- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻട്യൂഷൻ 2കെ22': റുവൈസ് ഏരിയ കെഎംസിസി പഠന ക്യാമ്പ് ശ്രദ്ധേയമായി
ജിദ്ദ: റുവൈസ് ഏരിയ കെഎംസിസി പ്രവർത്തകർക്കായി ഏക ദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. 'ഇൻട്യൂഷൻ 2കെ22' എന്ന പേരിൽ രണ്ട് സെഷനുകളായി സംഘടിപ്പിച്ച പരിപാടി വൈവിധ്യമാർന്ന ക്ളാസുകൾ കൊണ്ടും നാട്ടിൽ നിന്നെത്തിയ മുസ്ലിം ലീഗ് നേതാക്കളുടെ സാന്നിധ്യം കൊണ്ടും പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായി. അറിവും ആത്മ വിശ്വാസവും പുതിയ പ്രതീക്ഷകളും പകർന്നു നൽകിയ ക്യാമ്പ് പ്രവർത്തകർക്ക് പുത്തനുണർവ്വ് സമ്മാനിച്ചു.
ഷറഫിയ്യ ലക്കി ദർബാർ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. പുതിയ ഏരിയ കമ്മിറ്റി നിലവിൽ വന്ന ഉടനെ തന്നെ പ്രവർത്തകർക്കായി ഏക ദിന പഠന ക്യാമ്പ് സംഘടിപ്പിച്ച റുവൈസ് ഏരിയ കെഎംസിസിയെ അദ്ദേഹം അഭിനന്ദിച്ചു. കഴിഞ്ഞ കാലങ്ങളിൽ നിരവധി നല്ല പ്രവർത്തനങ്ങൾ സംഘടിപ്പിച്ച റുവൈസ് കെഎംസിസി ജിദ്ദയിലെ ഒരു മാതൃക കമ്മിറ്റിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റുവൈസ് ഏരിയ കെഎംസിസി പ്രസിഡന്റ് സയ്യിദ് മുഹ്ദാർ തങ്ങൾ കാളികാവ് അധ്യക്ഷത വഹിച്ചു.
പ്രമുഖ ചിന്തകനും എഴുത്തുകാരനും ഗ്രേസ് എഡ്യൂക്കേഷണൽ അസോസിയേഷൻ ഭാരവാഹിയുമായ പി. എ റഷീദ് ' മുസ്ലിം രാഷ്ട്രീയം പിന്നിട്ട നാൾ വഴികൾ, പ്രതീക്ഷയുടെ പുതു വഴികൾ' എന്ന വിഷയം അവതരിപ്പിച്ചു. ഇന്ത്യയിൽ രാഷ്ട്രീയ സംഘടിത ശക്തി വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ന്യുനപക്ഷ സമുദായത്തിന്റെ അവകാശം നേടിയെടുക്കാനും അഭിമാനകരമായ അസ്തിത്വത്തിനും വേണ്ടി
ഇന്ത്യ വിഭജനത്തിന് ശേഷം നേതാക്കൾ വളരെ ആലോചിച്ചു ഉണ്ടാക്കിയതാണ് മുസ്ലിം ലീഗ് പാർട്ടി എന്ന് അദ്ദേഹം പറഞ്ഞു. സമുദായത്തിന്റെ പുരോഗതി, രാജ്യത്തിന്റെ പുരോഗതി എന്ന സങ്കല്പത്തിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് മുസ്ലിം ലീഗ്. പഴയ കാല പാർട്ടി നേതാക്കൾ അണികളിൽ അഭിമാന ബോധം ഉണ്ടാക്കി. അവർ ഫ്‌ളക്‌സിലല്ല, ജന മനസ്സുകളിലാണ് സ്ഥാനം നേടിയതെന്നും അദ്ദേഹം പറഞ്ഞു.
സി. എച്ചിന്റെ പ്രഭാഷണങ്ങൾ ജനങ്ങളെ പാർട്ടിയിലേക്ക് ഏറെ ആകർഷിച്ചിരുന്നതായി അദ്ദേഹം അനുസ്മരിച്ചു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം നന്നായി മനസ്സിലാക്കിയ സി. എച്ച് മുഹമ്മദ് കോയ നിരവധി സ്‌കൂളുകൾ, കോളേജുകൾ, യൂണിവേഴ്‌സിറ്റികൾ തുടങ്ങിയവ സ്ഥാപിച്ചു. ഒരു നൂറ്റാണ്ട് കൊണ്ട് ചെയ്യേണ്ട കാര്യങ്ങൾ 56 വർഷം കൊണ്ട് ചെയ്തു തീർത്ത സി. എച്ച് അതുല്യ പ്രതിഭയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം സമുദായത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വിദ്യാഭ്യാസം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജീവ കാരുണ്യ പ്രവർത്തനം നടത്തി ചരിത്രം സൃഷ്ടിച്ച കെഎംസിസി പ്രവർത്തകർ ഭാവി തലമുറയുടെ വിദ്യാഭ്യാസത്തിനും ഒപ്പം പാർട്ടിയെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നത്തിന് ഉതകുന്ന സാഹിത്യ പ്രവർത്തങ്ങളിലും മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രവാസികൾ കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും ഇനിയും ഈ രംഗത്ത് കൂടുതൽ സംഭാവന നൽകാൻ പ്രവാസികൾ മുന്നോട്ട് വരണമെന്നും 'പ്രവാസത്തിന്റെ വിദ്യാഭ്യാസം' എന്ന വിഷയം അവതരിപ്പിച്ച ഡോ. മുജീബ് റഹ്മാൻ പറഞ്ഞു. തന്റെ കുടുംബത്തിന് വേണ്ടിയും നാടിന് വേണ്ടിയും എന്താണ് ചെയ്യാൻ കഴിയുക എന്ന് ഓരോരുത്തരും ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, സെക്രട്ടറി നാസർ മച്ചിങ്ങൽ, അഷ്റഫ് തങ്ങൾ ചെട്ടിപ്പടി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഹൈദർ ദാരിമി പ്രാർത്ഥന നടത്തി. റുവൈസ് ഏരിയ കെഎംസിസി ജനറൽ സെക്രട്ടറി മുഹമ്മദ് റഫീഖ് പന്താരങ്ങാടി സ്വാഗതവും ട്രഷറർ മുസ്തഫ ആനക്കയം നന്ദിയും പറഞ്ഞു.
ഉച്ചക്ക് ശേഷം നടന്ന രണ്ടാം സെഷൻ ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ചെയർമാൻ നിസാം മമ്പാട് ഉദ്ഘാടനം ചെയ്തു. റുവൈസ് ഏരിയ കെഎംസിസി വൈസ് പ്രസിഡന്റ് കെ എൻ എ ലത്തീഫ് അധ്യക്ഷത വഹിച്ചു. 'പ്രവാസ പ്രതിസന്ധിയും സാമ്പത്തിക അച്ചടക്കവും' എന്ന വിഷയം നസീർ വാവക്കുഞ്ഞു ആലപ്പുഴ അവതരിപ്പിച്ചു. കേരളത്തെ ഏറ്റവും സക്രിയമാക്കിയത് പ്രവാസികളാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികൾ പുതിയ തൊഴിലും സാങ്കേതിക വിദ്യകളും നേടി നിലവിലെ തൊഴിൽ പ്രതിസന്ധി മറി കടക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വീട് നിർമ്മാണം പോലുള്ള കാര്യങ്ങളിൽ ചെലവ് ചുരുക്കാനും വിദ്യാഭ്യാസം, ചികിത്സ എന്നിവക്ക് സർക്കാർ സ്ഥാപനങ്ങളെ ആശ്രയിക്കാനും തയ്യാറായാൽ പ്രവാസികളുടെ സാമ്പത്തിക പ്രതിസന്ധി മറി കടക്കാൻ കഴിയുമെന്ന് അദ്ദേഹം വിശദീകരിച്ചു.
പിന്നീട് 'നോർക്ക, പ്രവാസി ക്ഷേമനിധി' എന്നിവയെക്കുറിച്ച് അബ്ദുൽ കരീം കൂട്ടിലങ്ങാടി ക്ലാസ് എടുത്തു. നോർക്ക ഐ ഡി, ക്ഷേമ നിധി എന്നിവയെപ്പറ്റി അദ്ദേഹം വിശദീകരിച്ചു. പ്രവാസികൾ തങ്ങളുടെ വരുമാനത്തിൽ നിന്നും ഒരു നിശ്ചിത സംഖ്യ ഭാവിയിലേക്ക് വേണ്ടി മാറ്റി വെക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മുജീബ് വയനാട്, ഉമർ മലപ്പുറം എന്നിവർ ആശംസകൾ നേർന്നു. റുവൈസ് കെഎംസിസി വൈസ് പ്രസിഡന്റ് അൻവർ വണ്ടൂർ സ്വാഗതവും സെക്രട്ടറി മുഹമ്മദ് ഫിറോസ് പടപ്പറമ്പ് നന്ദിയും പറഞ്ഞു.
പഠന ക്യാമ്പിനോടാനുബന്ധിച്ചു നടന്ന കൂപ്പൺ നറുക്കെടുപ്പിൽ ജാബിർ കപ്പൻ, ജി. സദ്ദാം, ആബിദ് കൈപ്പുറം സമ്മാന ജേതാക്കളായി. ഇവർക്കുള്ള സമ്മാനങ്ങൾ പരിപാടിയിൽ വെച്ച് വിതരണം ചെയ്തു. ക്യാമ്പിന് റുവൈസ് ഏരിയ കെഎംസിസി ഭാരവാഹികൾ നേതൃത്വം നൽകി.