ദമ്മാം :അരാജകത്വ ജീവിതവും അപരവിദ്വേഷവും അന്ധവിശ്വാസവും ജീവിതത്തിന്റെ ഭാഗമാക്കിയിരുന്ന ആറാം നൂറ്റാണ്ടിലെ ഇരുണ്ട കാലത്തെ മനുഷ്യസമൂഹത്തെ, ജീവനും ജീവിതവും നൽകിയ പ്രപഞ്ച സൃഷ്ടാവിന്റെ നിയമ സംഹിതകളിലൂടെ ഏഴാം നൂറ്റാണ്ടിൽ വിമോചനത്തിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തുകയായിരുന്നു പ്രവാചകനെന്നും സത്യ വിശ്വാസത്തിന്റെ തണലിലേക്കും പരലോക ജീവിതത്തിന്റെ ബോധത്തിലേക്കും അവർകടന്നു വന്നപ്പോൾ യഥാർത്ഥ വിമോചനം സാധ്യമായെന്നും സി . പി . ഉമർ സുല്ലമി പറഞ്ഞു.

'വിമോചനം വിശ്വാസ വിശുദ്ധിയിലൂടെ '' എന്ന ശീർഷകത്തിൽ സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്റർ ദേശീയ സമിതി നടത്തുന്ന ത്രൈ മാസ കാമ്പയിൻ വെർച്യുൽ പ്ലാറ്റ് ഫോം വഴി ദമ്മാം എസ് ഐ ഐ സി ഓഡിറ്റോറിയത്തിൽ ഉദ്ഘാടന കർമ്മം നിവഹിച്ചു സംസാരിക്കുയായിരുന്നു അദ്ദേഹം.

അന്യുന മാർഗദർശനത്തിലൂടെ മാത്രമേ വിശ്വാസ വിശുദ്ധി കരസ്ഥമാക്കാൻ കഴിയുകയുള്ളു . ഏകദൈവവിശ്വാസവും പരലോക വിശ്വാസവും കൊണ്ട് മാത്രമേ മനുഷ്യനെ എല്ലാ വിധ അധാർമ്മിക പ്രവണതകളിൽ നിന്നും ആത്മീയ ചൂഷണങ്ങളിൽ നിന്നും മോചിപ്പിക്കാൻ സാധിക്കുകയുള്ളൂവെന്നും മനുഷ്യൻ പരസ്പരം കലഹിക്കുന്നതിനു പകരം പരസ്പര ബഹുമാനവും സ്‌നേഹവും കൈമാറി നിർഭയത്വം സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു .

നവോത്ഥാനം എല്ലാ കാലങ്ങളിലും അനിവാര്യമാണെന്നും ഇത് പ്രവാചകാലം മുതൽ തുടർന്ന് വരുന്ന ഒരു മഹത്തായ കാര്യമാണെന്നും തുടർന്നും നവോത്ഥാന പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും കെ എം സി സി സൗദി ജനറൽ സെക്രട്ടറിഖാദർ ചെങ്കള അഭിപ്രായപ്പെട്ടു . പരിപാടിയിൽ നൗഷാദ് അകോലത്ത് ( നവോദയ) , ഇ കെ സലീം ( ഒ ഐ സി സി ) , നസീമുസ്സബാഹ് (ഫോക്കസ് ഇന്റർനാഷണൽ - സൗദി ) എന്നിവരും ആശംസകളർപ്പിച്ചു സംസാരിച്ചു .

മുനീർ ഹാദി എടക്കര വിമോചനം - വിശ്വാസ വിശുദ്ധിയിലൂടെ എന്ന കാമ്പയ്ൻ പ്രമേയം വിശദീകരിച്ചു.സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയ കമ്മിറ്റി പ്രസിഡന്റ് ഫാറൂഖ് സ്വലാഹിയുടെ അധ്യക്ഷത വഹിച്ചു. ഷിയാസ് മീമ്പറ്റ ഖിറാഅത്ത് നടത്തി.
കമ്പയ്ൻ ദേശീയ കൺവീനർ നൗഷാദ് എം വി എം സ്വാഗതവും ദമ്മാം സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്റർ സെക്രട്ടറി നസ്‌റുള്ള കൊല്ലം നന്ദിയും പറഞ്ഞു.കാമ്പയ്ൻ കാലയളവിൽ സ്ത്രീകൾക്കും കുട്ടികൾക്കും യുവാക്കൾക്കുമായി വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട് . സൗദിയിലെ വിവിധ ഇസ്ലാഹീ സെന്ററുകൾക്ക് കീഴിൽ മൂന്നു മാസം നീണ്ടുനിൽക്കുന്ന ആദർശ - സാമൂഹ്യ- ബോധവൽക്കരണ പരിപാടികൾക്കും ഇതോടെ തുടക്കമായി.