റിയാദ്: സൗദി ഓഹരി വിപണി വിദേശ സ്ഥാപനങ്ങൾക്കു തുറന്നു കൊടുക്കുന്നു. ജൂൺ മുതൽ സൗദി സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരികൾ വിദേശ സാമ്പത്തിക സ്ഥാപനങ്ങൾക്കു സ്വന്തമാക്കാമെന്ന് കാപിറ്റൽ മാർക്കറ്റ് അഥോറിറ്റി അറിയിച്ചു. യോഗ്യതയുള്ള വിദേശ സ്ഥാപനങ്ങളെ ഓഹരി ഇടപാടു നടത്താൻ അനുവദിക്കുന്ന നിയമം ജൂൺ ഒന്നിന് പുറത്തുവിടുമെന്നും അഥോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

2014 ജൂലൈ 21ന് സൗദി മന്ത്രിസഭ അംഗീകരിച്ച 388ാം നമ്പർ കരാറിന്റെ അടിസ്ഥാനത്തിലാണ് ഓഹരി വിപണി വിദേശികൾക്ക് തുറന്നുകൊടുക്കാൻ തീരുമാനിച്ചത്. സൗദിയിൽ മുതൽമുടക്കുള്ള വിദേശ സ്ഥാപനങ്ങൾക്ക് ഓഹരി വിപണിയിൽ പരസ്യപ്പെടുത്തിയ സ്ഥാപനങ്ങളുടെ ഷെയർ വാങ്ങിക്കാൻ ഇതോടെ അവസരം ലഭിക്കും. മന്ത്രിസഭ നിർദേശമനുസരിച്ച് പ്രാഥമിക നിയമാവലി കാപിറ്റൽ മാർക്കറ്റ് അഥോറിറ്റിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് 2014 ജൂലൈ 22ന് വെളിപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് വിദേശികൾക്ക് സൗദി വിപണിയിൽ ഓഹരി എടുക്കാനുള്ള നിയമാവലിയുടെ കരട് 2014 ഓഗസ്റ്റ് 21 അഥോറിറ്റി പുറത്തുവിട്ടു. 90 ദിവസത്തിനകം വിദഗ്ധരുടെ നിർദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാനാണ് അഥോറിറ്റി അഭ്യർത്ഥിച്ചിരുന്നത്. ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നും വിദഗ്ധരിൽ നിന്നും ലഭിച്ച അഭിപ്രായനിർദേശങ്ങളുടെ വെളിച്ചത്തിൽ മെയ്‌ നാലിനകം അന്തിമരൂപം നൽകും. എന്നാൽ ജൂൺ ഒന്നിനാണ് നിയമാവലി ഔദ്യോഗികമായി പ്രസിദ്ധീകരിക്കുക.

ജൂൺ 15 മുതലാണ് സൗദി ജനറൽ ഇൻവെസ്റ്റ്‌മെന്റ് അഥോറിറ്റി (സാഗിയ) അംഗീകാരമുള്ള വിദേശ സ്ഥാപനങ്ങൾക്ക് ഓഹരി വിപണിയിൽ ഷെയർ എടുക്കാനാവുക. സുതാര്യവും കുറ്റമറ്റതുമായ രീതിയിൽ ഓഹരി വിപണി വിദേശികൾക്ക് തുറന്നുകൊടുക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിസഭ തീരുമാനത്തിന് ശേഷം ഒരു വർഷത്തോളം നീണ്ട നടപടിക്രമങ്ങൾ സ്വീകരിച്ചതെന്ന് കാപിറ്റൽ മാർക്കറ്റിങ് അഥോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി.