- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നു മാസമായി തൊഴിൽ ഉടമയിൽ നിന്നും വേതനം ലഭിച്ചില്ലെങ്കിൽ മറ്റൊരു തൊഴിലിലേക്ക് മാറാം; നിയമ ലംഘനങ്ങളുടെ പിഴ അടക്കാതെ തൊഴിൽ മാറ്റം നടക്കില്ല; സൗദി അറേബ്യയിലെ സുപ്രധാന തൊഴിൽ പരിഷ്കാരങ്ങളിൽ പ്രവാസികൾ അറിയേണ്ടതെല്ലാം
റിയാദ്: ലക്ഷക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. ഇവിടെ നിതാഖത്ത് ഏർപ്പെടുത്തിയതോടെ നിരവധി മലയാളികൾക്ക് ജോലി നഷ്ടമായ അവസ്ഥ വന്നു. ഇതിന് പിന്നാലെ ഇപ്പോൾ സൗദിയിലെ തൊഴിൽ നിയമങ്ങളിൽ സുപ്രധാന പരിഷ്ക്കാരങ്ങൾ കൊണ്ടു വന്നിരിക്കയാണ്. ഈ മാസം ആദ്യത്തിൽ മന്ത്രാലയം പ്രഖ്യാപിച്ച സുപ്രധാന തൊഴിൽ പരിഷ്കാരങ്ങൾ അനുസരിച്ച് ഒരു പ്രവാസി തൊഴിലാളിയെ തൊഴിലുടമയുടെ സമ്മതമില്ലാതെ തൊഴിൽ മാറ്റ പ്രയോജനം നേടാൻ അർഹരാക്കുന്നതിന് എട്ട് വ്യവസ്ഥകൾ പാലിച്ചിരിക്കണമെന്ന് മാനവ വിഭവ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
നിലവിലുള്ള തൊഴിൽ ഉടമയിൽ നിന്നും മറ്റൊരു തൊഴിലുടമയിലേക്ക് മാറുന്നവർ സർക്കാരിനു നൽകേണ്ട ഫീസുകളും നിയമ ലംഘനങ്ങളുടെ പിഴകളും അടച്ചിരിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. വ്യക്തമായ തൊഴിൽ കരാറില്ലത്ത ഘട്ടത്തിൽ കരാർ തയ്യാറാക്കേണ്ട മുന്ന് മാസക്കാലവധിക്കുള്ളിൽ തയ്യാറാക്കാത്ത പക്ഷം തൊഴിലാളിക്ക് മറ്റൊരു തൊഴിലുടമയിലേക്ക് മാറാവുന്നതാണ്. ഇപ്രകാരം തുടർച്ചയായ മൂന്ന് മാസങ്ങളിൽ വേതനം ലഭിക്കാതിരുന്നാലും നിലവിലെ തൊഴിലുടമയുടെ അനുമതിയില്ലാതെ മറ്റൊരു തൊഴിലുടമക്ക് തൊഴിൽ മാറ്റം നടത്താം.
തൊഴിലുടമ ജയിലിൽ അടക്കപ്പെടുകയോ, മരണപ്പെടുകയോ, രാജ്യം വിട്ടുപോവുകയോ ചെയ്യുന്ന ഘട്ടത്തിൽ തൊഴിലുടമയുടെ അനുമതി കാത്ത് നിൽക്കാതെ മറ്റൊരു തൊഴിലുടമയിലേക്കു മാറാൻ അനുമതിയുണ്ടായിരിക്കും. വർക്ക് പെർമിറ്റിന്റെയോ, ഇഖാമയുടേയോ കാലാവധി അവസാനിക്കുകയും അവ പുതുക്കി നൽകുകയോ ചെയ്യാത്ത ഘട്ടത്തിൽ അനുമതി കാത്ത് നിൽക്കാതെ മറ്റൊരു തൊഴിലുടമയിലേക്ക് മാറാം. തൊഴിലുടമ മനുഷ്യ കച്ചവടം നടത്തിയെന്ന് സ്ഥിരപ്പെടുകയാണങ്കിലും മറ്റൊരു തൊഴിലുടമയെ തേടാൻ തൊഴിലാളിക്ക് അനുമതി നൽകും. തൊഴിലുടമയും തൊഴിലാളിയും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടാകുമ്പോൾ അല്ലെങ്കിൽ ഒരു തൊഴിൽ കേസിൽ രണ്ട് തവണ തൊഴിലുടമ ഹാജരാവാതിരുന്നാലും സേവന മാറ്റം നടത്താം.
സൗദിയിലെത്തി 12 മാസം പൂർത്തിയാവുന്ന ഘട്ടത്തിൽ 90 ദിവസം മുമ്പ് തൊഴിലുടമക്ക് വിവരം നൽകി മറ്റൊരു തൊഴിലുടമയിലേക്ക് മാറാം. എന്നാൽ പ്രത്യേക വ്യവസ്ഥ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ പുതിയ തൊഴിലുടമയിലേക്ക് മാറുന്നത് അസാധ്യമാവും. റീഎൻട്രി കാലാവധിക്കകം തിരിച്ചു വരാത്ത തൊഴിലാളിയുടെ സേവനം വീണ്ടും ഉപയോഗപ്പെടുത്തുന്നതിനു തൊഴിലാളിയുടെ എക്സിറ്റ് റീഎൻട്രി അബ്ഷിർ മുഖേന നേടുക, തൊഴിൽ കരാറുണ്ടായിരിക്കുക. കാലാവധിയുള്ള ഇഖാമയുണ്ടായിരിക്കുക തുടങ്ങിയ നിബന്ധനകളുണ്ടായിരിക്കും.
ഒരു പ്രവാസി തൊഴിലാളിയെ തൊഴിലുടമയുടെ സമ്മതമില്ലാതെ തൊഴിൽ മാറ്റ പ്രയോജനം നേടാൻ അർഹരാക്കുന്നതിന് എട്ട് വ്യവസ്ഥകൾ താഴെ പറയുന്നവനയാണ്:
തൊഴിൽ നിയമത്തിൽ പറയുന്ന സുപ്രധാന വ്യവസ്ഥകൾ ചുരുക്കത്തിൽ:
1. തൊഴിലാളി രാജ്യത്ത് പ്രവേശിച്ച് മൂന്ന് മാസമായിട്ടും നിലവിലെ തൊഴിലുടമയുമായി എഴുതപ്പെട്ട തൊഴിൽ കരാർ ഉണ്ടായിട്ടില്ലെങ്കിൽ
2. തുടർച്ചയായി മൂന്നു മാസത്തെ വേതനം നൽകുന്നതിൽ തൊഴിലുടമ പരാജയപ്പെട്ടാൽ
3. യാത്ര, തടവ്, മരണം തുടങ്ങിയ കാരണങ്ങളാൽ തൊഴിലുടമയെ ലഭ്യമല്ലെങ്കിൽ
4. തൊഴിലാളിയുടെ വർക്ക് പെർമിറ്റോ താമസ രേഖയോ (ഇഖാമ) കാലാവധി അവസാനിക്കൽ
5. ബെനാമി ബിസിനസിൽ തൊഴിലുടമയുടെ പങ്കാളിത്തത്തെക്കുറിച്ച് തൊഴിലാളി പരാതി നൽകൽ.
6. മനുഷ്യക്കടത്തിൽ തൊഴിലുടമയ്ക്ക് പങ്കുണ്ടെന്നതിന് തൊഴിലാളി തെളിവു നൽകിയാൽ.
7. തൊഴിലാളിയും നിലവിലെ തൊഴിലുടമയും തമ്മിലുള്ള തൊഴിൽ തർക്കം. ഇത് പരിഹരിക്കുന്നതിനായി ഹിയറിങ് സമയം അറിയിച്ചിട്ടും രണ്ട് ശ്രമങ്ങളിൽ തൊഴിലുടമയോ പ്രതിനിധിയോ പങ്കെടുത്തില്ലെങ്കിലും തൊഴിൽ മാറാൻ അർഹത കിട്ടും.
8. നിലവിലെ തൊഴിലുടമയുടെ അംഗീകാരത്തോടെയുള്ള തൊഴിൽ കൈമാറ്റം.
ഇങ്ങനെ തൊഴിൽ മാറ്റത്തിന് ശ്രമിക്കുന്ന തൊഴിലാളികൾ പാലിക്കേണ്ട വ്യവസ്ഥകൾ
1. രാജ്യത്തിന്റെ തൊഴിൽ നിയമത്തിന് വിധേയമായ ഒരു പ്രവാസി പ്രഫഷനൽ ആയിരിക്കണം
2. രാജ്യത്ത് ആദ്യം പ്രവേശിച്ചതിനു ശേഷം നിലവിലെ തൊഴിലുടമയുമായി ഒരു വർഷത്തെ സേവനം പൂർത്തിയാക്കൽ
3. നിലവിലെ തൊഴിലുടമയുമായി എഴുതപ്പെട്ട തൊഴിൽ കരാർ ഉണ്ടായിരിക്കുക.
4. ഏറ്റെടുക്കാൻ പോകുന്ന പുതിയ തൊഴിലുടമ, മന്ത്രാലയത്തിന്റെ ക്വിവ പോർട്ടൽ വഴി സമർപ്പിച്ച തൊഴിൽ ഓഫർ ഉണ്ടാവുക
5. തൊഴിൽ മാറ്റം സംബന്ധിച്ച് നിലവിലെ തൊഴിൽ ദാതാവിന് മുൻകൂട്ടി ഒരു നിശ്ചിത അറിയിപ്പ് കാലയളവിനകം അഭ്യർത്ഥന കൈമാറൽ
പുതിയ തൊഴിൽ ദാതാവ് പാലിക്കേണ്ട നാല് നിബന്ധനകൾ
1. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് വീസ നേടാൻ തൊഴിലുടമയുടെ സ്ഥാപനത്തിന് യോഗ്യതയുണ്ടായിരിക്കണം
2. വേതന സംരക്ഷണ പദ്ധതി ചട്ടങ്ങൾ പാലിക്കൽ
3. തൊഴിൽ കരാർ ഡോക്യുമെന്റേഷന്റെയും ഡിജിറ്റൈസേഷൻ പ്രോഗ്രാമിന്റെയും ചട്ടങ്ങൾ പാലിക്കൽ
4. സ്വയം വിലയിരുത്തൽ പ്രോഗ്രാം അനുസരിച്ചിരിക്കണം.
പുതിയ പരിഷ്കാരമനുസരിച്ചുള്ള തൊഴിൽ കൈമാറ്റ സേവനത്തിന് അധിക ഫീസ് ഈടാക്കില്ലെന്നും അതേ സമയം നിലവിൽ കൈമാറ്റത്തിന് തുടരുന്ന നിബന്ധനകളും ഫീസും തുടരുമെന്നും അധികൃതർ വ്യക്തമാക്കി. ഇതിനകം ഇഷ്യു ചെയ്ത വീസകളുടെ സ്ഥിതിയെ പുതിയ നിയമം ബാധിക്കില്ല. അവ നിലവിൽ പ്രാബല്യത്തിലുള്ള സംവിധാനത്തിന് അനുസൃതമായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കൂടുതൽ തൊഴിലാളികളെയും സംരംഭകരേയും ആകർഷിക്കും
വേതന സംരക്ഷണ സംവിധാനം, തൊഴിൽ കരാറുകളുടെ ഡിജിറ്റൽ ഡോക്യുമെന്റേഷൻ, തൊഴിൽ വിദ്യാഭ്യാസം, ബോധവൽക്കരണ സംരംഭങ്ങൾ, തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേക സംവിധാനം എന്നിവയും പുതിയ പദ്ധതിയിൽ ഉൾകൊള്ളുന്നു. തൊഴിൽ വിപണിയിലെ വഴക്കവും ഫലപ്രാപ്തിയും മത്സരശേഷിയും വർധിപ്പിച്ച് മികച്ച രാജ്യാന്തര നിലവാരത്തിലേക്ക് സൗദി തൊഴിൽ നിയമവും അന്തരീക്ഷവും പരിവർത്തിപ്പിക്കുകയും കൂടുതൽ തൊഴിലാളികളെയും സംരംഭകരേയും ആകർഷിക്കാനും പുതിയ നീക്കത്തിനാകും. സൗദി തൊഴിലാളികളും പ്രവാസികളും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിന് സഹായകമാകുമെന്നതാണ് മറ്റൊരു വിലയിരുത്തൽ.
സ്വദേശികൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിലൂടെ തൊഴിൽ വിപണിയിൽ അത് ക്രിയാത്മകമായി പ്രതിഫലിക്കും, ഒപ്പം മികച്ച പ്രതിഭകൾക്കുള്ള പ്രാദേശിക തൊഴിൽ വിപണിയിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. തൊഴിൽ കരാർ അവസാനിക്കുന്നതോടെ തൊഴിലുടമയുടെ അനുമതിയില്ലാതെ പ്രവാസി തൊഴിലാളികൾക്ക് തൊഴിൽ മാറാനുള്ള സ്വാതന്ത്ര്യം ഇതിന് കൂടുതൽ കരുത്ത് പകരും. എക്സിറ്റ്, റീ-എൻട്രി വീസ പരിഷ്കാരിക്കുന്നതിലൂടെ തൊഴിലുടമയുടെ അനുമതിയില്ലാതെ പ്രവാസി തൊഴിലാളികൾക്ക് സൗദി അറേബ്യയ്ക്ക് പുറത്ത് യാത്ര ചെയ്യാൻ കഴിയും. തിരിച്ച് പ്രവേശിക്കുന്നത് തൊഴിലുടമയെ ഇലക്ട്രോണിക് സംവിധാനം വഴി അറിയിക്കാനും സംവിധാനമുണ്ടാകും.
ഫൈനൽ എക്സിറ്റ് വീസ പരിഷ്കാരങ്ങൾ വഴി തൊഴിലുടമയുടെ സമ്മതമില്ലാതെ തൊഴിൽ കരാർ അവസാനിച്ചതിന് ശേഷം പ്രവാസി തൊഴിലാളിയെ രാജ്യം വിടാൻ അനുവദിക്കുന്നു, ഒപ്പം തൊഴിൽ കരാർ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇലക്ട്രോണിക് മാധ്യമം വഴി തൊഴിലുടമയെ അറിയിക്കാനും ഇതു വഴി കഴിയും. ആഭ്യന്തര മന്ത്രാലയത്തിന്റെ 'അബ്ഷിർ', മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ 'ക്വിവ' ആപ്ലിക്കേഷനുകൾ വഴി തൊഴിലാളികൾക്കും വിവരങ്ങൾ അപ്പപ്പോൾ അറിയാനാകും. തൊഴിലുടമകളും ജോലിക്കാരും തമ്മിലെ തർക്കങ്ങളുടെ എണ്ണം കുറയുമെന്നും പ്രതീക്ഷിക്കുന്നു.
അഭ്യന്തര മന്ത്രാലയം, ദേശീയ വിവര കേന്ദ്രം, മറ്റു നിരവധി സർക്കാർ ഏജൻസികൾ എന്നിവയുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്വകാര്യമേഖലയിലെ പ്രതിനിധികളും സൗദി ചേംബർ ഓഫ് കൊമേഴ്സും തമ്മിൽ നിരവധി മീറ്റിങുകളും ശിൽപശാലകളും ഇതിനു മുന്നോടിയായി നടന്നതായും ബന്ധപ്പെട്ടവർ അറിയിച്ചു.