റിയാദ്:ഭാരവാഹികൾക്കിടയിൽ കടുത്ത വിഭാഗീയത നില നിൽക്കുനതിനാൽ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ പ്രവർത്തനം നിർജ്ജീവമായി. നിരവധി ജില്ല - മണ്ഡലം കെഎംസിസി കമ്മിറ്റികളുള്ള റിയാദിൽ ആയിരക്കണക്കിന് കെഎംസിസി മെമ്പർമാർ ഉണ്ട്. സെൻട്രൽ കമ്മിറ്റിയുടെ നിർജീവാവസ്ഥ കാരണം സംഘടന പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും പൂർണ്ണമായും നിലച്ച മട്ടാണ്. ഇത് സാധാരണക്കാരായ കെഎംസിസി പ്രവർത്തകരെയും പൊതുവെ പ്രവാസികളെയും പ്രതികൂലമായി ബാധിക്കാൻ തുടങ്ങിയിട്ടുണ്ട്.

സംഘനക്കുള്ളിലെ വിഭാഗീയത കാരണം ഏതാനും മാസങ്ങൾക്കു മുമ്പ് കൗൺസിൽ മീറ്റ് ചേർന്നെങ്കിലും സെൻട്രൽ കമ്മിറ്റിയെ തെരെഞ്ഞെടുക്കാൻ കഴിഞ്ഞില്ല. തർക്കം കാരണം തുടർന്ന് മുസ്ലിം ലീഗ് നേതൃത്വം നാട്ടിൽ നിന്നാണ് റിയാദ് സെൻട്രൽ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. ഇരു വിഭാഗത്തിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തി കമ്മിറ്റി പ്രഖ്യാപിച്ചെങ്കിലും കടുത്ത വിഭാഗീയത നില നിൽക്കുന്നതിനാൽ കമ്മിറ്റി പ്രവർത്തനം സജീവമായില്ല. ഇതിനിടയിൽ, തന്റെ ഇഷ്ടം നടക്കാത്തതിനാൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് രാജി വെച്ചെങ്കിലും കെഎംസിസി നാഷണൽ കമ്മിറ്റി രാജി സ്വീകരിച്ചില്ലെന്ന് മാത്രമല്ല, തൽസ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ വിഭാഗീയത വീണ്ടും സജീവമായി.

ഭിന്നത കാരണം കെഎംസിസി മെമ്പർമാർക്കും അനുഭാവികളായ പ്രവാസികൾക്കും ഏറെ ആശ്വാസം ലഭിക്കുന്ന കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ കുടുംബ സുരക്ഷ പദ്ധതി വേണ്ടത്ര വിജയിച്ചില്ല. പല മണ്ഡലം കെഎംസിസി കമ്മിറ്റികളും കുടുംബ സുരക്ഷ പദ്ധതിയിൽ അംഗങ്ങളെ ചേർക്കാതെ വിട്ടു നിന്നു. മുസ്ലിം ലീഗിന്റെ ഡൽഹി ആസ്ഥാന ഓഫിസ് ഫണ്ട് ശേഖരണവും വിജയിപ്പിക്കാൻ കഴിഞ്ഞില്ല. റമദാൻ അടുത്ത് വരുന്നതിനാൽ സി. എച്ച് സെന്റർ കളക്ഷനും ഇത്തവണ വിജയിക്കാൻ സാധ്യത ഇല്ല.

വിഭാഗീയത അവസാനിപ്പിച്ചു പ്രവർത്തനം ഉടനെ സജീവമാക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി. എം. എ സലാം റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി. പി മുസ്തഫ ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര എന്നിവർക്ക് കത്ത് അയച്ച വിവരം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വിഭാഗീയത അവസാനിപ്പിച്ചില്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പാർട്ടി സെക്രട്ടറി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ശാസന ഫലം കാണുമെന്ന പ്രതീക്ഷയിലാണ് റിയാദിലെ കെഎംസിസി പ്രവർത്തകർ.