ദമ്മാം: ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിന ആഘോഷ പരിപാടികളുടെ ഭാഗമായി നവയുഗം സാംസ്‌കാരിക വേദി പ്രവാസികൾക്കായി ദമ്മാമിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . ദമ്മാം അൽ അബീർ മെഡിക്കൽ സെന്ററുമായി സഹകരിച്ചു കൊണ്ടാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളിയുടെ അധ്യക്ഷതയിൽ അൽ അബീർ മെഡിക്കൽ സെന്ററിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച് നവയുഗം ജനറൽ സെക്രെട്ടറി എം എ വാഹിദ് കാര്യറ മെഡിക്കൽ ക്യാമ്പ് ഉത്ഘാടനം ചെയ്തു .

 നജ്മ, മാലിക് മകബൂൽ (അൽ അബീർ ) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഉത്ഘാടനചടങ്ങിന് ഗോപകുമാർ സ്വാഗതവും, സനു മഠത്തിൽ നന്ദിയും പറഞ്ഞു.

രാവിലെ 9:00 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് മെഡിക്കൽ ക്യാമ്പ് അരങ്ങേറിയത്. നൂറുകണക്കിന് പ്രവാസി തൊഴിലാളികൾ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു. പങ്കെടുത്ത എല്ലാവര്ക്കും ക്യാമ്പിൽ മെഡിക്കൽ പരിശോധനയും,വിദഗ്ദ ഡോക്ടർമാരുടെ സേവനവും സൗജന്യമായി നൽകി. മെഡിക്കൽ ഇൻഷുറൻസ് സംബന്ധിച്ചു പ്രശ്‌നങ്ങൾ ഉള്ളതിനാൽ ചികിത്സ മുടങ്ങിയ പ്രവാസികൾക്ക് വിദഗ്ധ ചികിത്സ ലഭിക്കാൻ ഈ ക്യാമ്പ് സഹായകമായി.

മെഡിക്കൽ ക്യാമ്പിന് നവയുഗം നേതാക്കളായ ഷാജി മതിലകം, ഷിബു കുമാർ, പ്രിജി കൊല്ലം, സാജൻ കണിയാപുരം, തമ്പാൻ നടരാജൻ, ജാബിർ മുഹമ്മദ്, റഹീം അലനല്ലൂർ, സംഗീത സന്തോഷ്, നിസാം കൊല്ലം, സന്തോഷ് ചങ്ങോലിക്കൽ, സജീഷ് പട്ടാഴി, ബിനു കുഞ്ഞു, സാബിത് അലനല്ലൂർ, രാജൻ കായംകുളം, റഷീദ് പുനലൂർ, വർഗീസ്, പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി.