സൗദിയിലെ പ്രവാസികൾക്ക് ഏറെ ഗുണകരമാകുന്ന പുതിയ തൊഴിൽ പരിഷ്‌ക്കാരങ്ങൾ ഇന്ന് മുതൽ നിലവിൽ വന്നു. രാജ്യത്തെ തൊഴിൽ മേഖലയിൽ പതിറ്റാണ്ടുകൾക്ക് ശേഷമുള്ള ചരിത്രപരമായ മാറ്റത്തിനാണ് ഇന്ന് തുടക്കമായത്. സ്‌പോൺസറുടെ അനുമതിയോടെ മാത്രം നേടാമായിരുന്ന, എക്‌സിറ്റ്-റീ എൻട്രി വിസ, തൊഴിൽ മാറ്റം, സ്‌പോൺസർഷിപ്പ് മാറ്റം തുടങ്ങി നിരവധി കാര്യങ്ങൾ ഇന്ന് മുതൽ പ്രവാസികൾക്ക് സ്വന്തമായി ചെയ്യാം എന്നുള്ളതാണ് ഇതിൽ ഏറ്റവും പ്രധാന മാറ്റം.

തൊഴിൽ കരാർ അവസാനിക്കുന്നതോടെ തൊഴിലുടമയുടെ അനുമതിയില്ലാതെ വിദേശ തൊഴിലാളികൾക്ക് തൊഴിൽ മാറ്റം എളുപ്പമാവും. തൊഴിൽ മന്ത്രാലയത്തിന്റെ നിബന്ധനകൾക്കു വിധേയമായി തൊഴിലുടമയുടെ അനുവാദം കൂടാതെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറാൻ കഴിയുമെന്നതാണ് സവിശേഷത.

നിലവിൽ തൊഴിൽ ഉടമയുടെ അനുവാദത്തോട് കൂടി മാത്രമേ തൊഴിൽമാറ്റം സാധ്യമാവൂ. പുതിയ നിയമപ്രകാരം തൊഴിൽ കരാറിലെ കാലാവധി അവസാനിക്കുന്നതോടെ തൊഴിലുടമയുടെ അനുവാദമില്ലാതെ തന്നെ പുതിയ തൊഴിലിലേക്ക് മാറാൻ പ്രവാസികൾക്ക് കഴിയും. ഇതിന് പുറമെ കരാർ അവസാനിക്കുന്നതിന് മുമ്പാണെങ്കിൽ നേരത്തേ നോട്ടീസ് നൽകിയ ശേഷം തൊഴിൽ മാറാനും അവസരമുണ്ട്.

നാഷണൽ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാമിന്റെ ഭാഗമായാണ് തൊഴിൽ നിയമത്തിൽ പുതിയ മാറ്റങ്ങൾ വരുത്തിയത്. സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന 70 ലക്ഷത്തോളം പ്രവാസികൾക്ക് വലിയ അനുഗ്രഹമാവും പുതിയ നിയമം. ലേബർ റിഫോം ഇനീഷ്യേറ്റീവ് എന്ന പേരിൽ അറിയപ്പെടുന്ന സ്വകാര്യ മേഖലയിലെ ഈ തൊഴിൽ പരിഷ്‌ക്കാരങ്ങൾ അന്തരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് തയ്യാറാക്കിയിട്ടുള്ളത്.

വീട്ടുജോലിക്കാർ, ഹൗസ് ഡ്രൈവർമാർ, വീട്ടു കാവൽക്കാർ, തോട്ടം ജീവനക്കാർ, ആട്ടിടയന്മാർ എന്നിവർക്ക് ഈ പരിഷ്‌ക്കാരങ്ങൾ ബാധകമാവില്ലെന്നും ഇവർക്കായി പുതിയ നിയമനിർമ്മാണം നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.പുതിയ മാറ്റം പ്രാദേശിക തൊഴിൽ വിപണിയിൽ പ്രകടമായ മാറ്റങ്ങളുണ്ടാക്കും. ഇതിലൂടെ രാജ്യത്ത് വിദേശ നിക്ഷേപം ഉയർത്തുകയും, സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കുയും ചെയ്യുമെന്നുമാണ് പ്രതീക്ഷ.