ജിദ്ദ: ജിദ്ദ കെഎംസിസി കോട്ടക്കൽ മണ്ഡലം കമ്മിറ്റി മക്ക - തായിഫ് പഠന യാത്ര സംഘടിപ്പിച്ചു. വിനോദവും വിജ്ഞാനവും നിറഞ്ഞ യാത്രയിൽ നിരവധി കുടുംബിനികളും കുട്ടികളും പങ്കെടുത്തു. ചരിത്ര പ്രധാന സ്ഥലങ്ങളും പ്രകൃതി സുന്ദരമായ സ്ഥലങ്ങളും കാണാൻ കഴിഞ്ഞ യാത്ര പലർക്കും നവ്യാനുഭവം ആയിരുന്നു.

വെള്ളിയാഴ്ച രാവിലെ 7 മണിക്ക് ശറഫിയ്യയിൽ നിന്നും പുറപ്പെട്ട സംഘം മക്കയിലെ ചരിത്ര പ്രധാന സ്ഥലങ്ങളായ ഹുദൈബിയ്യ, ഹജ്ജ് കർമ്മങ്ങൾ നടക്കുന്ന അറഫ, മുസ്ദലിഫ, മിന, ജംറകൾ എന്നിവയും ശേഷം ജബലുന്നൂർ, സുബൈദ കനാൽ എന്നിവയും കണ്ട് തായിഫിലേക്ക് നീങ്ങി.

തായ്ഫിൽ പ്രശസ്തമായ ഇബ്‌നു അബ്ബാസ് മസ്ജിദിൽ ജുമുഅ നമസ്‌കരിച്ചു. ശേഷം ഉമർ ഖാസി നിർമ്മിച്ച മസ്ജിദ് ഹുനൂദ്, മസ്ജിദ് അദ്ദാസ്, മീഖാത് മസ്ജിദ് എന്നിവയും സന്ദർശിച്ചു. ശേഷം തായ്ഫിൽ പ്രവാചകനുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങൾ സന്ദർശിച്ചു.

പിന്നീട് പ്രകൃതി സുന്ദരമായ വെജ് വാലി, ശഫ പർവ്വതം, മൃഗ ശാല, റുദാഫ് പാർക്ക് തുടങ്ങിയവ സന്ദർശിച്ചു. നാടിനെ ഓർമ്മിപ്പിക്കുന്ന തായ്ഫിലെ പച്ചപ്പ് നിറഞ്ഞ താഴ് വരകളും കൃഷിയിടങ്ങളും തോട്ടങ്ങളും റുദാഫ് പാർക്കിലെ രസകരമായ വാട്ടർ ഫൗണ്ടനും പ്രവാസത്തിന്റെ പിരിമുറുക്കം മാറ്റി എല്ലാവരുടെയും മനസ്സിനെ കുളിരണിയിച്ചു.

ഷെസ ഫാത്തിമ, മുഹമ്മദ് ഇദാസ്, ഹബീബ് മുത്തു, വാഹിദ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഹംദാൻ ബാബു ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. കെ. എം ഷാജി പരപ്പനാടൻ, സി. കെ കുഞ്ഞുട്ടി, ആബിദ് തയ്യിൽ എന്നിവർ ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഇവർക്കുള്ള സമ്മാനങ്ങൾ മണ്ഡലം കെഎംസിസി ഭാരവാഹികൾ വിതരണം ചെയ്തു.

ജിദ്ദ - കോട്ടക്കൽ മണ്ഡലം കെഎംസിസി ഭാരവാഹികളായ നാണി ഇസ്ഹാഖ് മാസ്റ്റർ, മൊയ്ദീൻ എടയൂർ, ജാഫർ നീറ്റുകാട്ടിൽ, അൻവർ പൂവല്ലൂർ, ഷാജഹാൻ പൊന്മള, ശരീഫ് കൂരിയാട്, ഹംദാൻ ബാബു കോട്ടക്കൽ, സി. കെ കുഞ്ഞുട്ടി, മുസ്തഫ വളാഞ്ചേരി, വി. അഹ്മദ് കുട്ടി, സമദലി വട്ടപ്പറമ്പ് തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി.