ദമ്മാം: ഇന്ത്യയെ ആർഎസ്എസ് മേധാവിത്വമുള്ള ഒരു ഹിന്ദു ഏകാധിപത്യ രാജ്യമാക്കി മാറ്റാനുള്ള സംഘപരിവാറിന്റെ വർഗ്ഗീയ രാഷ്ട്രീയത്തിനെതിരെ പൊരുതാൻ ഇന്ത്യൻ പൗരന്മാർക്ക് ലഭ്യമായ ഏറ്റവും ശക്തമായ ആയുധമാണ് ഗാന്ധിയൻ ആദർശങ്ങൾ എന്ന് പ്രസിദ്ധ ചരിത്രകാരനും, എഴുത്തുകാരനുമായ പി. ഹരീന്ദ്രനാഥ് പറഞ്ഞു.

നവയുഗം സാംസ്കാരികവേദി കുടുംബവേദി ദമ്മാം അൽ അബീർ ഹാളിൽ സംഘടിപ്പിച്ച 'ഹരീന്ദ്രനാഥ് മാഷിനോടൊപ്പം ഒരു സായാഹ്നം' എന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മഹാത്മാഗാന്ധിയെപ്പോലെ ഇന്ത്യയെയും ഇന്ത്യക്കാരെയും ഇത്രയധികം നന്നായി മനസ്സിലാക്കിയ മറ്റൊരു രാഷ്ട്രീയ നേതാവില്ല. ഇന്നത്തെപ്പോലെ വാർത്താവിനിമയസംവിധാനങ്ങളോ, സാങ്കേതിക വിദ്യകളോ ഇല്ലാതിരുന്ന കാലത്ത്, ഇന്ത്യൻ ജനതയെ ഒറ്റക്കെട്ടായി സ്വാതന്ത്യസമരഭൂമിയിൽ തന്റെ കീഴിൽ അണി നിർത്താൻ ഗാന്ധിജിക്ക് കഴിഞ്ഞത്, ആ കഴിവുകൾ കൊണ്ട് തന്നെയാണ് എന്ന് അദ്ദേഹം പറഞ്ഞു.

പഠിച്ചാലും പഠിച്ചാലും തീരാത്ത മഹാസമുദ്രമാണ് മഹാത്മാഗാന്ധിയുടെ ജീവിതവും, ചിന്തകളും. അവയെക്കുറിച്ചു പഠിക്കാൻ, അഞ്ചു വർഷകാലം അദ്ധ്യാപകജോലിയിൽ നിന്നും അവധിയെടുത്തു നടത്തിയ ശ്രമമായിരുന്നു ഹരീന്ദ്രനാഥിന്റെ ഏറ്റവും പുതിയ പുസ്തകമായ 'മഹാത്മാഗാന്ധി കാലവും കർമ്മപഥവും 1869 - 1915'. ആ പുസ്തകത്തിന്റെ ഒരു കോപ്പി നവയുഗം വായനവേദി ലൈബ്രറിയിലേക്ക് അദ്ദേഹം ചടങ്ങിൽ വെച്ച് കൈമാറി.

നവയുഗം കുടുംബവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് അരുൺ ചാത്തന്നൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, കുടുംബവേദി സെക്രട്ടറി ശരണ്യ ഷിബു സ്വാഗതം പറഞ്ഞു. പ്രവാസി ഫെഡറേഷൻ സംസ്ഥാന ട്രെഷറർ ടി.പി റഷീദ്, നവയുഗം കുടുംബവേദി നേതാക്കളായ സുറുമി നസീം, റിയാസ്, മീനു അരുൺ, വനിതാവേദി സെക്രട്ടറി രഞ്ജിത പ്രവീൺ എന്നിവർ സംസാരിച്ചു.

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി ഹരീന്ദ്രനാഥ് മാഷിനെ പൊന്നാടയണിയിച്ചു ആദരിച്ചു. നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ നവയുഗത്തിന്റെ ഉപഹാരം ഹരീന്ദ്ര നാഥ് മാഷിന് കൈമാറി.

പരിപാടിയോടനുബന്ധിച്ചു നവയുഗം കലാവേദിയുടെ കലാകാരന്മാർ അവതരിപ്പിച്ച വിവിധ ഗാന, നൃത്ത പരിപാടികളും അരങ്ങേറി.