- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികളെ ചേർത്തു പിടിച്ച കേരള ബജറ്റ് : നവയുഗം
ദമ്മാം : പ്രവാസി വിഷയങ്ങൾക്ക് മുൻഗണന നൽകി ഒരു ബജറ്റ് അവതരിപ്പിച്ചതിൽ കേരള സർക്കാരിനെ അഭിനന്ദിക്കുന്നതായി നവയുഗം സാംസ്‌കാരിക വേദി കേന്ദ്രകമ്മിറ്റി അറിയിച്ചു.
ഒരു രൂപയുടെ സഹായം പോലും പ്രവാസികൾക്ക് അനുവദിക്കാത്ത അവഗണനയുടെ ഒരു ബഡ്ജറ്റായിരുന്നു കേന്ദ്രസർക്കാർ രണ്ടു ദിവസം മുൻപ് അവതരിപ്പിച്ചത്.
എന്നാൽ ഇന്ന് അവതരിക്കപ്പെട്ട കേരള സർക്കാറിന്റെ ബഡ്ജറ്റ് എന്തുകൊണ്ടും പ്രവാസികളെ ചേർത്ത് പിടിക്കുന്നതാണ്.
പ്രവാസികൾക്കായി വൻപദ്ധതികളാണു കെ.എൻ.ബാലഗോപാൽ ഇന്ന് കേരള നിയമസഭയിൽ അവതരിപ്പിച്ച ബഡ്ജറ്റിൽ പ്രഖ്യാപിച്ചത്.
വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന തൊഴിലാളികൾക്ക് തൊഴിൽ ലഭ്യമാക്കുന്ന നോർക്ക അസിസ്റ്റന്റ് ആൻഡ് മൊബിലൈസ് എംപ്ലോയ്മെന്റ് എന്ന പദ്ധതി മുഖേന, ഓരോ പ്രവാസി തൊഴിലാളിക്കും പരമാവധി 100 തൊഴിൽ ദിനങ്ങൾ എന്ന നിരക്കിൽ ഒരു വർഷം ഒരു ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനായി അഞ്ചു കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
മടങ്ങിയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും അവർക്ക നിലനിൽപിന് ആവശ്യമായ പുതിയ നൈപുണ്യവികസന പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനും വിവിധ പദ്ധതികളിലായി 84.60 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പ്രത്യേക പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി 25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിനായി ആകെ 50 കോടി രൂപ വകയിരുത്തിയതായും ബജറ്റിൽ പറഞ്ഞിട്ടുണ്ട്.
കുറഞ്ഞ വരുമാനമുള്ള പ്രവാസികൾക്ക് രണ്ടു ലക്ഷം രൂപ വരെയുള്ള പലിശരഹിത വായ്പ കുടുംബശ്രീ വഴി നൽകുമെന്നും, മടങ്ങി വന്ന പ്രവാസികൾക്കും മരിച്ച പ്രവാസികളുടെ ആശ്രിതർക്കും സമയബന്ധിതമായി ധനസഹായം നൽകുന്ന സാന്ത്വന പദ്ധതിക്ക് 33 കോടി രൂപ മാറ്റിവച്ചതായും, പ്രവാസി ക്ഷേമനിധി ബോർഡ് മുഖേനയുള്ള ക്ഷേമപദ്ധതികൾക്കായി 15 കോടി രൂപ വകയിരുത്തിയതായും, പ്രവാസി ഡിവിഡൻ ഫണ്ട് പ്രവർത്തനങ്ങൾക്ക് 5 കോടി അനുവദിച്ചതായും, ക്ഷേമനിധി ബോഡിന്റെ ഹൗസിങ്ങ് പദ്ധതിക്ക് ഒരു കോടിയും അനുവദിച്ചതായും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
എയർപോർട്ടുകളിൽ നോർക്ക എമർജൻസി ആംബുലൻസുകൾക്ക് 60 ലക്ഷം രൂപ വകയിരുത്തി. രണ്ടാമത്തെയും, മൂന്നാമത്തെയും ലോകകേരള സഭയുടെ പ്രായോഗികമായ നിർദേശങ്ങൾ നടപ്പാക്കുന്നതിനും, ലോകകേരളസഭയിൽ പ്രവർത്തനങ്ങൾക്കായും 2.5 കോടി രൂപയും വകയിരുത്തി.
നോർക്ക വകുപ്പിന്റെ മാവേലിക്കരയിലുള്ള അഞ്ചേക്കർ ഭൂമിയിൽ ലോകകേരള കേന്ദ്രം സ്ഥാപിക്കുന്നതിന് ഒരു കോടി രൂപ നീക്കി വച്ചിട്ടുണ്ട്.
ഐഇഎൽടിഎസ്, ഒഇടി പരീക്ഷകളുടെ പരിശീലനത്തിനുള്ള സാമ്പത്തിക സഹായം എന്ന നിലയിൽ കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്ന നോർക്ക പദ്ധതിക്ക് രണ്ട് കോടി രൂപ വകയിരുത്തി.
പ്രവാസികൾ നൽകേണ്ടി വരുന്ന ഉയർന്ന വിമാന നിരക്ക് നിയന്ത്രിക്കുന്നതിനായി 15 കോടി കോർപസ് ഫണ്ട് അനുവദിച്ചിട്ടുണ്ട്.
ഇക്കാര്യത്തിൽ പ്രവാസി അസോസിയേഷൻ, ആഭ്യന്തര വിദേശ എയർലൈൻ ഓപറേറ്റർമാർ, ട്രാവൽ ഏജൻസീസ് എന്നിവരുമായി ചർച്ച നടത്തിയെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത് ആശവഹമാണ്.
ആ സംവിധാനം നിലവിൽ വരുന്നതോടെ പ്രവാസികൾ നേരിടുന്ന ഉയർന്ന വിമാനക്കൂലി എന്ന ചൂഷണം ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയും.
എല്ലാ അർത്ഥത്തിലും പ്രവാസിക്ഷേമം മുൻനിർത്തിയ ഇത്തരം ഒരു ബജറ്റ് അവതരിപ്പിച്ച ഇടതുപക്ഷ സർക്കാരിനോട് നന്ദി പറയുന്നതായി നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യപ്പള്ളിയും, ജനറൽ സെക്രട്ടറി എം എ വാഹിദ് കാര്യറയും പ്രസ്താവനയിൽ പറഞ്ഞു.