രാജ്യത്തെ സിനിമാ പ്രേമികൾക്ക് ഇനി നിരാശവേണ്ട. മറ്റ് രാജ്യങ്ങളിലേത് പോലെ തന്നെ പുതിയ സിനിമകൾ ഇനി സൗദിയിലും റിലിസിനെത്തും. അടുത്ത മാർച്ചോടെ സൗദി അറേബ്യയിൽ സിനിമാ തീയേറ്ററുകൾ പ്രവർത്തിച്ച് തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. പൊതു സിനിമാ ശാലകൾക്ക് ലൈസൻസ് അനുവദിക്കുന്ന നടപടി ക്രമങ്ങൾക്ക് തുടക്കം കുറിക്കാൻ തീരുമാനമായതായി സൗദി സാംസ്‌കാരിക വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു.

2030 ഓടെ 2000 സ്‌ക്രീനുകളിലായി 300 സിനിമകൾ കാണിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല 30000 പേർക്ക് സ്ഥിരമായി ജോലി നൽകാനും വ്യവസായം കൊണ്ട് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ജനറൽ കമ്മീഷൻ ഫോർ ഓഡിയോ വിഷ്വൽ മീഡിയ ആണ് ലൈസൻസ് അനുവദിച്ചു തുടങ്ങിയത്.

സിനിമയുടെ ഉള്ളടക്കം സംബന്ധിച്ചും ചട്ടത്തിലുണ്ടാകും. സിനിമകൾക്ക് രാജ്യത്ത് സെൻസർഷിപ്പ് കമ്മിറ്റിയും രൂപീകരിച്ചേക്കും. ഇവരാകും പ്രദർശന യോഗ്യമാണോ എന്ന കാര്യം തീരുമാനിക്കുക. സിനിമകൾക്കും സിനിമ അനുബന്ധ ഷോകളും രാജ്യത്തിന്റെ മൂല്യങ്ങൾക്ക് വിരുദ്ധമാകില്ലെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സിനിമകൽക്ക് രാജ്യത്തെ വിവിധ കേന്ദ്രങ്ങൾ ഷൂട്ടിങിന് നിലവിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 2000ത്തിന് ശേഷം പത്തിലേറെ സിനിമകൾ സൗദിയിൽ നിന്ന് ചിത്രീകരിച്ചു. അക്കാദമി അവാർഡ് നേടിയവയും ഇക്കൂട്ടത്തിലുണ്ട്. പുതിയ തീരുമാനത്തോടെ സംവിധായകരും പ്രതീക്ഷയിലാണ്.