സൗദി അറേബ്യ: . ഒരു വർഷം മുൻപ് പുറത്തിറക്കിയ രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊതു സ്ഥലങ്ങളിൽ പുകവലിക്കുന്നവർക്കെതിരെ ഇന്നു മുതൽ കനത്ത നടപടി. കനത്ത പിഴ ശിക്ഷയുമായി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നതോടെ നിയമലംഘകർക്ക് ്് കനത്ത പിഴയിടാക്കനാണ് നീക്കം.

പുകയില ഉൽപ്പന്നങ്ങളുടെ ഉപഭോഗവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്ക് 200 റിയാൽ മുതൽ 5000 റിയാൽ വരെയും നിർമ്മാണവും വിൽപ്പനയുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്ക് 20,000 റിയാൽ വരെയും പിഴ ശിക്ഷ ലഭിക്കും. തടവ് ശിക്ഷ നിയമത്തിൽ എടുത്തു പറഞ്ഞിട്ടില്ല.

പുകവലി നിരോധിക്കപ്പെട്ട സ്ഥലങ്ങളെ നിയമത്തിൽ സ്പഷ്ടമാക്കിയിട്ടുണ്ട്. വിദ്യഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ സ്ഥാപനങ്ങൾ, കായികം, സാംസ്‌കാരികം, സാമൂഹികം, ചാരിറ്റി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് അരികിൽ നിന്നും പുക വലിക്കുന്നവർക്ക് ഇന്ന് മുതൽ എതിരെ 200 റിയാൽ മുതൽ 5000 റിയാൽ വരെയുള്ള പിഴ ഈടാക്കും. പള്ളികൾക്ക് സമീപം പുക വലിക്കുന്നവർക്കും സമാനമായ പിഴ ശിക്ഷയാണുള്ളത്.

ലിഫ്റ്റുകളിൽ പുകവലി നിരോധിച്ചിട്ടുണ്ട്. 18 വയസ്സിനു താഴെയുള്ളവർക്ക് പുകയില ഉല്പന്നങ്ങൾ വിൽക്കുന്നതും നിരോധിച്ചിരിക്കുന്നു.പുകയില ഉല്പന്നങ്ങളുടെ വിലപ്പന വർദ്ധനവിന് വേണ്ടിയുള്ള പ്രവർത്തനങ്ങളെ നിരോധിക്കപ്പെട്ട ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം നിയമ ലംഘനങ്ങൾക്ക് വൻ പിഴ ശിക്ഷയാണ് ലഭിക്കുക. പുകയില ഉൽപ്പന്നങ്ങളുടെ വില കുറക്കുന്നത് നിരോധിച്ചിട്ടുണ്ട്. കൂടാതെ വിൽപ്പന വര്ദ്ധനവിനായി സിഗരറ്റുകൾ സൗജന്യമായി നൽകുക, കൂടുതൽ വാങ്ങുന്നവർക്ക് പ്രത്യേകം സമ്മാനങ്ങൾ നൽകുക എന്നിവയും നിരോധിച്ചിരിക്കുന്നു. പുകയില ഉല്പന്നങ്ങളുടെ പരസ്യങ്ങൾ അടങ്ങിയ ഏതു രീതിയിലുള്ള വസ്തുക്കളുടെ വിൽപ്പനയും അവയുടെ രാജ്യത്തേക്കുള്ള ഇറക്കുമതിയും ഇനി പാടില്ല.

കുട്ടികളുടെ കളിപ്പാട്ടങ്ങളിൽ പോലും പുകയില ഉല്്പ്പന്നങ്ങളെ പ്രോല്‌സാഹിപ്പിക്കുന്ന തരത്തിലുള്ള യാതൊന്നും ഉണ്ടാകാൻ പാടില്ല. കളിപ്പാട്ട രൂപത്തിലുള്ള സിഗരറ്റിന്റെ വിൽപ്പനയും നിരോധിക്കപ്പെട്ടിരിക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങൾക്ക് 20,000 റിയാൽ വരെ പിഴ ശിക്ഷ ലഭിക്കും.