ജിദ്ദ: 'നീതി നീങ്ങുന്ന ലോകം, നീതി നിറഞ്ഞ തിരുനബി' എന്ന എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി നടത്തുന്ന ദ്വൈമാസ ക്യാമ്പയിനിന്റെ ഭാഗമായി ജിദ്ദ എസ് ഐ സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സർഗ സംഗമം 2022 വ്യത്യസ്തമായ കലാ സാഹിത്യ മത്സരങ്ങൾ കൊണ്ട് ശ്രദ്ധേയമായി. വെള്ളിയാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ ബാഗ്ദാദിയ്യയിലെ ദാറുസ്സലാം ഓഡിറ്റോറിയം, ശിഹാബ് തങ്ങൾ ഓഡിറ്റോറിയം എന്നിവിടങ്ങളിലായി ഹിറ, ഫലസ്തീൻ, ഷറഫിയ്യ, ബലദ് മേഖലകളിൽ നിന്നുള്ള പ്രവർത്തകർ മാറ്റുരച്ചു.

രാവിലെ നടന്ന ചടങ്ങിൽ പരിപാടിയുടെ ഉദ്ഘാടന കർമ്മം എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങൾ മേലാറ്റൂർ നിർവഹിച്ചു. മനുഷ്യ ജീവിതത്തിൽ കലകൾക്കും സാഹിത്യത്തിനും വലിയ പ്രാധാന്യം ഉണ്ടെന്നും എന്നാൽ അവ നന്മ വളർത്താൻ ഉതകുന്നതവണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ കൊലപാതകം അടക്കം പല തിന്മകൾക്കും പ്രേരണ നൽകുന്നത് അധാർമികമായ കലകളാണെന്നത് ഏറെ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക മൂല്യങ്ങൾ മുറുകെപ്പിടിച്ചു എസ് ഐ സി നടത്തുന്ന കലാ സാഹിത്യ മത്സരങ്ങൾ ക്ക് ഇക്കാലത്ത് വലിയ പ്രസക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അൻവർ തങ്ങൾ കൽപകഞ്ചേരി അധ്യക്ഷത വഹിച്ചു. സൽമാൻ ദാരിമി സ്വാഗതം പറഞ്ഞു.

തുടർന്ന് ബാങ്ക് വിളി, ഖിറാഅത്, ഹിഫ്ദ്, ചെറു കഥ രചന, പ്രബന്ധ രചന- മലയാളം, പ്രബന്ധ രചന- ഇംഗ്ലീഷ് , ന്യൂസ് റിപ്പോർട്ടിങ്, മലയാള പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം, മാലപ്പാട്ട്, കവിത രചന, വാർത്ത വായന, ഗാനം, ക്വിസ്, അനൗൺസ്‌മെന്റ്, പെൻസിൽ ഡ്രോയിങ്, പ്രവാസ അനുഭവം, സംഘ ഗാനം, കാലിഗ്രാഫി തുടങ്ങി വിവിധ ഇനങ്ങളിൽ മത്സരം നടന്നു. അബൂബക്കർ ദാരിമി ആലമ്പാടി, ഉസ്മാൻ എടത്തിൽ, നാസർ വെളിയംകോട്, ശിഹാബ് താമരക്കുളം, ബഷീർ മാസ്റ്റർ, യാസർ മാസ്റ്റർ, ഇബ്റാഹീം ഹുദവി, അൻവർ സാദിഖ് ഫൈസി, ഹാഫിദ് അൻവർ, മുഷ്ത്താഖ് മധുവായിൽ, ജലീൽ ഹുദവി, ജമാൽ പേരാമ്പ്ര തുടങ്ങിയവർ വിവിധ മത്സരങ്ങളിൽ വിധി കർത്താക്കളായി.

കൂടുതൽ പോയിന്റ് നേടി ഷറഫിയ്യ മേഖല ഒന്നാം സ്ഥാനം നിലനിർത്തി. ഹിറ മേഖല രണ്ടാം സ്ഥാനവും ഫലസ്തീൻ മേഖല മൂന്നാം സ്ഥാനവും നേടി. കൂടുതൽ പോയിന്റ് നേടി ഉമറുൽ ഫാറൂഖ് മൈത്ര വ്യക്തി ഗത ചാമ്പ്യനായി. മത്സരത്തിൽ ഉന്നത സ്ഥാനം നേടിയവർക്ക് ട്രോഫി, പ്രോത്സാഹന സമ്മാനം എന്നിവ എസ് ഐ സി ഭാരവാഹികൾ വിതരണം ചെയ്തു.

സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, സയ്യിദ് ദുൽഫുഖാർ ജമലു ല്ലൈലി, മുഹമ്മദ് റഫീഖ് കൂളത്ത്, സുഹൈൽ ഹുദവി, സൈനുദ്ധീൻ ഫൈസി, ജാബിർ നാദാപുരം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.