ജിദ്ദ: ജിദ്ദ കെഎംസിസി കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മദീന ചരിത്ര ഭൂമിയിലൂടെ പഠന യാത്ര സംഘടിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെ 4 മണിക്ക് ശറഫിയ്യയിൽ നിന്നും പുറപ്പെട്ട യാത്ര സംഘം 11 മണിയോടെ മദീനയിൽ എത്തി. മസ്ജിദുന്നബവിയിൽ ജുമുഅ നിസ്‌ക്കാരം നിർവഹിച്ചു. തുടർന്ന് മദീനയിലെ നിരവധി ചരിത്ര പ്രധാന സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ ശേഷം ബദർ വഴി ജിദ്ദയിൽ മടങ്ങിയെത്തി.

കുടുംബിനികളും കുട്ടികളുമടക്കം അമ്പതോളം പേർ മദീന യാത്രയിൽ പങ്കെടുത്തു. യാത്രയിൽ നടത്തിയ ക്വിസ് മത്സരം വിജ്ഞാന പ്രദമായിരുന്നു. ക്വിസ് മത്സരത്തിന് ഹംദാൻ ബാബു കോട്ടക്കൽ നേതൃത്വം നൽകി. ക്വിസ് മത്സരത്തിൽ മുഹമ്മദ് കല്ലിങ്ങൽ ഒന്നാം സ്ഥാനവും ശുഹൈമ ഷിബിലി രണ്ടാം സ്ഥാനവും മരക്കാർ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് മലപ്പുറം ജില്ല കെഎംസിസി വൈസ് പ്രസിഡന്റ് ഉനൈസ് തിരൂർ, കോട്ടക്കൽ മണ്ഡലം കെഎംസിസി ഭാരവാഹികളായ നാണി ഇസ്ഹാഖ് മാസ്റ്റർ, ഹംദാൻ ബാബു എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. അബ്ദു ഷുക്കൂർ, മുഹമ്മദ് അബാൻ, മുഹമ്മദ് നിഹാൻ എന്നിവർ യാത്രയിൽ ഗാനങ്ങൾ ആലപിച്ചു.

കേട്ടറിഞ്ഞ മദീനയിലെ ചരിത്ര പ്രധാന സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ കഴിഞ്ഞത് പ്രവാസ ജീവിതത്തിൽ ലഭിച്ച വലിയ സൗഭാഗ്യമാണെന്ന് യാത്രയിൽ പങ്കെടുത്തവർ പറഞ്ഞു. ഇതിന് നേതൃത്വം നൽകിയ കോട്ടക്കൽ മണ്ഡലം കെഎംസിസിയെ അവർ അഭിനന്ദിച്ചു. കോട്ടക്കൽ മണ്ഡലം കെഎംസിസി ഭാരവാഹികളായ നാണി ഇസ്ഹാഖ് മാസ്റ്റർ, റസാഖ് വെണ്ടല്ലൂർ, മൊയ്ദീൻ എടയൂർ, ഷാജഹാൻ പൊന്മള, വി. അഹ്മദ് കുട്ടി, ശരീഫ് കൂരിയാട്, സി. കെ കുഞ്ഞുട്ടി, സമദലി വട്ടപ്പറമ്പ് തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി.