ലശ്ശേരി ക്രിക്കറ്റ് ക്ലബ് (ടി സി സി) റിയാദ് സംഘടിപ്പിച്ച യു.പി.സി - ഐ.പി.എൽ (ഇൻഡോർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ്) രണ്ടാം സീസൺ & ഫാമിലി ഫൺ ഡേ പ്രോഗ്രാമിന് റിയാദ് യുവർപേ അർക്കാൻ കോംപ്ലക്‌സിൽ ആവേശോജ്ജ്വലമായ പരിസമാപ്തി. ആവേശകരമായ ഫൈനൽ മത്സരത്തിൽ ഗൾഫ് ലയൺ ക്രിക്കറ്റ് ക്ലബ്ബിനെ തകർത്ത് ആഥിതേയരായ ടി.സി.സി റിയാദ് ചാമ്പ്യന്മാരായി. ക്യാപ്റ്റൻ നസ്മിൽ, ടീം മാനേജർ പിസി ഹാരിസ്, വൈസ് ക്യാപ്റ്റൻ ബാസിത് എന്നിവർ ടീമിനോപ്പം ട്രോഫി സ്വീകരിച്ചു. റിയാദിലും ദമാമിലുമുള്ള പ്രമുഖ 12 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ എം.ഡബ്ല്യൂ.സി.സി യും, കറിപോട്ട് സി.ടി.എ ബ്ലാസ്റ്റേഴ്സ് എന്നീ ടീമുകളാണ് സെമിയിൽ പ്രവേശിച്ച മറ്റു രണ്ട് ടീമുകൾ.

ഫൈനലിലെ താരമായി അജ്മൽ (ഗൾഫ് ലയൺ സി.സി) അർഹനായി. മാൻ ഓഫ് ദി സീരീസ് - ഫൈസൽ (ടി.സി.സി), ബെസ്റ്റ് ബാറ്റ്‌സ്മാൻ - അർഷാദ് (ഗൾഫ് ലയൺ സി.സി), ബെസ്റ്റ് ബൗളർ - മുഫാരിസ് (ഗൾഫ് ലയൺ സി.സി), ബെസ്റ്റ് ഫീൽഡർ - റുഷ്ദി (ഗൾഫ് ലയൺ സി.സി) എന്നിവർ മറ്റ് വ്യക്തിഗത അവാർഡുകൾക്ക് അർഹരായി.

ശിങ്കാരി മേളത്തിന്റെ പൊലിമയോടെ കുരുന്ന് കുട്ടികൾ ടൂർണമെന്റിൽ പങ്കെടുത്ത മുഴുവൻ ടീമുകളെയും നിരനിരയായി ഗ്രൗണ്ടിലേക്ക് ആനയിച്ചത് ഒരു വർണക്കാഴ്ചയായിരുന്നു. ഇൻഡോർ ക്രിക്കറ്റ് ടൂര്ണമെന്റിനോടൊപ്പം ഒരുക്കിയ വിനോദ പരിപാടികളിൽ കുടുംബിനികളും കുട്ടികളും ആവേശത്തോടെ പങ്കെടുത്തു. സ്ത്രീകളുടെ ഇനത്തിൽ ഖോ ഖോ, ത്രോ ബോൾ, റിലേ എന്നിവ കൂടാതെ വൈവിധ്യമാർന്ന വിവിധ തരം ഫൺ ഗെയിംസുകളും ഒരുക്കിയിരുന്നു. കുട്ടികളുടെ ഇനത്തിൽ സ്പോർട്സ് മത്സരങ്ങളും രസകരമായ ഗെയിംസുകളും സംഘടിപ്പിച്ചു.

കൂടാതെ കുട്ടികളുടെ ഫാഷൻ ഷോ, ഡ്രിൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ് പരിപാടികളും പ്രോഗ്രാമിന് മാറ്റ് കൂട്ടി. കേരളത്തിൽ തന്നെ പേരുകേട്ട തലശേരിയുടെ രുചികരമായ ഭക്ഷണ വിഭവങ്ങൾ അണിനിരന്ന ഫുഡ് സ്റ്റാളും ആകർഷകമായി.

അമ്പത് വയസ്സിനു മേലെയുള്ളവരുടെ ആവേശകരമായ വെറ്ററൻസ് ക്രിക്കറ്റ് മത്സരത്തിൽ റമീസ് നയിച്ച ജോസ് പ്രകാശ് മുതലക്കുഞ്ഞുങ്ങൾ ടീം ഹസീബ് ഒ.വി നയിച്ച ബാലൻ കെ നായർ അങ്ങാടിപ്പയ്യൻസിനെ തോൽപിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്ക് നറുക്കെടുപ്പിലൂടെ അസബൈജാൻ ട്രിപ്പും ആകർഷകമായ വീട്ടുപകരണങ്ങൾ അടക്കമുള്ള ബമ്പർ സമ്മാനങ്ങളും ഒരുക്കിയിരുന്നു.

പ്രായഭേദമന്യേ എല്ലാവർക്കും ആനന്ദകരവും ആസ്വാദ്യകരവുമായിട്ടാണ് സംഘാടകർ ഈ മെഗാ മേളയെ ചിട്ടപ്പെടുത്തിയതും നിയന്ത്രിച്ചതും.

അഷ്റഫ് കോമത്തിന്റെ ഖിറാഅത്തോടെയാണ് പരിപാടി തുടങ്ങിയത്. തുടർന്ന് ടി.സി.സി-ഐ.പി.ൽ ഓർഗനൈസിങ് കമ്മിറ്റി പ്രസിഡന്റ് അൻവർ സാദത്ത് അധ്യക്ഷത നിർവഹിച്ചു. സൗദി ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ അബ്ദുൽ വഹീദ് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

യു.പി.സി റീജണൽ മാനേജർ മുഫ്സീർ അലി, ഫ്രണ്ടി മൊബൈൽ പ്രോഡക്റ്റ് ഹെഡ് മുഹമ്മദ് സിദ്ദീഖി, പി.എസ്.എൽ അറേബ്യ ലോജിസ്റ്റിക് ബ്രാഞ്ച് മാനേജർ ഷബീർ അലി എന്നിവരും സമ്മാനദാന ചടങ്ങുകളിൽ സന്നിഹിതരായിരിന്നു.

11 അംഗ നിർവാഹക സമിതിയുടെ നേതൃത്വത്തിൽ മുപ്പതോളം വരുന്ന ഓർഗനൈസിങ് കമ്മിറ്റി അംഗങ്ങൾ പരിപാടി നിയന്ത്രിച്ചു.