റിയാദ്: ഇന്ത്യ രാജ്യത്തിന്റെ സമ്പദ്ഘടനയിൽ നിർണ്ണായക സംഭാവന നൽകുന്ന പ്രവാസികൾക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യം ഉടനെ ഒരുക്കണമെന്ന് റിയാദ് - കോട്ടക്കൽ മണ്ഡലം കെഎംസിസി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാവാൻ പ്രവാസികൾക്കും അവകാശമുണ്ടെന്നും രാജ്യത്തെ ജനസംഖ്യയിൽ വലിയൊരു വിഭാഗം പ്രവാസികളാണെന്നും കെഎംസിസി യോഗം ചൂണ്ടിക്കാട്ടി. പ്രവാസികൾക്ക് വോട്ട് രേഖപ്പെടുത്താനുള്ള സാഹചര്യം വേഗത്തിൽ യഥാർഥ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ദേശീയ പാത വികസനത്തിന്റ ഭാഗമായി രണ്ടത്താണിയിൽ അടിപ്പാത നിർമ്മിക്കാത്തതിനാൽ പ്രദേശവാസികൾ വലിയ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി. രണ്ടത്താണി ടൗൺ, സ്‌കൂൾ, ബാങ്ക്, പോസ്റ്റ് ഓഫീസ് ആരാധനാലയം ഉൾപ്പെടെ നിരവധി ആവശ്യങ്ങൾക്ക് ജനങ്ങൾക്ക് ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യമാണെന്നും ഇത് പരിഹരിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാറുകൾ അടിയന്തിര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസ്തുത വിഷയം പാർലമെന്റിൽ അവതരിപ്പിച്ച ഇ. ടി മുഹമ്മദ് ബഷീർ എം. പി, നിയമ സഭയിൽ അവതരിപ്പിച്ച പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ എന്നിവരെ യോഗം അഭിനന്ദിച്ചു.

റമദാനിൽ കെഎംസിസി സൗദി നാഷണൽ കമ്മിറ്റി നടത്തുന്ന സി. എച്ച് സെന്റർ, ശിഹാബ് തങ്ങൾ റിലീഫ് സെൽ ഫണ്ട് കളക്ഷൻ വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. മാർച്ച് 29 ന് കോട്ടക്കൽ മണ്ഡലത്തിലെ കെഎംസിസി പ്രവർത്തകർക്കായി ഇഫ്താർ സംഗമം നടത്താനും യോഗം തീരുമാനിച്ചു. ലോകസഭ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ഡോ. അബ്ദുസ്സമദ് സമദാനിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കാനും യോഗം തീരുമാനിച്ചു.

ബത്ഹയിൽ വെച്ച് നടന്ന യോഗം റിയാദ് - മലപ്പുറം ജില്ല കെഎംസിസി വൈസ് പ്രസിഡന്റ് മൊയ്ദീൻ കുട്ടി പൊന്മള ഉദ്ഘാടനം ചെയ്തു. മണ്ഡലം കെഎംസിസി പ്രസിഡന്റ് ബഷീർ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. മൊയ്ദീൻ കുട്ടി പൂവ്വാട്, ഇസ്മായിൽ പൊന്മള, ഷുഹൈബ് മന്നാനി വളാഞ്ചേരി, ദിലൈബ് ചാപ്പനങ്ങാടി, ഫർഹാൻ കാടാമ്പുഴ, നിസാർ പാറശ്ശേരി, അബ്ദുൽ ഗഫൂർ കോൽക്കളം, മൊയ്ദീൻ കോട്ടക്കൽ, മജീദ് ബാവ, ഫിറോസ് വളാഞ്ചേരി, ഫാറൂഖ് പൊന്മള തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. കോട്ടക്കൽ മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി അഷ്റഫ് പുറമണ്ണൂർ സ്വാഗതവും ട്രഷറർ അബ്ദുൽ ഗഫൂർ കൊന്നക്കാട്ടിൽ നന്ദിയും പറഞ്ഞു.