വർഷം ഹജ്ജിന് അവസരം ലഭിച്ച പ്രവാസി ഇന്ത്യക്കാർക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് പാസ്‌പോർട്ട് നൽകുന്ന രീതിയിൽ മാറ്റം വരുത്തണമെന്ന് ഐ സി എഫ് ഇന്റർനാഷണൽ കൗൺസിൽ ആവശ്യപ്പെട്ടു.

നിലവിൽ ഇന്ത്യൻ ക്വാട്ടയിലൂടെ മാത്രമേ പ്രവാസികൾക്ക് ഹജ്ജിന് പോകാൻ സാധിക്കൂ. അതനുസരിച്ച് അപേക്ഷ നൽകുകയും നറുക്കെടുപ്പിൽ അവസരം ലഭിക്കുകയും ചെയ്ത ആളുകൾ ഏപ്രിൽ 24 ന് മുൻപ് പാസ്‌പോർട്ട് നൽകണമെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിർദേശിച്ചിരിക്കുന്നത്. അവസരം ലഭിച്ചവർ ഇതിനകം ആദ്യഗഡു പണം അടക്കുകയും ചെയ്തു.
നേരത്തെ പാസ്പോർട്ട് സമർപ്പിക്കേണ്ടി വരുന്ന പ്രവാസികൾ 60-70 ദിവസം ഹജ്ജിനായി ലീവെടുക്കണം. വിദേശത്തു സർക്കാർ, സ്വകാര്യ മേഖലയിലെ ജോലിക്കാർക്ക് പൊതുവെ ലഭിക്കുന്ന അവധി ഒരു മാസമാണ്. ദിവസങ്ങളോളം അവർക്ക് ജോലിയിൽ നിന്ന് വിട്ട് നിൽക്കേണ്ടി വരുന്നത് അവരുടെ ജോലിയെ ബാധിക്കും.

ഇ-വിസ സൗകര്യം ലഭ്യമായതിനാൽ പാസ്പോർട്ടിൽ വിസ സ്റ്റാമ്പിങ് ആവശ്യമില്ല എന്നതിനാൽ തീർത്ഥാടകർ ഒറിജിനൽ പാസ്പോർട്ട് ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കണമെന്ന നിലവിലെ നടപടിക്രമത്തിൽ മാറ്റം വരുത്തുകയോ പാസ്പോർട്ട് സമർപ്പിക്കൽ രീതി ഒഴിവാക്കുകയോ യാത്രാ കാലാവധിക്കനുസരിച്ച് സമയക്രമത്തിൽ മാറ്റം വരുത്തുകയോ വേണം. ഐ സി എഫ് ഇന്ത്യൻ ഹജ്ജ് കമ്മിറ്റി അധികാരികൾക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.