- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് മതേതരത്വത്തിലാണ്: നവയുഗം സെമിനാർ
ഇന്ത്യയുടെ 76 മത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി, നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച 'മതേതരത്വം ഇന്ത്യയുടെ ആത്മാവ്' എന്ന സെമിനാർ, പ്രവാസി പങ്കാളിത്തം കൊണ്ടും, ഗൗരവമായ ചർച്ചകൾ കൊണ്ടും ശ്രദ്ധേയമായി.
നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന സെമിനാർ, നവയുഗം കേന്ദ്ര രക്ഷാധികാരി ഷാജി മതിലകം ഉത്ഘാടനം ചെയ്തു.
നവയുഗം തുഖ്ബ മേഖല രക്ഷധികാരി ജേക്കബ് ഉതുപ്പ് വിഷയാവതരണം നടത്തി. ഇന്ത്യ എന്ന രാജ്യത്തിന്റെ ആത്മാവ് കുടികൊള്ളുന്നത് അതിന്റെ മതേതരത്വ അടിത്തറയിലാണെന്നും, ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കി 'നാനാത്വത്തിൽ ഏകത്വം' എന്ന ഇന്ത്യൻ സമൂഹത്തിന്റെ ചട്ടക്കൂട് തന്നെ തകർക്കാനുള്ള സംഘപരിവാർ ശ്രമങ്ങളെ പൊരുതി തോൽപ്പിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തം ആണെന്നും വിഷയം അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ വ്യക്തിത്വങ്ങളായ അലികുട്ടി ഒളവട്ടൂർ (കെഎംസിസി), റഫീക്ക് കൂട്ടിലങ്ങാടി (ഒഐസിസി), സൈനുദീൻ (നവോദയ), പ്രവീൺ (കൈരളി ന്യൂസ്), സാജിദ് ആറാട്ടുപുഴ (മാധ്യമം), സജീഷ് പട്ടാഴി (നവയുഗം), ഹനീഫ അറബി (ഐഎംസിസി) എന്നിവർ ചർച്ചയിൽ പങ്കെടുത്തു
സൗദി അറേബ്യയുടെ കിഴക്കൻ പ്രാവശ്യയിൽ നിന്നും ഇക്കഴിഞ്ഞ ലോക കേരള സഭയിൽ പങ്കെടുത്ത അംഗങ്ങൾക്ക് നവയുഗത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണവും നൽകി. ശ്രീ പവനൻ മൂലയ്ക്കൽ, സുനിൽ മഹമ്മദ്, മാത്യു ജോസഫ്, ജമാൽ വില്യാപ്പള്ളി, നന്ദിനി മോഹൻ, സോഫിയ ഷാജഹാൻ എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.
നവയുഗം കേന്ദ്രകമ്മിറ്റി അംഗം സംഗീത സന്തോഷും, കലാവേദി ഗായകരും അവതരിപ്പിച്ച ദേശഭക്തിഗാനങ്ങൾ സെമിനാറിന് കൊഴുപ്പേകി.സെമിനാറിന് ദാസൻ രാഘവൻ സ്വാഗതവും, ഗോപകുമാർ അമ്പലപ്പുഴ നന്ദിയും പറഞ്ഞു.