ഖുൻഫുദ: സൗദിയിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിനിയും മകനും മരിച്ചു. സൗദിയിലെ ഖുൻഫുദയിൽ ഇന്ന് രാവിലെയായിരുന്നു അപകടം. ഖുൻഫുദയിൽ ജോലി ചെയ്യുന്ന വേങ്ങര കോട്ടുമല സ്വദേശി പറ്റൊടുവിൽ ഇസ്ഹാഖിന്റെ ഭാര്യ ഷഹറാബാനു (30), മൂത്ത മകൻ മുഹമ്മദ് ഷാൻ (11) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ സൗദി സമയം 10 മണിയോടെയായിരുന്നു അപകടം. അൽ ഖൗസിൽ നിന്ന് ഹാലിയിലേക്ക് ഇസ്ഹാഖിന്റെ സഹോദരനെ കാണാൻ വരുന്നതിനിടെ യാത്രാമധ്യയാണ് അപകടമുണ്ടായത്. വാഹനമോടിക്കുന്നതിനിടയിൽ മുൻ സീറ്റിലുണ്ടായിരുന്ന കുട്ടിക്ക് സീറ്റ് ബെൽറ്റ് ഇടാൻ ഡ്രൈവ് ചെയ്തിരുന്ന ഇസ്ഹാഖ് ശ്രമിക്കുന്നതിനിടെ മുമ്പിലുണ്ടായിരുന്ന ട്രൈലർ വാഹനത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്.

മൃതദേഹങ്ങൾ ഖുൻഫുദ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ പരിക്കേറ്റ ഇസ്ഹാഖും ഇവരുടെ ഇളയ കുട്ടിയും ഇതേ ആശുപത്രയിൽ ചികിത്സയിലാണ്. രണ്ടു ദിവസം മുമ്പായിരുന്നു സന്ദർശക വിസയിൽ ഇസ്ഹാഖിന്റെ കുടുംബം സൗദിയിലെത്തിയത്.