ഹൂസ്റ്റൺ: വളരെ പക്വതയാർന്ന തിരക്കഥയും സംഭാഷണവും .... ഒരു കുളിർമഴ പോലെ ഒഴുകി നീങ്ങിയ പശ്ചാത്തല സംഗീതം .... വിയന്നയുടെ മനോഹാരിത ഒപ്പിയെടുത്ത കാമറ... മികച്ച വിഷ്വൽസ് ... എല്ലാറ്റിനുമുപരി മികവുറ്റ സംവിധാനം... ഓസ്ടിയയുടെ തലസ്ഥാനമായ വിയന്നയിലും കേരളത്തിലുമായി അണിയിച്ചൊരുക്കിയ ഈ ഹ്രസ്വചിത്രത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല.

നാട്ടിൽ നിന്നും ഉപരിപഠനത്തിനായി വിയന്നയിലെത്തിയ ഹാനിയയെന്ന ഒരു നാടൻ മുസ്ലിംപെൺകുട്ടി. യൂറോപ്പിൽ ജീവിക്കുന്ന ഒരാളെ അവൾ ആദ്യമായി കണ്ടുമുട്ടുമ്പോൾ അത് രണ്ടു സംസ്‌കാരത്തിന്റെ കൂടിച്ചേരലുകളായി. എന്തിനോ വേണ്ടി പരക്കം പായുന്ന മനുഷ്യന്റെ തിരക്കിട്ട ജീവിതവും മനുഷ്യ മനസ്സിന്റെ ഏകാന്തതയും അവന്റെയുള്ളിലെ ഒരു പിടി സ്‌നേഹവും ദൈന്യതയും ഈ ഹ്രസ്വ ചിത്രത്തിൽ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. 'ഇരുമിഴികൾ നിറയാതെ മനമുരുകി തളരാതെ ....' എന്നു തുടങ്ങുന്ന ഗാനം നമുക്കൊരു നൊസ്റ്റാൾജിക് ഫീലിങ് പകർന്നു നൽകും.

വിരസതയുളവാക്കുന്ന രംഗങ്ങളോ കഥാപാത്രങ്ങളുടെ അമിതമായ എണ്ണമോ ഇല്ലാതെ മനോഹരമായ ഒരു കഥ എങ്ങനെ ലളിതവും ഹൃദ്യവുമായി പ്രേക്ഷക മനസ്സുകളിൽ എത്തിക്കുവാൻ കഴിയുമെന്നതിന്റെ മകുടോദാഹരണമാണ് ഈ ചിത്രം.

കാറ്റിന്റെ മർമ്മരവും, അന്തരീക്ഷത്തിന്റെ നൈർമ്മല്യതയും, പൂക്കളുടെ മനോഹാരിതയും ഒപ്പിയെടുത്ത ഈ ചിത്രം ഹൃദയ സ്പർശിയായ ഒട്ടനവധി വൈകാരിക നിമിഷങ്ങൾ നിറഞ്ഞതാണ്.

കഥ, തിരക്കഥ, കാമറ, ഗാനരചന, സംവിധാനം ഇവയെല്ലാം നിർവ്വഹിച്ചിരിക്കുന്നത് മോനിച്ചൻ കളപ്പുരയ്ക്കലാണ്.

അമേരിക്കയിലെ ഹൂസ്റ്റണിൽ സ്ഥിരതാമസമാക്കിയിട്ടുള്ള കോട്ടയം ജില്ലയിലെ കൂത്രപ്പള്ളി സ്വദേശി സെന്നി പോത്തൻ ഉമ്മൻ ആണ് ഈ ചിത്രത്തിന്റെ പ്രൊഡ്യൂസർ.

മികച്ച എഡിറ്റിങ്, ഹൃദ്യമായ സംഗീതം, മികവുറ്റ അഭിനയ ചാതുര്യം ഇവയാലൊക്കെ സമ്പുഷ്ടമായ ഈ ചിത്രം ഹൃദയതലങ്ങളിലേക്ക് ചെയ്തിറങ്ങുന്ന ഒരു പുണ്യമഴയായി തീരും എന്നതിൽ തർക്കമില്ല, ചിത്രം കാണുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://youtu.be/UjAP2uvTPCs