവാവിന്റെ തലവെട്ടുന്നു. 2012-ൽ ഷിയാ വിഭാഗത്തിന് മുൻതൂക്കമുള്ള കിഴക്കൻ പ്രവിശ്യയിൽ നടന്ന രാഷ്ട്രീയ പ്രതിഷേധത്തിൽ പങ്കെടുത്തതിന് 23 കാരനായ മുനീർ ആദത്തിനാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. 

കോടതി വിധി നടപ്പാക്കാനുള്ള ഉത്തരവിൽ രാജാവ് ഒപ്പ് വയ്ക്കുന്നതിന് മുൻപ് മുനീറിന് ഒരുതവണ അപ്പീൽ നൽകാനാകും. അതേസമയം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംഫിന്റെ സൗദി സന്ദർശന കാലയളവിൽ പോലും രാജ്യത്തെ മനുഷ്യാവകാശ ധ്വംസനങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ലെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നത്.

ആദം മുനീറിന് ചെറുപ്പത്തിലുണ്ടായ അപകടത്തിൽ കാഴ്ചയും കേൾവിശക്തിയും നഷ്ടമായെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ വൈകല്യത്തെ പോലും പരിഗണിക്കാതെയാണ് ശിക്ഷവിധിച്ചതെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

പ്രതിഷേധത്തിൽ പങ്കെടുത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്നവരുടെ പ്രശ്‌നങ്ങൾ കൂടി പരിഹരിക്കാൻ ട്രംഫ് തയാറാകണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ വധശിക്ഷ കാത്ത് കഴിയുന്ന ആദം മുനീറിന്റേത് ഉൾപ്പെടെയുള്ള മനുഷ്യാവകാശ ധ്വംസനങ്ങൾ രാജ്യാന്തരശ്രദ്ധയിൽപ്പെടുത്താനാകാത്തതിന്റെ നിരാശയിലാണ് രാജ്യത്തെ മനുഷ്യാവകാശ പ്രവർത്തകർ.