റിയാദ്: ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യവും മതേതരത്വവും നിലനിർത്താനും ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കപ്പെടാനും 'ഇന്ത്യ' മുന്നണി കേന്ദ്രത്തിൽ അധികാരത്തിൽ വരണമെന്ന് റിയാദ് - കോട്ടക്കൽ മണ്ഡലം കെഎംസിസി എക്‌സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. ഇതിനായി ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. കേരളത്തിൽ മത സൗഹാർദ്ദം നിലനിർത്തുന്നതിൽ വലിയ സംഭാവന നൽകിയ ബഹുഭാഷ പണ്ഡിതനും വാഗ്മിയുമായ പൊന്നാനിയിലെ യു ഡി എഫ് സ്ഥാനാർത്ഥി ഡോ. അബ്ദുസ്സമദ് സമദാനി കേരളത്തിന്റെ അഭിമാനമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

നിലവിൽ കമ്മിറ്റികൾ ഇല്ലാത്ത കോട്ടക്കൽ മണ്ഡലത്തിലെ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ കെഎംസിസി കമ്മിറ്റികൾ രൂപീകരിക്കാൻ യോഗം തീരുമാനിച്ചു.

കോട്ടക്കൽ മണ്ഡലത്തിലെ പാവപ്പെട്ട രോഗികൾക്ക് ആശ്രയമായ വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ, മാറാക്കര സി. എച്ച് സെന്റർ, കോട്ടക്കൽ ശിഹാബ് തങ്ങൾ ചാരിറ്റി ട്രസ്റ്റ്, പൊന്മള സി. എച്ച് സെന്റർ എന്നിവക്ക് സാമ്പത്തിക സഹായം നൽകാനും യോഗം തീരുമാനിച്ചു.

ബത്ഹയിൽ വെച്ച് നടന്ന യോഗത്തിൽ പ്രസിഡന്റ് ബഷീർ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. ചെയർമാൻ അബൂബക്കർ സി. കെ പാറ യോഗം ഉദ്ഘാടനം ചെയ്തു. മൊയ്ദീൻ കുട്ടി പൂവ്വാട്, ദിലൈബ് ചാപ്പനങ്ങാടി, മൊയ്ദീൻ കോട്ടക്കൽ, ഫൈസൽ എടയൂർ, ഫർഹാൻ കാടാമ്പുഴ, ഹാഷിം മൂടാൽ, മജീദ് ബാവ, അബ്ദുൽ ഗഫൂർ തലകാപ്പ്, ജംഷീദ് കൊടുമുടി, മുഹമ്മദ് കല്ലിങ്ങൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.കോട്ടക്കൽ മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി അഷ്റഫ് പുറമണ്ണൂർ സ്വാഗതവും ട്രഷറർ അബ്ദുൽ ഗഫൂർ കൊന്നക്കാട്ടിൽ നന്ദിയും പറഞ്ഞു.