ദമ്മാം: ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാൾ ടൂർണ്ണമെന്റിലെ ആദ്യമത്സരത്തിൽ, ലോകഫുട്‌ബോളിലെ വമ്പന്മാരായ അർജന്റീനയെ അട്ടിമറിച്ചു വിജയിച്ച സൗദി അറേബ്യൻ ടീമിനെ നവയുഗം സാംസ്കാരികവേദി കായികവേദി കേന്ദ്രകമ്മിറ്റി അഭിനന്ദിച്ചു.

ഫിഫയുടെ ലോകറാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തുള്ള ടീമാണ് അർജന്റീനിയ. തുടർച്ചയായി 36 ഇന്റർനാഷണൽ മത്സരങ്ങൾ വിജയിച്ചാണ് അവർ ഖത്തർ ലോകകപ്പിനെത്തിയത്. അവരെയാണ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്, ഫിഫ റാങ്കിങ്ങിൽ അമ്പത്തൊന്നാം സ്ഥാനം മാത്രമുള്ള സൗദി അറേബ്യ പരാജയപ്പെടുത്തിയത്. ഫുട്ബാൾ ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നാണിത്.

സാലി അല് ഷെഹ്രി, സലിം അല് ദോസരി, ഗോള്കീപ്പര് ഒവൈസി എന്നിവരുടെ മികച്ച പ്രകടനവും, ഒത്തൊരുമയോടെ കളിച്ച പ്രതിരോധനിരയുമാണ് സൗദി അറേബ്യയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത്.

ലോകഫുട്ബാളിൽ ഏഷ്യൻ രാജ്യങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ ഈ വിജയം വഴിതെളിക്കുമെന്ന് പ്രതീക്ഷിക്കാം. ഇനിയുള്ള മത്സരങ്ങളിൽ ഇന്ന് കാഴ്ച വെച്ച മികച്ച പ്രകടനം ആവർത്തിക്കാൻ സൗദി ടീമിന് കഴിയട്ടെ എന്ന് നവയുഗം കായികവേദി കേന്ദ്രകമ്മിറ്റി പ്രസിഡണ്ട് സാജൻ ജേക്കബ്ബും, സെക്രട്ടറി സന്തോഷ് ചങ്ങോലിക്കലും ആശംസിച്ചു.