ജിദ്ദ: കേരളത്തിലെ പ്രമുഖ വ്യാപാര - വാണിജ്യ കേന്ദ്രങ്ങളായ കോഴിക്കോടിനെയും എറണാകുളത്തെയും തമ്മിൽ എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതിനും മലബാറിലെ ട്രെയിൻ യാത്ര ബുദ്ധിമുട്ട് പരിഹരിക്കാനും കുറ്റിപ്പുറം - ഗുരുവായൂർ റയിൽപ്പാത യഥാർഥ്യമാക്കണമെന്ന് ജിദ്ദ - കോട്ടക്കൽ മണ്ഡലം കെഎംസിസി വർക്കിങ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മലബാറിലെ ജനങ്ങൾക്ക് തലസ്ഥാന നാഗരിയായ തിരുവനന്തപുരത്ത് വേഗത്തിൽ എത്തിച്ചേരാൻ ഈ പാത വളരെ സഹായകരമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇതോടൊപ്പം കേരളത്തിലെ പ്രധാന തീർത്ഥടന കേന്ദ്രങ്ങളായ ഗുരുവായൂർ, കാടാമ്പുഴ എന്നിവിടങ്ങളിലേക്ക് വരുന്ന ഭക്ത ജനങ്ങൾക്കും കോട്ടക്കൽ ആര്യവൈദ്യ ശാല ഉൾപ്പെടെ നിരവധി ആശുപത്രികളിലേക്ക് ചികിത്സക്ക് വരുന്ന രോഗികൾക്കും വേഗത്തിൽ എത്തിച്ചേരാനും പ്രസ്തുത റെയിൽപാത വളരെ സഹായകരമാവുമെന്നും യോഗം അഭിപ്രായപ്പെട്ടു.

കേരളത്തിലെ യാത്ര ബുദ്ധിമുട്ട് പരിഹരിക്കാൻ കൂടുതൽ വന്ദേ ഭാരത് ട്രൈനുകൾ അനുവദിക്കണമെന്നും യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. റമദാനു ശേഷം മണ്ഡലത്തിലെ പ്രവർത്തകർക്കായി ഏക ദിന ക്യാമ്പ് നടത്താനും പഠന - വിനോദ യാത്രകൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

യോഗത്തിൽ വൈസ് പ്രസിഡന്റ് മൊയ്ദീൻ എടയൂർ അധ്യക്ഷത വഹിച്ചു. ജാഫർ നീറ്റുകാട്ടിൽ വളാഞ്ചേരി യോഗം ഉദ്ഘാടനം ചെയ്തു. ഹംദാൻ ബാബു കോട്ടക്കൽ, അൻവർ സാദത്ത് കുറ്റിപ്പുറം, ഷാജഹാൻ പൊന്മള, സൈനുദ്ധീൻ കോടഞ്ചേരി, കുഞ്ഞാലി കുമ്മാളിൽ, ശരീഫ് കൂര്യാട്, അഹ്‌മദ് കുട്ടി കാവതികുളം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും സമദലി വട്ടപ്പറമ്പ് നന്ദിയും പറഞ്ഞു.