റിയാദ്: മലബാറിലെ പ്രവാസികളും ഹജ്ജ് - ഉംറ തീർത്ഥാടകരും യാത്രക്കായി പ്രധാനമായും ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളം സ്വകാര്യ വൽക്കരിക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്ന് റിയാദ് - കോട്ടക്കൽ മണ്ഡലം കെഎംസിസി എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. പ്രവാസികളിൽ നിന്നും യൂസേഴ്‌സ് ഫീ ഈടാക്കിയും ജനപ്രതിനിധികൾ ഗൾഫ് രാജ്യങ്ങളിൽ സന്ദർശനം നടത്തി പ്രവാസികളിൽ നിന്നും പിരിച്ചെടുത്ത സംഭാവന ഉപയോഗിച്ചുമാണ് വിമാനത്താവള വികസനം യാഥാർഥ്യമാക്കിയതെന്നും നിലവിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളം പൊതുമേഖലയിൽ തന്നെ നില നിർത്തണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

റൺവേ അറ്റക്കുറ്റപ്പണികൾ പൂർത്തിയായ സ്ഥിതിക്ക് നേരത്തെ സർവീസ് നടത്തിയിരുന്ന സൗദി എയർലൈൻസ്, എമിറേറ്റ്‌സ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾക്ക് കരിപ്പൂരിൽ നിന്നും സർവീസ് പുനരാരംഭിക്കാൻ ഉടനെ അനുമതി നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രവാസികളുടെയും ഉംറ തീർത്ഥാടകരുടെയും സൗകര്യം പരിഗണിച്ചു കോഴിക്കോട് - മദീന സർവീസ് ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സൗദി കെഎംസിസി നാഷണൽ കമ്മിറ്റിക്ക് കീഴിലുള്ള സ്പോർട്സ് കൺവീനർ ആയും മലപ്പുറം ജില്ല കെഎംസിസി വൈസ് പ്രസിഡന്റ് ആയും തെരെഞ്ഞെടുക്കപ്പെട്ട മണ്ഡലം കെഎംസിസി പ്രസിഡന്റ് മൊയ്ദീൻ കുട്ടി പൊന്മളയെ യോഗം അഭിനന്ദിച്ചു. കെഎംസിസി നാഷണൽ കമ്മിറ്റിയുടെ കുടുംബ സുരക്ഷ പദ്ധതിയിൽ കോട്ടക്കൽ മണ്ഡലത്തിൽ നിന്നുള്ളവരെ ചേർത്ത് പദ്ധതി വിജയിപ്പിച്ച ഭാരവാഹികളെ യോഗം അഭിനന്ദിച്ചു. കോട്ടക്കൽ മണ്ഡലം കെഎംസിസി നടത്തി വരുന്ന നോർക്ക ഐ ഡി കാർഡ്, പ്രവാസി ക്ഷേമനിധി ക്യാമ്പയിനിൽ മണ്ഡലത്തിൽ നിന്നുള്ള മുഴുവൻ പ്രവാസികളെയും അംഗങ്ങളാക്കാനും യോഗം തീരുമാനിച്ചു.

ബത്ഹയിൽ വെച്ച് നടന്ന യോഗത്തിൽ പ്രസിഡന്റ് മൊയ്ദീൻ കുട്ടി പൊന്മള അധ്യക്ഷത വഹിച്ചു. അബൂബക്കർ സി. കെ പാറ യോഗം ഉദ്ഘാടനം ചെയ്തു. എം. പി ബഷീർ, മൊയ്ദീൻ കുട്ടി പൂവ്വാട്, അബ്ദുൽ ഗഫൂർ കൊന്നക്കാട്ടിൽ, നിസാർ പാറശ്ശേരി, ഫർഹാൻ കാടാമ്പുഴ, സിറാജ് കോട്ടക്കൽ, ഇസ്മായിൽ പൊന്മള, മുഹമ്മദ് കല്ലിങ്ങൽ, ഫാറൂഖ് ചാപ്പനങ്ങാടി, മജീദ് ബാവ തലകാപ്പ്, സഫീർ കോട്ടക്കൽ, മുനീർ പുളിക്കൽ, ജംഷീദ് കൊടുമുടി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ഷുഹൈബ് മന്നാനി കാർത്തല പ്രാർത്ഥന നടത്തി. ജനറൽ സെക്രട്ടറി അഷ്റഫ് പുറമണ്ണൂർ സ്വാഗതവും ഫൈസൽ എടയൂർ നന്ദിയും പറഞ്ഞു. യോഗത്തിൽ വെച്ച് മണ്ഡലം കെഎംസിസി കമ്മിറ്റി പുനഃസംഘടിപ്പിച്ചു.