ജിദ്ദ: സൗദി അറേബ്യയുടെ പ്രമുഖ വാണിജ്യ വ്യാപാര കേന്ദ്രവും ഇരു ഹറമുകളിലേക്കുള്ള പ്രവേശന കവാടവുമായ ജിദ്ദയിലേക്ക് കേരള തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ തെക്കൻ കേരളത്തിൽ നിന്നുള്ള പ്രവാസികൾ വലിയ യാത്ര ബുദ്ധിമുട്ട് അനുഭവിക്കുന്നു. മലയാളികൾ മാത്രമല്ല, തിരുവനന്തപുരം വിമാനത്താവളം ആശ്രയിക്കുന്ന തമിഴ് നാട്ടുകാരായ പ്രവാസികളും നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ യാത്ര ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പ്രവാസികൾക്കൊപ്പം ഉംറ തീർത്ഥാടകരും യാത്ര ബുദ്ധിമുട്ട് അനുഭവിക്കുന്നു.

നിലവിൽ ജിദ്ദയിലും പരിസര പ്രദേശങ്ങളിലും ജോലി ചെയ്യുന്ന തിരുവനന്തപുരം, കൊല്ലം, പത്തനം തിട്ട ഉൾപ്പെടെയുള്ള തെക്കൻ ജില്ലകാരും കന്യാകുമാരി അടക്കമുള്ള തമിഴ്‌നാട്ടുകാരും യാത്രക്ക് ആശ്രയിക്കുന്നത് ബഹ്റൈൻ വഴി പോകുന്ന ഗൾഫ് എയർ, അബുദാബി വഴി പോകുന്ന ഇത്തിഹാദ് എന്നീ വിമാന കമ്പനികളെയാണ്. അടിയന്തിരാവശ്യങ്ങൾക്ക് പോകുന്നവർ, രോഗികൾ, ഗർഭിണികൾ തുടങ്ങിയവരൊക്കെ നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.

നേരത്തെ സൗദി എയർലൈൻസ് ജിദ്ദ - തിരുവനന്തപുരം സെക്റ്ററിൽ സർവീസ് നടത്തിയിരുന്നു. വലിയ വിമാനം ആയതിനാൽ വേണ്ടത്ര യാത്രക്കാർ ഇല്ലാത്തതിനാൽ ഈ സർവീസ് നിർത്തി. എന്നാൽ ചെറിയ വിമാനം ഉപയോഗിച്ച് സർവീസ് നടത്തുന്ന എയർ ഇന്ത്യ എക്സ്‌പ്രസ്സ് തിരുവനന്തപുരം - ജിദ്ദ സർവീസ് ആരംഭിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. ഇതോടൊപ്പം ജിദ്ദയിലേക്ക് കണക്ഷൻ ഉള്ള ഫ്‌ളൈ നാസ് തിരുവനന്തപുരം - റിയാദ് സർവീസ് ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്.

നിരവധി വികസന പദ്ധതികൾ പുരോഗമിക്കുന്ന സൗദിയിലേക്ക് ജോലി, ടൂറിസം, ബിസിനസ്, തീർത്ഥാടനം തുടങ്ങിയ ആവശ്യങ്ങൾക്കായി നിരവധി മലയാളികൾ വരുന്നുണ്ട്. ആയതിനാൽ കേരള തലസ്ഥാനത്ത് നിന്നും ജിദ്ദ, റിയാദ് നഗരങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസ് അനിവാര്യമാണ്. ഈ ആവശ്യം ഉന്നയിച്ചു കഴിഞ്ഞ ആഴ്ചയിൽ ജിദ്ദയിലെത്തിയ ശശി തരൂർ എം. പി ക്ക് വിവിധ സംഘടനകൾ നിവേദനം നൽകിയിരുന്നു. നേരിട്ടുള്ള വിമാന സർവീസ്
വൈകാതെ യഥാർഥ്യമാവുമെന്നാണ് തെക്കൻ കേരളത്തിൽ നിന്നുള്ള പ്രവാസികളും ഉംറ തീർത്ഥാടകരും പ്രതീക്ഷിക്കുന്നത്.