- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻകരുതൽ നടപടികൾ ലംഘിക്കുന്നവർക്ക് 1000 റിയാൽ പിഴ; ഒത്തുചേരലുകൾ നടത്തുന്നവർക്ക് കനത്ത പിഴ; സൗദിയിൽ കോവിഡ് മുൻകരുതൽ നടപടി ലംഘിക്കുന്നവർക്കുള്ള പിഴകൾ പരിഷ്കരിച്ചു
ജിദ്ദ: കോവിഡ് വ്യാപനം കുറക്കാൻ ആളുകളുടെ ഒത്തുച്ചേരലുകൾ കുറക്കാനും സാമൂഹിക അകലം പാലിക്കാനും ലക്ഷ്യമിട്ടു സൗദിയിൽ കോവിഡ് മുൻകരുതൽ നടപടി ലംഘിക്കുന്നവർക്കുള്ള നടപടി കർശനമാക്കി. ഇതിന്റെ ഭാഗമായി നിയമംലംഘകർക്കുള്ള പിഴകൾ പരിഷ്‌കരിക്കുകയും ചിലത് കൂട്ടിച്ചേർക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ആളുകൾ ഒരുമിച്ച് കൂടുന്നതിന് നേരത്തെ പ്രഖ്യാപിച്ച ശിക്ഷനടപടികൾ സംബന്ധിച്ച തീരുമാനങ്ങളുടെ തുടർച്ചയാണിത്. പുതിയ തീരുമാനമനുസരിച്ച് ആളുകൾ ഒരുമിച്ച് കൂടിയാൽ സ്ഥാപന ചുമതലയുള്ള ആളും സ്ഥാപനഉടമയും ശിക്ഷിക്കപ്പെടും.
വീടുകൾ, വിശ്രമകേന്ദ്രങ്ങൾ, ഫാമുകൾ പോലുള്ള സ്ഥലങ്ങളിൽ താമസ ബന്ധമില്ലാത്ത നിശ്ചിത എണ്ണത്തിൽ കൂടുതലാളുകൾ ഒരുമിച്ച് കൂടുന്ന ഫാമിലി സംഗമങ്ങൾക്ക് 10,000 റിയാൽ പിഴയുണ്ടാകും. വീടുകൾ, വിശ്രമകേന്ദ്രങ്ങൾ, ഫാമുകൾ, തമ്പുകൾ, ഉല്ലാസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിശ്ചിത എണ്ണത്തിൽ ആളുകൾ ഒരുമിച്ച് കൂടുന്ന കുടുംബേതര സംഘങ്ങൾക്ക് പിഴ 15,000 റിയാലായിരിക്കും.
അനുശോചനം, പാർട്ടികൾ പോലുള്ള സാമൂഹിക ആവശ്യങ്ങൾക്കായുള്ള ഒരുമിച്ചു കൂടുൽ നിശ്ചിത ആളുകൾ കവിഞ്ഞാൽ 40,000 റിയാലായിരിക്കും പിഴ. വീടുകൾ, നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ, വിശ്രമകേന്ദ്രങ്ങൾ, ഫാമുകൾ പോലുള്ള സ്ഥലങ്ങളിൽ താമസക്കാരല്ലാത്ത അഞ്ച് ആളുകളോ, അതിൽ കൂടുതൽ പേരോ ഒരുമിച്ച് കൂടിയാൽ പിഴ 50,000 റിയാലായിരിക്കും.
മുൻകരുതൽ നടപടികൾ ലംഘിക്കുന്നത് വ്യക്തികളാണെങ്കിൽ പിഴ ആദ്യ തവണ 1000 റിയാലായിരിക്കും. നിയലംഘനം ആവർത്തിച്ചാൽ പിഴ 10,000 വരെയുണ്ടാകും. മാസ്‌ക് ധരിക്കാതിരിക്കുക, മാസ്‌ക് ധരിക്കുേമ്പാൾ മുഖവും മൂക്കും മൂടാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക, ശരീരോഷ്മാവ് പരിശോധന നിരസിക്കുക തുടങ്ങിയവ നിയമലംഘനങ്ങളിലുൾപ്പെടും.
അനുമതി പത്രമില്ലാതെ ഹറമിൽ നമസ്‌കാരത്തിനെത്തുന്നവർക്ക് 1000 റിയാൽ പിഴയുണ്ടാകും. നിയമംലംഘിച്ചുള്ള ഒത്തുചേരലുകളിൽ ഹാജരാകുന്ന ഒരോ വ്യക്തിക്കും 5,000 റിയാൽ പിഴയുണ്ടാകും. നിയമലംഘനം ആവർത്തിച്ചാൽ ഒരു ലക്ഷം വരെ പിഴയുണ്ടാകും. മൂന്നാംതവണ ആവർത്തിച്ചാൽ പബ്ലിക് പ്രോസിക്യൂഷനു മുമ്പാകെ ഹാജരാക്കി നിയമപ്രകാരമുള്ള ശിക്ഷ നടപടികളുണ്ടാകും.
നിയമംലംഘിച്ച ഒത്തുച്ചേരലുകൾക്ക് ക്ഷണിക്കുകയോ, സംഘടിപ്പിക്കുകയോ ചെയ്യുന്നവർക്ക് 10,000 റിയാൽ പിഴയുണ്ടാകും. ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകുകയും ഒരു ലക്ഷം റിയാൽ വരെ പിഴ ഉണ്ടാകുകയും ചെയ്യും. മൂന്നാംതവണ ആവർത്തിച്ചാൽ പബ്ലിക് പ്രോസിക്യൂഷനു മുമ്പാകെ ഹാജരാക്കി നിയമപ്രകാരമുള്ള ശിക്ഷ നടപടികളുണ്ടാകും.
കോവിഡ് വ്യാപനം കുറക്കാൻ ആളുകളുടെ ഒത്തുച്ചേരലുകൾ കുറക്കാനും സാമൂഹിക അകലം പാലിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് പരിഷ്‌കരിച്ച ശിക്ഷനടപടികളെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മുഴുവനാളുകളും ബന്ധപ്പെട്ട വകുപ്പുകൾ പുറപ്പെടുവിച്ച ആരോഗ്യ മുൻകരുതൽ നടപടികൾ പാലിക്കണമെന്നും നിയമംലംഘിച്ചുള്ള ഒത്തുചേരലുകൾ നടത്തരുതെന്നും ആഭ്യന്തര മന്ത്രാലയം ഉണർത്തി.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ നിശ്ചയിച്ച മുൻകരുതൽ നടപടികൾ പാലിച്ചില്ലെങ്കിൽ സ്ഥാപനത്തിനും അതിന്റെ ചുമതലയുള്ള ആൾക്കും സ്ഥാപനത്തിന്റെ വലുപ്പത്തിനും ജീവനക്കാരുടെ എണ്ണത്തിനുമനുസരിച്ച് പിഴയുണ്ടായിരിക്കും. ഒന്നു മുതൽ അഞ്ച് വരെ ജീവനക്കാരുള്ള സ്ഥാപനമാണെങ്കിൽ 10,000 റിയാലായിരിക്കും പിഴ. സ്ഥാപനം അഞ്ച് ദിവസത്തേക്ക് അടച്ചിടും. ആറ് മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനമാണെങ്കിൽ 20,000 റിയാലായിരിക്കും പിഴ. സ്ഥാപനം അഞ്ച് ദിവസത്തേക്ക് അടച്ചിടും. 50 മുതൽ 249 വരെ ജീവനക്കാരുള്ള സ്ഥാപനമാണെങ്കിൽ 50,000 റിയാലായിരിക്കും പിഴ. സ്ഥാപനം അഞ്ച് ദിവസത്തേക്ക് അടച്ചിടും. 250ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനമാണെങ്കിൽ ഒരുലക്ഷം റിയാലായിരിക്കും പിഴ. സ്ഥാപനം അഞ്ച് ദിവസത്തേക്ക് അടച്ചിടും.
നിയമലംഘനം ആവർത്തിച്ചാൽ മുമ്പ് ചുമത്തിയ പിഴയുടെ ഇരട്ടിയായി രണ്ട് ലക്ഷം റിയാൽ വരെയുണ്ടാകും. സ്ഥാപനം ആറ് മാസത്തേക്ക് അടച്ചിടും. സ്ഥാപനത്തിന്റെ ചുമതലയുള്ള ആൾക്ക് സ്ഥാപനത്തിന്റെ വലുപ്പത്തിനനുസരിച്ചായിരിക്കും പിഴ. നിയമലംഘനം ആവർത്തിച്ചാൽ മുമ്പ് ചുമത്തിയ പിഴ ഇരട്ടിയായി ഒരുലക്ഷം റിയാൽ വരെയെത്തും. രണ്ടാം തവണയും നിയമലംഘനം ആവർത്തിച്ചാൽ സ്ഥാപന ചുമതലയുള്ള ആളെ പബ്ലിക് പ്രോസിക്യൂഷനു മുമ്പാകെ ഹാജരാക്കും.
തുടർന്നുള്ള നിയമ നടപടികൾക്കനുസൃതമായി ജയിലടക്കമുള്ള ശിക്ഷ നേരിടേണ്ടിവരും. റസ്റ്റാറന്റുകൾ, കഫേകൾ എന്നിവയെ മുകളിൽ സൂചിപ്പിച്ച അടപ്പിക്കൽ കാലയളവിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. നിയമലംഘനം ആദ്യതവണയാണെങ്കിൽ 24 മണിക്കൂറായിരിക്കും സ്ഥാപനം അടച്ചിടുക. രണ്ടാംതവണയാണെങ്കിലും 48 മണിക്കൂറും മൂന്നാംതവണയാണെങ്കിൽ ഒരാഴ്ചയും നാലാം തവണയാണെങ്കിൽ രണ്ടാഴ്ചയും അഞ്ചാം തവണയാണെങ്കിൽ ഒരു മാസമോ അതിലധികമോ സ്ഥാപനം അടച്ചിടും.